NEWSROOM

നവജാത ശിശുവിൻ്റെ മരണം: ഡോക്ടറുടെ വെളിപ്പെടുത്തലിന് പിന്നാലെ യുവതിയുടെ മൊഴി രേഖപ്പെടുത്തി പൊലീസ്

യുവതിയുടെ ആരോഗ്യ സ്ഥിതി മോശമായതിനാൽ ആശുപത്രിയിൽ എത്തിയാണ് പോലീസ് മൊഴി എടുത്തത്

Author : ന്യൂസ് ഡെസ്ക്


നവജാത ശിശുവിന്റെ മൃതദേഹം രഹസ്യമായി മറവ്‌ ചെയ്ത കേസിൽ യുവതിയെ ചികിത്സിച്ച ഡോക്ടർ നൽകിയ നിർണായക വെളിപ്പെടുത്തലിൽ യുവതിയുടെ മൊഴി രേഖപ്പെടുത്തി പൊലീസ്. പ്രസവ ശേഷം കുട്ടി കരഞ്ഞിരുന്നെന്നും, ഗർഭാവസ്ഥ ആൺ സുഹൃത്തിന് അറിയില്ലായിരുന്നുവെന്നും യുവതി പറഞ്ഞെന്നായിരുന്നു ഡോക്ടറുടെ മൊഴി. ഇതിന് പിന്നാലെയാണ് പൊലീസ് ആശുപത്രിയിലെത്തി യുവതിയുടെ മൊഴി എടുത്തത്.

യുവതി ചികിത്സയിലുള്ള ഏറണാകുളം സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ ആണ് നിർണായക വിവരം പൊലീസിന് കൈമാറിയത്. പ്രസവ സമയത്ത് കുഞ്ഞു കരഞ്ഞതായി യുവതി ഡോക്ടറോട് വെളിപ്പെടുത്തി എന്നാണ് ഡോക്ടർ നൽകിയ മൊഴിയിലുള്ളത്. കഴിഞ്ഞ ദിവസം നടന്ന പോസ്റ്റുമോർട്ടത്തിൽ കുഞ്ഞിന്റെ മൃതദേഹം ജീർണിച്ചതിനാൽ മരണ കാരണം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. സാഹചര്യ തെളിവുകൾ നിർണായകമായ കേസിൽ ഡോക്ടറുടെ മൊഴി പ്രധാനമാണ്.

ALSO READ: നവജാത ശിശുവിൻ്റെ മരണം: ഡോക്ടറുടെ നിർണായക മൊഴി പുറത്ത്, കുഞ്ഞിനെ കൈമാറിയത് മരണശേഷമെന്ന് നിഗമനം

ഈ മാസം ഏഴാം തീയതി പുലർച്ചെ ഒന്നരയോടെയാണ് യുവതി പ്രസവിച്ചത്, കുഞ്ഞിനെ എട്ടാം തീയതി പുലർച്ചെയാണ് ആൺ സുഹൃത്തിന് കൈമാറിയത്. ഇതോടെ മരണ ശേഷമാണോ കുഞ്ഞിനെ കൈമാറിയതെന്നാണ് പോലീസ് സംശയിക്കുന്നത്. താൻ ഗർഭിണിയായിരുന്നു എന്ന് സുഹൃത്തിന് അറിയില്ലായിരുന്നു എന്നും യുവതി പോലീസിനോട് പറഞ്ഞു. കുട്ടി പൂര്‍ണ വളർച്ച എത്തിയിരുന്നതായി ഫോറൻസിക് വിഭാഗം സ്ഥിരീകരിച്ചിരുന്നു.

പ്രസവ ശേഷം കുഞ്ഞിനെ വീട്ടിൽ പലയിടത്തായി സൂക്ഷിച്ചു എന്നാണ് യുവതിയുടെ മൊഴി. മതിയായ ചികിത്സ ലഭിക്കാത്തതാണോ അതോ കുഞ്ഞിനെ അപായപ്പെടുത്തിയതാണോ എന്നറിയാൻ യുവതി കൂടുതൽ ചോദ്യം ചെയ്യും. യുവതിയുടെ ആരോഗ്യ സ്ഥിതി മോശമായതിനാൽ ആശുപത്രിയിൽ എത്തിയാണ് പോലീസ് മൊഴി എടുത്തത്.

SCROLL FOR NEXT