NEWSROOM

"മൊഴി കൊടുത്തവരുടെ സ്വകാര്യത സംരക്ഷിക്കേണ്ടത് അനിവാര്യം,"; രഞ്ജിനിക്ക് പിന്തുണയുമായി രേവതിയും ഭാഗ്യലക്ഷ്മിയും

റിപ്പോർട്ടിൽ എന്താണ് എന്ന് മൊഴി നൽകിയവർക്ക് അറിയാനുള്ള അവകാശമുണ്ട്, സ്വകാര്യത സംരക്ഷിക്കപ്പെടണമെന്നും രേവതി ന്യൂസ് മലയാളത്തോട് പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

ഹേമ കമ്മിറ്റി റിപ്പോർട്ട് വിഷയത്തിൽ നടി രഞ്ജിനി നൽകിയ ഹർജിയെ പിന്തുണച്ച് നടി രേവതിയും ഭാഗ്യലക്ഷ്മിയും. മൊഴി നൽകിയവരുടെ സ്വകാര്യത സംരക്ഷിക്കാനുള്ള ചുമതല ബന്ധപ്പെട്ടവർക്കുണ്ട്. റിപ്പോർട്ടിൽ എന്താണ് എന്ന് മൊഴി നൽകിയവർക്ക് അറിയാനുള്ള അവകാശമുണ്ട്, സ്വകാര്യത സംരക്ഷിക്കപ്പെടണമെന്നും രേവതി ന്യൂസ് മലയാളത്തോട് പറഞ്ഞു.

ഹേമാ കമ്മിറ്റിക്ക് നൽകിയ മൊഴി തന്നെയാണോ പുറത്തുവരികയെന്നതിൽ ഭയമുണ്ടെന്ന് സിനിമാ പ്രവർത്തക ഭാഗ്യലക്ഷ്മി പറഞ്ഞു. ഒരാൾക്ക് മാത്രമല്ല, മൊഴി കൊടുത്ത എല്ലാവർക്കും ഈ ആശങ്കയുണ്ടെന്നും ഭാഗ്യലക്ഷ്മിയും ന്യൂസ് മലയാളത്തോട് പറഞ്ഞു.

അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവി പറഞ്ഞു.  ഹർജി കോടതിയിൽ നിലനിൽക്കുന്ന സാഹചര്യത്തിലാണ് റിപ്പോർട്ട് ഇന്ന് പുറത്തു വിടാതിരുന്നത്. കോടതി രഞ്ജിനിയുടെ ഹർജി തള്ളുമെന്നാണ് പ്രതീക്ഷ. മുൻപ് ഉന്നയിക്കാത്ത ആവശ്യമാണ് രഞ്ജിനി ഇപ്പോൾ ഉന്നയിച്ചത്. റിപ്പോർട്ട് എന്തായാലും പുറത്തുവിടുമെന്നും സ്വകാര്യത മാനിച്ചു കൊണ്ടായിരിക്കും ഇതെന്നും പി. സതീദേവി പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് കൈമാറാനാവില്ലെന്ന് സംസ്കാരിക വകുപ്പ് ഔദ്യോഗികമായി ഹര്‍ജിക്കാരെ അറിയിച്ചിരുന്നു. രഞ്ജിനി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം. രഞ്ജിനിയുടെ ഹർജിയിൽ കോടതി തീർപ്പ് കൽപ്പിക്കുന്നത് വരെ റിപ്പോർട്ട് പുറത്തുവിട്ടേക്കില്ല. വിവരാവകാശ നിയമപ്രകാരം റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് ആവശ്യപ്പെട്ടവര്‍ക്ക് ഇന്ന് രാവിലെ 11 മണിക്ക് കൈമാറുമെന്നാണ് സാംസ്കാരിക വകുപ്പ് അറിയിച്ചിരുന്നത്.

SCROLL FOR NEXT