NEWSROOM

രഞ്ജിത്ത് രാജി വെച്ചത് ഔചിത്യത്തിന്റെ പേരില്‍, സമ്മര്‍ദ്ദത്തിന്റെ പുറത്താണെന്ന് കരുതുന്നില്ല : രണ്‍ജി പണിക്കര്‍

സിനിമ മേഖലയില്‍ മാത്രമല്ല എല്ലാ മേഖലകളിലും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ നടക്കുന്നുണ്ടെന്നും രണ്‍ജി പണിക്കര്‍ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്


ലൈംഗികാരോപണത്തിന്റെ പേരില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് സംവിധായകന്‍ രഞ്ജിത്ത് രാജി വെച്ചത് ഔചിത്യത്തിന്റെ പേരിലാണെന്ന് നടനും തിരക്കഥാകൃത്തുമായ രണ്‍ജി പണിക്കര്‍. സിനിമ മേഖലയില്‍ മാത്രമല്ല എല്ലാ മേഖലകളിലും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ നടക്കുന്നുണ്ടെന്നും രണ്‍ജി പണിക്കര്‍ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കവെയാണ് രണ്‍ജി പണിക്കരുടെ പ്രതികരണം.


രണ്‍ജി പണിക്കര്‍ പറഞ്ഞത് :

എല്ലാ മേഖലകളിലും സമാനമായ സംഭവങ്ങള്‍ നടക്കുന്നുണ്ട്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളുണ്ട്. ലിംഗപരമായ വിവേചനങ്ങളുണ്ട്. സിനിമയിലെ ഇങ്ങനെയൊരു റിപ്പോര്‍ട്ട് വന്നതിന് ശേഷം അത് കൂടുതല്‍ ജനശ്രദ്ധയിലും മാധ്യമശ്രദ്ധയിലും വരുന്നു. തീര്‍ച്ചയായും അനഭിലേഷണീയമായ ഒരുപാട് കാര്യങ്ങള്‍ സംഭവിക്കുന്നു എന്നുള്ളതിലേക്ക് നമ്മുടെ ശ്രദ്ധ ആകര്‍ഷിക്കുന്ന വിഷയങ്ങളാണ്. അതിലെ യാഥാര്‍ഥ്യമെന്താണ് ആരോപണ സ്വഭാവം മാത്രമുള്ളതെന്താണെന്നൊക്കെ ഇനിയുള്ള ദിവസങ്ങളിലാണ് നമ്മള്‍ തിരിച്ചറിയുന്നത്.

ഇത്തരം വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അല്ലെങ്കില്‍ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ എന്ത് നിയമപരമായ നടപടികള്‍ക്കാണ് സാധ്യതയുള്ളത് എന്ന് പരിശോധിക്കാനുള്ള ഭരണകൂഢം ഇവിടെയുണ്ട് നീതിന്യായ സംവിധാനം ഇവിടെയുണ്ട്. അത് അതിന്റേതായ നിലയ്ക്ക് മുന്നോട്ട് പോകുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. രഞ്ജിത്തിന്റെ രാജി അഭികാമ്യമാണെന്ന് രഞ്ജിത്തിന് തോന്നിയതുകൊണ്ടായിരിക്കുമല്ലോ അദ്ദേഹം രാജി വെച്ചത്. രാജി ഒരു സമ്മര്‍ദ്ദത്തിന്റെ പുറത്താണെന്ന് ഞാന്‍ കരുതുന്നില്ല. ഒരു ഔചിത്യത്തിന്റെ പേരില്‍ തന്നെയായിരിക്കുമല്ലോ അദ്ദേഹം രാജി വെച്ചത്. അദ്ദേഹം അതില്‍ കടിച്ചുതൂങ്ങാന്‍ ശ്രമിക്കാത്തടത്തോളം അദ്ദേഹം അങ്ങനെ തീരുമാനിച്ചു എന്ന് വേണം മനസിലാക്കാന്‍.

ഇത്തരം പ്രവണതകള്‍ ഉണ്ടെങ്കില്‍ അത് സിനിമ മേഖല എന്നല്ല ഏത് മേഖലയിലാണെങ്കിലും മാറണം. അതില്‍ സംശയമില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍മേല്‍ പല തലത്തില്‍ നടപടികള്‍ ഉണ്ടാകണം. ഇപ്പോള്‍ അത് കോടതിയുടെ പരിഗണനയിലാണ്. കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് വേണ്ടി സര്‍ക്കാര്‍ ഒരു പക്ഷെ കാത്തുനില്‍ക്കുകയാണ്. സര്‍ക്കാര്‍ അതിന് വേണ്ട നിയമോപദേശങ്ങള്‍ തേടുന്നുണ്ടാകും. എടുത്ത് ചാടിയുള്ള നടപടികള്‍ അല്ല വേണ്ടത്. സമഗ്രമായ പഠനത്തിന് ശേഷം വ്യക്തമായ നടപടികള്‍ ബന്ധപ്പെട്ട സംഘടനകള്‍ സര്‍ക്കാര്‍ നമ്മുടെ നീതി ന്യായ സംവിധാനങ്ങള്‍ എല്ലാം തന്നെ അതിനെ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കേണ്ട ബാധ്യതയുണ്ട്.

