NEWSROOM

രണ്ട് തവണ സമരം ചെയ്തിട്ടും ഫലമില്ല, റേഷന്‍ വ്യാപാരികള്‍ അനിശ്ചിതകാല സമരത്തിലേക്ക്; കടകള്‍ പൂര്‍ണമായും അടച്ചിടും

നേരത്തെ രണ്ട് തവണ കട അടച്ച് സൂചനാ സമരം നടത്തിയിട്ടും സർക്കാരിൻ്റെ ഭാഗത്തു നിന്ന് യാതൊരു  അനുകൂല നീക്കവും ഉണ്ടായില്ല

Author : ന്യൂസ് ഡെസ്ക്

അനിശ്ചിതകാല സമരത്തിനൊരുങ്ങി സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍. ആനുകൂല്യമുള്‍പ്പെടെയുള്ള നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് രണ്ട് തവണ സമരം ചെയ്തിട്ടും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂലമായ സാഹചര്യം ഉണ്ടാവാത്ത സാഹചര്യത്തിലാണ് റേഷൻ വ്യാപാരികൾ സമരത്തിനൊരുങ്ങുന്നത്. 

വ്യാപാരികൾ സമരത്തിലേക്ക് പോയാൽ ഓണക്കാലത്ത് പൊതുവിതരണ രംഗം വലിയ പ്രതിസന്ധിയിലാകും. അടുത്തമാസം പകുതിയോടെ റേഷൻ കടകള്‍ പൂർണമായി അടച്ചിട്ട് അനിശ്ചിതകാല സമരം ചെയ്യാനാണ് റേഷൻ കോ ഓർഡിനേഷൻ സമിതിയുടെ നീക്കം.

കട അടച്ച് സൂചനാ സമരം നടത്തിയിട്ടും സർക്കാരിൻ്റെ ഭാഗത്തു നിന്ന് യാതൊരു  അനുകൂല നീക്കവും ഉണ്ടായില്ല. റേഷൻ വ്യാപാരികളുടെ ആവശ്യങ്ങള്‍ അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് ഉറപ്പുനല്‍കിയതല്ലാതെ തീരുമാനമൊന്നും സർക്കാർ തലത്തില്‍ ഉണ്ടായില്ല. 

വേതന പാക്കേജ് കാലോചിതമായി പരിഷ്കരിക്കുക, കിറ്റ് കമ്മീഷൻ നല്‍കുക, കെ.ടി.പി.ഡി.എസ് ആക്റ്റിലെ അപാകതകള്‍ പരിഹരിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളാണ് റേഷൻ വ്യാപാരികള്‍ മുന്നോട്ടുവെക്കുന്നത്. ഇക്കാര്യത്തില്‍ ഒന്നും സർക്കാർ ഇടപെടൽ ഇല്ലാത്ത സാഹചര്യത്തിലാണ് അനിശ്ചിതകാല സമരത്തിലേക്ക് പോകാൻ വ്യാപാരികള്‍ ഒരുങ്ങുന്നത്.

സമരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിന് താലൂക്ക് തലത്തില്‍ റേഷൻ ഡീലേഴ്സ് കോ ഓർഡിനേഷൻ സമിതിയുടെ ചർച്ചകളും നടക്കുന്നുണ്ട്.

SCROLL FOR NEXT