മനീഷ് സിസോദിയ 
NEWSROOM

"ബാബാസാഹിബിനോട് കടപ്പെട്ടിരിക്കുന്നു"; ആം ആദ്മി പാര്‍ട്ടി നേതാവ് മനീഷ് സിസോദിയ ജയില്‍ മോചിതനായി

ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാരില്‍ വിദ്യാഭ്യാസം അടക്കമുള്ള പ്രധാനപ്പെട്ട വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന സിസോദിയയെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ജയിലിനു വെളിയില്‍ സ്വീകരിച്ചു

Author : ന്യൂസ് ഡെസ്ക്

ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ തടവിലായിരുന്ന  ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ മനീഷ് സിസോദിയ ജയിൽ മോചിതനായി. തിഹാര്‍ ജയിലില്‍ നിന്നും വെള്ളിയാഴ്ച വൈകിട്ടായിരുന്നു സിസോദിയ പുറത്തിറങ്ങിയത്. വെള്ളിയാഴ്ച രാവിലെയാണ് സിസോദിയയ്ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്.

 ജയിലിനു പുറത്ത് സിസോദിയയ്ക്ക് വൻ സ്വീകരണമാണ് പാർട്ടി പ്രവർത്തകർ നൽകിയത്. ആം ആദ്മി സര്‍ക്കാരില്‍ വിദ്യാഭ്യാസം അടക്കമുള്ള പ്രധാനപ്പെട്ട വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന മന്ത്രിയായിരുന്നു മനീഷ് സിസോദിയ. 

ഭരണഘടനയുടെ ശിൽപി ബി.ആർ. അംബേദ്കറിനോട് കടപ്പെട്ടിരിക്കുന്നുവെന്ന് പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവേ സിസോദിയ പറഞ്ഞു. 

"ഇന്ന് രാവിലെ ഈ ഓര്‍ഡര്‍ വന്നപ്പോള്‍ മുതല്‍ എന്‍റെ ശരീരത്തിലെ ഓരോ ഇഞ്ചും ബാബാസാഹിബിനോട് കടപ്പെട്ടിരിക്കുന്നതായി തോന്നി. ബാബാസാഹിബിനോടുള്ള കടം എങ്ങനെ വീട്ടുമെന്ന് അറിയില്ല". ഭരണഘടനയുടെ ബലത്തില്‍ അരവിന്ദ് കെജ്‌രിവാളും ജയില്‍ മോചിതനാകുമെന്നും സിസോദിയ കൂട്ടിച്ചേര്‍ത്തു.

എട്ടാമത്തെ ഹർജിയിലാണ് സിസോദിയക്ക് ജാമ്യം ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ആരോഗ്യനില മോശമായ ഭാര്യയെ സന്ദര്‍ശിക്കാന്‍ സിസോദിയക്ക് അനുമതി ലഭിച്ചിരുന്നു.  സിസോദിയയുടെ അറസ്റ്റിനു പിന്നാലെ മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്‌രിവാളിനെയും കേന്ദ്ര ഏജന്‍സികള്‍ അറസ്റ്റ് ചെയ്തിരുന്നു. ഇഡിയുടെ കേസില്‍ ജാമ്യം ലഭിച്ചെങ്കിലും സിബിഐ കേസുള്ളതിനാല്‍ കെജ്‌രിവാള്‍ ജയിലില്‍ തുടരുകയാണ്.


വിചാരണ നടപടികള്‍ വൈകുന്ന സാഹചര്യത്തിലാണ് സുപ്രീം കോടതി സിസോദിയക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. പാസ്‌പോര്‍ട്ട് ഹാജരാക്കണം, എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കരുത് എന്നിങ്ങനെയാണ് ജാമ്യ വ്യവസ്ഥകള്‍. ജസ്റ്റിസുമാരായ ബി.ആര്‍ ഗവായ്, കെ.വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.

വിവാദ മദ്യനയ കേസിൽ ആദ്യം സിബിഐയും പിന്നാലെ ഇഡിയും സിസോദിയയ്‌ക്കെതിരെ കേസെടുത്തു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 26 മുതല്‍ തിഹാര്‍ ജയിലിലായിരുന്നു സിസോദിയ.

SCROLL FOR NEXT