NEWSROOM

മുണ്ടക്കൈ ചൂരൽമല സന്നദ്ധ സേവനം: പ്രവേശനം രജിസ്റ്റർ ചെയ്തവർക്ക് മാത്രം

സംഘങ്ങളായി വരുന്ന സന്നദ്ധ സേവകർ ടീം ലീഡറുടെ പേര് വിലാസം രജിസ്റ്റർ ചെയ്യണം

Author : ന്യൂസ് ഡെസ്ക്

ഉരുൾപൊട്ടൽ ദുരന്ത മേഖലയായ മുണ്ടക്കൈ , ചൂരൽമല മേഖകളിൽ സേവനം ചെയ്യാൻ എത്തുന്ന സന്നദ്ധ പ്രവർത്തകർക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കി. ഞായറാഴ്ച രാവിലെ 6.30 മുതൽ ചൂരൽമല കൺട്രോൾ റൂമിന് സമീപം റവന്യു വകുപ്പിൻ്റെ രജിസ്ട്രേഷൻ കൗണ്ടർ പ്രവർത്തിക്കും. ഇവിടെയുള്ള കൗണ്ടറിൽ രജിസ്റ്റർ ചെയ്യുന്നവരെ മാത്രമാണ് ദുരന്ത മേഖലയിലേക്ക് കടത്തിവിടുക. സംഘങ്ങളായി വരുന്ന സന്നദ്ധ സേവകർ ടീം ലീഡറുടെ പേര് വിലാസം രജിസ്റ്റർ ചെയ്യണം.

അതേസമയം, ചൂരൽമല ദുരന്തത്തെ തുടർന്ന് ചാലിയാറിൽ നടത്തുന്ന ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു. തെരച്ചിൽ നാളെ തുടരും. ഇന്ന് ചാലിയാറിൻ്റെ തീരങ്ങളിൽ നിന്നും 12 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ആറു ദിവസം നീണ്ട തെരച്ചിലിൽ ചാലിയാറിൽ നിന്നും ആകെ 201 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. 

ഇന്ന് നിലമ്പൂർ ജില്ല ആശുപത്രിയിൽ നിന്ന് ഏഴ് ആംബുലൻസുകളിലായി 34 ശരീരഭാഗങ്ങൾ വയനാട്ടിലേക്ക് കൊണ്ടുപോയിട്ടുണ്ട്. ഇനിയും 206 പേരെ കൂടി കണ്ടെത്താനുണ്ടെന്നും, ചാലിയാർ പുഴയിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങൾ തിരിച്ചറിയാൻ പ്രയാസം നേരിടുന്നതായും മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്ന വേളയിൽ പറഞ്ഞിരുന്നു. ഇന്നലത്തെ തെരച്ചിലിൽ 11 മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു. തിരിച്ചറിയാൻ കഴിയാത്ത 67 മൃതദേഹങ്ങളും കണ്ടെടുത്തിട്ടുണ്ട്. 40 ടീമുകളാണ് ആറ് സെക്ടറുകളിലായി തെരച്ചിൽ നടത്തിയത്. 1419 പേരാണ് രക്ഷാപ്രവർത്തനത്തിൻ്റെ ഭാഗമായി അവിടെ തുടരുന്നത്.

SCROLL FOR NEXT