ALSO READ : ജഗദീഷ്-സിദ്ദീഖ്: നിലപാടുകളിലെ അന്തരം; വാക്കേറ്റത്തിന് നീണ്ട ചരിത്രം


ഏത് മേഖലകളിലാണെങ്കിലും ഇത്തരം ആരോപണങ്ങള്‍ അഭിമാനക്ഷതം ഉണ്ടാക്കുന്നതാണ്. തീര്‍ച്ചയായും സിനിമ വലിയ ജനശ്രദ്ധ ആകര്‍ഷിക്കുന്ന ഒരു മേഖലയാണ്. ഒരു പക്ഷെ മറ്റുപലതിനെയും അപേക്ഷിച്ച് സിനിമയില്‍ പ്രവര്‍ത്തിക്കുന്ന താരങ്ങള്‍ എല്ലാം വലിയ ജനശ്രദ്ധ ആകര്‍ഷിക്കുന്ന കേന്ദ്രങ്ങളാണ്. അപ്പോള്‍ സ്വാഭാവികമായിട്ടും ഇത്തരം ആരോപണങ്ങള്‍ അഭിമാനക്ഷതം ഉണ്ടാക്കും വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും. അതൊക്കെ പുനപരിശോധിക്കപ്പെടേണ്ട ഒരു സാഹചര്യത്തിലേക്കാണല്ലോ പോകുന്നത്.

നീതി ഉറപ്പാക്കേണ്ട എന്നൊരു നിലപാട് ആര്‍ക്കെങ്കിലും ഉണ്ടോ. അങ്ങനെ സര്‍ക്കാരിന് ഒരു നിലപാടുണ്ടോ. ഏതെങ്കിലും പ്രസ്താനങ്ങള്‍ക്ക് നിലപാടുണ്ടോ. മാധ്യമങ്ങള്‍ക്ക് നിലപാടുണ്ടോ. സിനിമയ്ക്കുണ്ടോ. അങ്ങനെയൊരു നിലപാട് എങ്ങനെയാണ് ഒരു ജനാധിപത്യ സമൂഹത്തില്‍ ആര്‍ക്കാണ് അങ്ങനെയൊരു നിലപാടില്‍ ഉറച്ച് നില്‍ക്കാനും അത് നടപ്പിലാക്കാനും സാധിക്കുക. അങ്ങനെ പറ്റില്ല. ഒരാളുടെ സര്‍ഗാത്മകമായ പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്താന്‍ നിങ്ങള്‍ക്ക് പറ്റില്ല. നിങ്ങള്‍ക്ക് അതിനെ ബഹ്ഷ്‌ക്കരിക്കാം. കുറ്റകൃത്യം എന്ന് പറയുന്നത് അത് തെളിയിക്കപ്പെടുമ്പോളാണ്. കുറ്റാരോപിതര്‍ എന്ന നിലയ്ക്ക് വേണം അവരെ ഇപ്പോള്‍ കാണാന്‍. അവര്‍ ഈ സമൂഹത്തില്‍ തന്നെയാണ് ജീവിക്കുന്നത്. തുടര്‍ന്നും ജീവിക്കുന്നത് ഇവിടെ തന്നെയായിരിക്കും. അവര്‍ക്കെതിരെ ഉണ്ടായ ആരോപണങ്ങളില്‍ സത്യാവസ്ഥയുണ്ടെങ്കില്‍ അത് പരിശോധിക്കാനും അത് അന്വേഷിക്കാനും കണ്ടെത്താനും യുക്തമായ നടപടികള്‍ സ്വീകരിക്കാനും ഞാനും നിങ്ങളും ആഗ്രഹിച്ചാലും ഇല്ലെങ്കിലും അതിന്റേതായ സംവിധാനങ്ങളുണ്ട് അത് മുന്നോട്ട് പോകും. കുറ്റാരോപിതരെ മാറ്റി നിര്‍ത്തുന്ന ഒരു നിയമസംവിധാനം നമ്മുടെ രാജ്യത്തുണ്ടോ?


SCROLL FOR NEXT