ആണ്‍കൂട്ടങ്ങള്‍ നിറഞ്ഞു നിന്നിരുന്ന മലയാള സിനിമയ്ക്ക് പെണ്‍ കരുത്തിന്റെ തിരിച്ചടി കൂടിയാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്
മലയാള സിനിമ മാറ്റത്തിന്റെ പാതയിലാണോ? ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനുപിന്നാലെ, നടക്കുന്ന തുറന്നുപറച്ചിലുകള്‍ കാലങ്ങളായുള്ള നിശബ്ദതയുടെ അവസാനമാണെന്ന് വേണമെങ്കില്‍ പറയാം. പക്ഷേ, ഒരിക്കലും മറക്കരുതാത്ത ഒരു കാര്യമുണ്ട്. ഇതിനെല്ലാം കാരണം ഒരു സ്ത്രീയാണ്. മലയാള സിനിമയില്‍ മാറ്റങ്ങള്‍ക്ക് തുടക്കമിടാന്‍ ഒരു നടി ആക്രമിക്കപ്പെടേണ്ടി വന്നുവെന്നത് തികച്ചും ദൗര്‍ഭാഗ്യകരമാണ്. എന്നാല്‍, അതിജീവിതയെന്നു പറഞ്ഞ് മുന്നോട്ടുവരാനും പോരാട്ടം തുടരാനും അവര്‍ കാണിച്ച ധൈര്യത്തിന്റെ ബാക്കിയാണ് ഇപ്പോഴത്തെ അലയൊലികള്‍.
2017ലാണ് നടി ആക്രമിക്കപ്പെടുന്നത്. ഒരു നടി അതി ക്രൂരമായി ആക്രമിക്കപ്പെടുക. പിന്നാലെ മലയാള സിനിമയിലെ അഭിനേതാക്കള്‍ ഒത്തുകൂടി അക്കാര്യത്തില്‍ ഖേദം പ്രകടിപ്പിക്കുക. എന്നാല്‍ സംഭവത്തില്‍ ഒരു നടന്‍ കുറ്റാരോപിതനാണെന്ന് അറിഞ്ഞപ്പോള്‍ അയാളെ സംഘടനയില്‍നിന്നും പുറത്താക്കുന്നതിനു പകരം സംരക്ഷിക്കാന്‍ ശ്രമിക്കുക. ഏതൊരു സ്ത്രീയും ആക്രമിക്കപ്പെടുമ്പോഴുള്ള പതിവ് ചടങ്ങുകള്‍ക്ക് ഇവിടെയും മാറ്റമുണ്ടായിരുന്നില്ല. പക്ഷേ, ചില സ്ത്രീകള്‍ ചട്ടക്കൂടുകളില്‍നിന്ന് പുറത്തുവന്നു. AMMAയില്‍ നിന്നും പുറത്തുപോയ നടിമാര്‍ക്കൊപ്പം, ഒരു സംഘം സ്ത്രീകള്‍ ഡബ്ല്യു.സി.സി എന്ന കളക്റ്റീവ് രൂപീകരിച്ചു. അത് ഒരു തുടക്കമായിരുന്നു. ഇപ്പോള്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്ന സാഹചര്യത്തില്‍ ഏറ്റവും അധികം അഭിനന്ദിക്കപ്പെടേണ്ടതും ഡബ്ല്യു.സി.സിയുടെ ഇടപെടലുകള്‍ തന്നെയാണ്. സ്വന്തം തൊഴില്‍ പോലും പ്രതിസന്ധിയിലാക്കിയാണ് അവര്‍ അതിജീവിതയ്ക്കൊപ്പം നിന്നത്.
നടി ആക്രമിക്കപ്പെട്ട സംഭവം, അതിജീവിതയുടെ നിയമപോരാട്ടം, ഡബ്ല്യു.സി.സി ഇവയായിരുന്നു മലയാള സിനിമാ വ്യവസായം ഒട്ടും സ്ത്രീ സൗഹാര്‍ദമല്ലെന്ന പരസ്യമായ രഹസ്യം പുറത്തുവരാനുള്ള കാരണങ്ങള്‍. ഇരയെന്ന പരിവേഷവുമായി മാറിനില്‍ക്കേണ്ടവളല്ല താനെന്ന ബോധ്യമായിരുന്നു ആക്രമിക്കപ്പെട്ട നടിയെ പൊതുമധ്യത്തില്‍ എത്തിച്ചത്. സാഹചര്യങ്ങള്‍ തുറന്നുപറഞ്ഞ നടി നിയമപോരാട്ടത്തിന് സ്വയം തയ്യാറെടുത്തു. മനസാക്ഷിയുള്ള പൊതുസമൂഹം ഒപ്പംനിന്നു. അഭിനേതാക്കളുടെ സംഘടനയും നേതൃത്വവും അപ്പോള്‍ 'ഇരയ്‌ക്കൊപ്പം നിന്നുകൊണ്ട് പ്രതിയായ സുഹൃത്തിനുവേണ്ടി പ്രാര്‍ത്ഥന'യിലായിരുന്നു. അഭിനേതാക്കള്‍ പക്ഷം തിരിഞ്ഞു. അതിജീവിതയ്‌ക്കൊപ്പം നിന്നവര്‍ക്കും, പിന്തുണച്ചവര്‍ക്കും സിനിമയില്‍ അവസരം കുറയുന്നതും കാണാനായി. സൈബറിടങ്ങളിലെ ആക്രമണങ്ങളായിരുന്നു ഏറെ ക്രൂരം. വാക്കുകളിലൂടെ വീണ്ടും വീണ്ടും നടിയെ ആക്രമിക്കാന്‍ കച്ചകെട്ടിയവര്‍ ഏറെയുണ്ടായിരുന്നു. നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ പരതിനടന്നവരും കുറവല്ലായിരുന്നു.
