കോട്ടയം: എഫ്സിആർഎ നിയമ ഭേദഗതിയിൽ പ്രധാനമന്ത്രി വാക്ക് പാലിച്ചില്ലെന്ന് ഓർത്തഡോക്സ് മലങ്കര സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. ഡൽഹിയിലെത്തി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നെന്നും നിയമ ഭേദഗതിയിൽ ഇടപെടാമെന്ന് പറഞ്ഞെങ്കിലും ഒന്നും ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു.
എഫ്സിആർഎ ഭേഗഗതി ബിൽ പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട സഭാധ്യക്ഷൻ സഭകളുടെ സാമൂഹിക സേവനങ്ങളെ വിസ്മരിക്കരുതെന്ന് പറഞ്ഞു. സഭാവിശ്വാസികൾ നൽകുന്ന നേർച്ചപ്പണത്തെ സംശയത്തോടെ കാണുന്നത് ശരിയല്ലെന്ന് പറഞ്ഞ അദ്ദേഹം ന്യൂനപക്ഷങ്ങളോടുള്ള സമീപനത്തിൽ മാറ്റമുണ്ടാകുന്നുണ്ടോ എന്ന് ആശങ്കപ്പെട്ടു.
മലങ്കര സഭയുടെ 3 എഫ്സിആർഎ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യപ്പെട്ടുവെന്ന് സഭാധ്യക്ഷൻ പറഞ്ഞു. പ്രധാനമന്ത്രിയെ നേരത്തെ വിഷയം അറിയിച്ചിട്ടുണ്ടെന്നും മറ്റ് സഭകളുമായി കൂടി ആലോചിച്ച് പ്രതിഷേധത്തിൻ്റെ കാര്യത്തിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.