പാർലമെൻ്റ് മന്ദിരത്തിൽ ചോരുന്ന വെള്ളം ശേഖരിക്കാൻ സ്ഥാപിച്ച ബക്കറ്റ് 
NEWSROOM

"പുറത്ത് കടലാസ് ചോർച്ച, ഉള്ളിൽ വെള്ള ചോർച്ച"; പുതിയ പാർലമെൻ്റ് മന്ദിരത്തിലെ ചോർച്ചയെ പരിഹസിച്ച് പ്രതിപക്ഷം

ഏകദേശം 1,000 കോടി രൂപ ചെലവിൽ നിർമിച്ച കെട്ടിടമാണ് മഴയിൽ ചോർന്നൊലിച്ചത്

Author : ന്യൂസ് ഡെസ്ക്

ഡൽഹിയിലെ കനത്ത മഴയിൽ പുതിയ പാർലമെൻ്റ് മന്ദിരത്തിൻ്റെ മേൽക്കൂര ചോർന്നൊലിക്കുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. ഏകദേശം 1,000 കോടി രൂപ ചെലവിൽ നിർമിച്ച കെട്ടിടത്തിൻ്റെ താഴികക്കുടമാണ് മഴയിൽ ചോർന്നൊലിച്ചത്. പിന്നാലെ ബിജെപിയെയും മോദി സർക്കാരിനെയും പരിഹസിച്ചുകൊണ്ട് പ്രതിപക്ഷവും രംഗത്തെത്തി.

"പഴയ പാർലമെൻ്റ് മന്ദിരം ഇതിനേക്കാൾ മികച്ചതായിരുന്നു, കോടിക്കണക്കിന് രൂപ ചിലവഴിച്ച് നിർമിച്ച കെട്ടിടത്തിലെ ഈ ചോർച്ച മാറുന്നത് വരെയെങ്കിലും പഴയ പാർലമെൻ്റിലേക്ക് തിരിച്ചുപൊയ്ക്കൂടെ? ഈ സർക്കാരിൻ്റെ കീഴിൽ നിർമിച്ച എല്ലാ കെട്ടിടങ്ങളിൽ നിന്നും വെള്ളം ഒലിച്ചിറങ്ങുന്നത് പ്രത്യേക രൂപകല്പനയുടെ ഭാഗമായാണോ അതോ?"

ബിജെപിയെ പരിഹസിച്ചുകൊണ്ട് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് എക്സിൽ  കുറിച്ചു.

"പുറത്ത് കടലാസ് ചോർച്ച, ഉള്ളിൽ വെള്ളം ചോർച്ച..." നീറ്റ്-യുജി പരീക്ഷാ പേപ്പർ ചോർച്ച വിവാദത്തെ പരാമർശിച്ചുകൊണ്ട് കോൺഗ്രസ് എംപി മാണിക്കം ടാഗോറും പരിഹസിച്ചു. "പുതിയ 'പാർലമെൻ്റ് ലോബിയിൽ' നിന്ന് വെള്ളം ചോരുന്നു " തെരഞ്ഞെടുപ്പ് ഫലങ്ങളിലെ ബി.ജെ.പിയുടെ വോട്ട് ചോർച്ചയെ താരതമ്യം ചെയ്തുകൊണ്ട് കൃഷ്ണനഗർ എംപി മെഹുവ മൊയ്ത്ര കുറിച്ചു. “ 1,200 കോടി രൂപ മുടക്കി നിർമിച്ച പാർലമെൻ്റ് ഇപ്പോൾ വെറും 120 രൂപയുടെ ഒരു ബക്കറ്റിനെ ആശ്രയിച്ചിരിക്കുന്നു." ആം ആദ്മി പാർട്ടിയും വിട്ടുകൊടുത്തില്ല.

താഴികക്കുടങ്ങളിൽ സൂര്യപ്രകാശം ലഭിക്കാനായി സ്ഥാപിച്ചിരിക്കുന്ന സ്ട്രിപ്പുകൾ അയഞ്ഞതാണ് ഈ ചോർച്ചക്ക് കാരണമെന്ന് ലോക്സഭാ സെക്രട്ടേറിയറ്റ് പറഞ്ഞു. പ്രശ്നം കണ്ടെത്തി ഉടനടി നടപടികൾ സ്വീകരിച്ചെന്നും കൂടുതൽ ചോർച്ച ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും സെക്രട്ടേറിയറ്റ് വ്യക്തമാക്കി. അതേസമയം ചോർച്ചയുടെ വീഡിയോയെക്കുറിച്ചോ പ്രതിപക്ഷത്തിൻ്റെ പരിഹാസത്തെക്കുറിച്ചോ മോദി സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല. ബിജെപിയുടെ തന്നെ പദ്ധതികളായ വന്ദേ ഭാരത് ട്രെയിൻ,രാമക്ഷേത്രം എന്നിവിടങ്ങളിലെ ചോർച്ചയും മുൻപ് വലിയ ചർച്ചയായിരുന്നു.

SCROLL FOR NEXT