ALSO READ : ഇത് ട്രെയ്‌ലര്‍ മാത്രം; ആണഹന്തകളുടെ മുട്ടുകാലൊടിക്കാന്‍ പ്രാപ്തിയുള്ളതാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്
പ്രതിയാക്കപ്പെട്ട നടന്‍ സഹപ്രവര്‍ത്തകരുടെ വാഴ്ത്തിപ്പാടലുകള്‍ക്കിടെ, താരാരാധനയില്‍ മുങ്ങി സിനിമയില്‍ സജീവമാകുമ്പോഴായിരുന്നു നടി ഇത്തരത്തില്‍ വീണ്ടും വീണ്ടും ആക്രമികപ്പെട്ടുകൊണ്ടിരുന്നത്. അതിലൊന്നും തളരാന്‍ അവര്‍ ഒരുക്കമല്ലായിരുന്നു. മുന്നോട്ട് എന്നതായിരുന്നു അവരുടെ നിലപാട്. 'എന്തു കിട്ടിയാലും എന്നെ വേദനിപ്പിക്കുന്ന ചിലരുണ്ട്. അവരോട് എനിക്കൊന്നും പറയാനില്ല. അധിക്ഷേപിക്കുന്നതിലും അസഭ്യം പറയുന്നതിലുമാണ് അവരുടെ സന്തോഷം. അവര്‍ക്ക് അതിലൂടെ സുഖവും സന്തോഷവും കിട്ടുന്നുവെങ്കില്‍ കിട്ടട്ടെ...' എന്നായിരുന്നു സൈബറിടത്തെ ആക്രമങ്ങളോട് അവര്‍ പ്രതികരിച്ചത്. ഒരു സ്ത്രീയെ ആക്രമിച്ച് സുഖമായി കടന്നുകളയാം എന്ന ആണ്‍ അഹങ്കാരത്തിന്റെ മുച്ചൂടും അവര്‍ മുടിച്ചുകളഞ്ഞു. നടിയുടെ ആര്‍ജവം മറ്റു സ്ത്രീകള്‍ക്കും മുന്നോട്ടുവരാന്‍ പ്രചോദനമായി. ഇന്ന്, സിദ്ദീഖ് മുതല്‍ പടവെട്ടിന്റെ സംവിധായകന്‍ ലിജു കൃഷ്ണ വരെ നീണ്ടു നില്‍ക്കുന്നു മലയാള സിനിമയില്‍ ലൈംഗിക ആരോപണം ഉന്നയിക്കപ്പെട്ട ആളുകള്‍. സിദ്ദീഖിന് AMMAയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവയ്‌ക്കേണ്ടിവന്നു. ഇടതു സഹയാത്രികനായ സംവിധായകന്‍ രജ്ഞിത്തിന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവയ്‌ക്കേണ്ടിവന്നു. മുകേഷ്, റിയാസ് ഖാന്‍, അലന്‍സിയര്‍, വിജയ് ബാബു എന്നിങ്ങനെ ചിലര്‍ക്കെതിരെ ആരോപണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. തുടര്‍ നടപടികള്‍ വൈകുന്നുവെന്ന് മാത്രം.
പോഷ് ആക്ട് പ്രകാരം എല്ലാ തൊഴിലിടത്തിലും ഐ.സി.സി (ആഭ്യന്തര പരാതി പരിഹാര സമിതി) നിര്‍ബന്ധമാണ്. എന്നാല്‍ മലയാള സിനിമയില്‍ മാത്രം അക്കാര്യം നടപ്പാക്കിയിരുന്നില്ല. അതിനും മാറ്റം കൊണ്ടുവന്നത് ഡബ്ല്യു.സി.സിയാണ്. മലയാള സിനിമയിലെ എല്ലാ സെറ്റുകളിലും ആഭ്യന്തര പരാതി പരിഹാര സമിതി വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. എന്നാല്‍ അത് കൃത്യമായി നടപ്പാക്കുന്നത് വളരെ ചുരുക്കം സെറ്റുകളില്‍ മാത്രമാണ് എന്നതാണ് സത്യം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതോടെ അതിനും മാറ്റം വരുമെന്ന് പ്രതീക്ഷിക്കാം. എന്തായാലും മലയാള സിനിമ മാറ്റത്തിന്റെ പാതയിലാണ്. ഒരു ശുദ്ധികലശം, അതാണ് മലയാള സിനിമയില്‍ ഇപ്പോള്‍ നടക്കുന്നതെന്ന് പറയാം. ആണ്‍കൂട്ടങ്ങള്‍ നിറഞ്ഞു നിന്നിരുന്ന മലയാള സിനിമയ്ക്ക് പെണ്‍ കരുത്തിന്റെ തിരിച്ചടി കൂടിയാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്.