fbwpx
വെളിച്ചം കാണാതെ നാലര വര്‍ഷം; ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരുമ്പോള്‍
logo

ന്യൂസ് ഡെസ്ക്

Last Updated : 15 Aug, 2024 02:21 PM

2017-ല്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ ഉണ്ടായ സംഭാവ വികാസങ്ങളുടെ ഫലമായാണ് സിനിമ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാന്‍ ഒന്നാം പിണറായി സര്‍ക്കാര്‍ ഒരു സമിതി രൂപീകരിക്കുന്നത്

HEMA COMMITTEE REPORT


സംസ്ഥാനത്തെ സിനിമ-രാഷ്ട്രീയ രംഗത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാനുള്ള അന്തിമഘട്ടത്തിലാണ് സര്‍ക്കാര്‍. വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങള്‍ ഒഴിവാക്കിയ റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പാണ് 17-ന് പുറത്തുവിടുന്നത്. വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട അഞ്ച് പേര്‍ക്കാകും റിപ്പോര്‍ട്ട് ലഭിക്കുക. റിപ്പോർട്ട് പുറത്തുവിടാൻ നേരത്തെ വിവരാവകാശ കമ്മീഷണർ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ നിർമാതാവ് സജിമോൻ പാറയിൽ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയതോടെയാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് വീണ്ടും പുറത്തുവരുന്നത്.

233 പേജുള്ള റിപ്പോർട്ടാണ് പുറത്തുവിടുക. നേരത്തെ പരസ്യമാക്കാൻ സാധിക്കില്ലെന്ന് അറിയിച്ചിരുന്ന ഭാഗങ്ങൾ ഒഴിവാക്കി തന്നെയാണ് റിപ്പോർട്ട് പുറത്തുവിടുക. പേജ് നമ്പർ 49 ലെ ചിലഭാഗങ്ങൾ, പേജ് 81 മുതൽ 100 വരെ, ചില മൊഴികൾ, സ്വകാര്യതയെ ബാധിക്കുന്ന മറ്റ് കാര്യങ്ങൾ എന്നിവയുൾപ്പെടെയാണ് ഒഴിവാക്കിയിട്ടുള്ളത്. കഴിഞ്ഞ 24ന് റിപ്പോർട്ട് പ്രസിദ്ധീകരിക്കാനിരിക്കെയാണ് സജിമോൻ പാറയിലിൻ്റെ ഹർജിയെ തുടര്‍ന്ന് നടപടി ഹൈക്കോടതി സ്റ്റേ ചെയ്തത്.

ALSO READ : എന്താണ് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്? സിനിമാ മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകുമോ?

2017-ല്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ ഉണ്ടായ സംഭാവ വികാസങ്ങളുടെ ഫലമായാണ് സിനിമ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാന്‍ ഒന്നാം പിണറായി സര്‍ക്കാര്‍ ഒരു സമിതി രൂപീകരിക്കുന്നത്. മലയാള സിനിമയിലെ വനിതാ കൂട്ടായ്മ 'വിമണ്‍ ഇന്‍ സിനിമ കളക്ടീവ്' (wcc) ന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ മൂന്നംഗ സമിതിയെ നിയമിച്ചത്. ജസ്റ്റിസ് ഹേമ, റിട്ട. ഐഎഎസ് ഓഫീസര്‍ കെ.ബി. വത്സല കുമാരി, നടി ശാരദ എന്നിവരായിരുന്നു കമ്മിറ്റി അംഗങ്ങള്‍. 2018 മെയ് മാസത്തില്‍ കമ്മിറ്റി രൂപീകരിക്കപ്പെട്ടു.

ALSO READ : ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: വിവരാവകാശ കമ്മിഷന്‍റെ ഇടപെടല്‍ പ്രതീക്ഷ നല്‍കുന്നു: ദീദി ദാമോദരന്‍

സിനിമാ മേഖലകളിലെ സ്ത്രീകളുടെ വേതനം, തൊഴിലിടങ്ങളിലെ അവസ്ഥ, നേരിടുന്ന ചൂഷണങ്ങള്‍ എന്നീ പ്രശ്നങ്ങളെ കുറിച്ച് പഠിച്ച് ആറ് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു ചുമതലപ്പെടുത്തിയത്. ഒന്നര വര്‍ഷത്തിനു ശേഷം 2019 ഡിസംബര്‍ 31 നാണ് വിശദമായ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചത്. 'കാസ്റ്റിംഗ് കൗച്ച്' , ചിത്രീകരണ സ്ഥലങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍, ശുചിമുറി, വസ്ത്രം മാറാനുള്ള ഇടം തുടങ്ങിയവയുടെ അഭാവം എന്നിവയെ കുറിച്ചും കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു. തെളിവെടുപ്പിനിടെ, സംസാരിക്കാന്‍ പുരുഷന്മാരും സ്ത്രീകളും വിമുഖത കാട്ടിയതും പലരും ഭയപ്പെട്ട് സംസാരിക്കാത്തതും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ALSO READ : സിനിമ മേഖലയിലെ ആരുടെയും പേരുവിവരങ്ങള്‍ ഇല്ല; ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവിടണമെന്ന് വിവരാവകാശ കമ്മീഷന്‍

ഒരു കോടിക്ക് മുകളില്‍ തുകയാണ് ഹേമ കമ്മീഷനു വേണ്ടി സര്‍ക്കാര്‍ ചെലവഴിച്ചത്. രാജ്യത്ത് തന്നെ ആദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ കമ്മിറ്റിയെ നിയോഗിച്ചത്. റിപ്പോര്‍ട്ട് സമര്‍പ്പിച്ച് നാലര വര്‍ഷമായിട്ടും ഇതിലെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ സര്‍ക്കാര്‍ തയാറായിരുന്നില്ല. ഒടുവില്‍ വിഷയം വിവരാവകാശ കമ്മീഷന്‍റെ മുന്‍പില്‍ എത്തിയതോടെ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറംലോകം അറിയാന്‍ കളമൊരുങ്ങുന്നത്.

KERALA
എ. വിജയരാഘവന്റെ പ്രസംഗത്തെ യുഡിഎഫ് നേതാക്കള്‍ തെറ്റായി വ്യാഖ്യാനിച്ചു; സിപിഎം ലീഗിനോ മുസ്ലീങ്ങള്‍ക്കോ എതിരല്ല; ടി.പി. രാമകൃഷ്ണന്‍
Also Read
user
Share This

Popular

KERALA
NATIONAL
എ. വിജയരാഘവന്റെ പ്രസംഗത്തെ യുഡിഎഫ് നേതാക്കള്‍ തെറ്റായി വ്യാഖ്യാനിച്ചു; സിപിഎം ലീഗിനോ മുസ്ലീങ്ങള്‍ക്കോ എതിരല്ല; ടി.പി. രാമകൃഷ്ണന്‍