NEWSROOM

പ്രധാനമന്ത്രിയുടെ വയനാട് സന്ദർശനം: കേരളത്തിനു മാത്രം ഗവേഷണത്തിൻ്റെ ആവശ്യമെന്തെന്ന് തോമസ് ഐസക്

വയനാടിൻ്റെ പുനരധിവാസം സമഗ്രമായിരിക്കണം. കഴിഞ്ഞ പുനരധിവാസങ്ങളിൽ നിന്ന് പാഠം പഠിക്കേണ്ടതുണ്ട്

Author : ന്യൂസ് ഡെസ്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വയനാട് സന്ദർശത്തിന് പിന്നാലെ പാക്കേജ് പ്രഖ്യാപിക്കാത്തതിൽ രോഷം പ്രകടിപ്പിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ടി.എം. തോമസ് ഐസക്. ബാക്കിയുള്ള സംസ്ഥാനങ്ങളിൽ സന്ദർശന സമയത്ത് തന്നെ പാക്കേജ് പ്രഖ്യാപിക്കുന്നു. കേരളത്തിനു മാത്രം ഗവേഷണത്തിൻ്റെ ആവശ്യമെന്തെന്നും തോമസ് ഐസക് ആരാഞ്ഞു. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കേന്ദ്രത്തിൻ്റെ സഹായം നിശ്ചയമായും ആവശ്യമാണ്. വയനാടിൻ്റെ പുനരധിവാസം സമഗ്രമായിരിക്കണം. കഴിഞ്ഞ പുനരധിവാസങ്ങളിൽ നിന്ന് പാഠം പഠിക്കേണ്ടതുണ്ടെന്നും, പുനരധിവാസ പദ്ധതിക്കുള്ള എസ്റ്റിമേറ്റ് കേരള സർക്കാർ തയാറാക്കണമെന്നും തോമസ് ഐസക് പറഞ്ഞു.

ഇന്നലെ വയനാട്ടിലെത്തിയ നരേന്ദ്ര മോദി ദുരന്തത്തെ ഒറ്റക്കെട്ടായി നേരിടുമെന്ന് പറഞ്ഞിരുന്നു. ദുരന്തബാധിതരുടെ സ്വപ്‌നങ്ങൾ തകരാതെ നോക്കേണ്ടത് നമ്മുടെ സാമൂഹിക ഉത്തരവാദിത്തമാണെന്നും, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അവർക്കൊപ്പമുണ്ടെന്നും മോദി വ്യക്തമാക്കിയിരുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഹായിക്കാൻ സാധ്യമായ എല്ലാ പിന്തുണയും കേന്ദ്രം ഉറപ്പുനൽകുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

എന്നാൽ, നിവേദനം പഠിച്ച ശേഷം പാക്കേജ് പ്രഖ്യാപിക്കുമെന്നാണ് മോദി പറഞ്ഞത്. ഇതിനെതിരെയാണ് തോമസ് ഐസക് രംഗത്തെത്തിയത്. ബാക്കിയുള്ള സംസ്ഥാനങ്ങളിൽ സന്ദർശന സമയത്ത് പാക്കേജ് പ്രഖ്യാപിക്കുന്ന മോദി എന്തുകൊണ്ടാണ് കേരളത്തിനു മാത്രം ഗവേഷണം നടത്തിയ ശേഷം പ്രഖ്യാപിക്കുമെന്ന് പറഞ്ഞത്. ഇത് കേരളത്തോടുള്ള അവഗണനയുടെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വ്യോമസേനയുടെ ഹെലികോപ്റ്ററിൽ ദുരന്തഭൂമിയിൽ ആകാശ നിരീക്ഷണം നടത്തിയ ശേഷമാണ് മോദി ചൂരൽമലയിലെത്തിയത്. കൽപ്പറ്റയിലെ എസ്.കെ.എം.ജെ സ്കൂൾ മൈതാനത്തെ ഹെലിപാഡിൽ  ഇറങ്ങിയതിനു ശേഷം റോഡ് മാർഗമാണ് ചൂരൽമലയിലെത്തിച്ചേർന്നത്. നിശ്ചിത സമയത്തിൽ നിന്നും ഒരു മണിക്കൂർ 40 മിനിറ്റ് വൈകിയാണ് പ്രധാനമന്ത്രി വയനാട്ടിൽ നിന്നും തിരിച്ചത്. ഹെലികോപ്റ്റർ വഴി കണ്ണൂരിലെത്തുന്ന പ്രധാനമന്ത്രി കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്ക് മടങ്ങുകയായിരുന്നു.

SCROLL FOR NEXT