ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ, നിരവധി പേരാണ് തങ്ങൾ നേരിട്ട അതിക്രമത്തെക്കുറിച്ച് തുറന്ന് പറഞ്ഞെത്തിയത്. ഇതിനെല്ലൊം പിന്നിൽ ആക്രമിക്കപ്പെട്ട നടിയുടെ പോരാട്ട വീര്യമാണെന്ന് ഓർമിപ്പിക്കുകയാണ് നടി രമ്യ നമ്പീശൻ. അൻ്റോണിയോ ഗ്രാംഷിയുടെ വാക്കുകൾ ഉദ്ധരിച്ചായിരുന്നു സമൂഹ മാധ്യമത്തിലൂടെ രമ്യയുടെ പ്രതികരണം.
"ഈ ലോകം, ഇവിടെ ജനിച്ച എല്ലാവർക്കും ഒരുപോലെ അവകാശപ്പെട്ടതാണ്. ആത്മാഭിമാനത്തോടെ ഇവിടെ ജീവിക്കാനുള്ള സാഹചര്യം ആരുടേയും ഔദാര്യമല്ലെന്നും, അത് നമ്മുടെ ഓരോരുത്തരുടെയും അവകാശമാണ് എന്നും സ്വന്തം ജീവിതത്തിലൂടെ കാണിച്ചു തന്ന എൻ്റെ പ്രിയ സുഹൃത്തിൽ നിന്നാണ് ഇതിൻ്റെ തുടക്കം. സത്യം പറഞ്ഞാൽ വിപ്ലവമാണ്," എന്നായിരുന്നു രമ്യ പങ്കുവെച്ച വാക്കുകൾ.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ രണ്ട് സ്ത്രീകളുടെ വെളിപ്പെടുത്തലില്‍, മലയാള സിനിമാ ലോകത്തെ രണ്ട് പ്രമുഖർക്കാണ് ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ നിന്ന് രാജിവെച്ച് ഒഴിയേണ്ടി വന്നത്. നടി രേവതി സമ്പത്തിൻ്റെ ലൈംഗികാരോപണത്തിൽ 'AMMA' ജനറൽ സെക്രട്ടറി സ്ഥാനം സിദ്ദിഖും, ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിൽ ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനം സംവിധായകൻ രഞ്ജിത്തിനും ഒഴിയേണ്ടി വന്നു.