ഇന്ത്യൻ ക്രിക്കറ്റ് ടീമിനൊപ്പം മൂന്ന് ഫോർമാറ്റും കളിക്കാൻ ആഗ്രഹമുണ്ടെന്ന് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. ഒരു ഫോർമാറ്റ് മാത്രം ഫോക്കസ് ചെയ്യുന്ന ആളല്ല താനെന്നും ഏത് പൊസിഷനിൽ കളിക്കാനും റെഡിയാണെന്നും സഞ്ജു പറഞ്ഞു.
ടീം സെലക്ഷനെ കുറിച്ച് ചോദിച്ചപ്പോൾ കളിക്കാൻ വിളിച്ചാൽ പോയി കളിക്കുമെന്നും ഇല്ലെങ്കിൽ കളിക്കില്ലെന്നുമായിരുന്നു സഞ്ജുവിൻ്റെ മറുപടി. "കൂടുതൽ ആലോചിക്കാൻ താൽപര്യമില്ല. ടീം നന്നായി കളിക്കുന്നുണ്ട്. എല്ലാം പോസിറ്റീവായി കാണാൻ ശ്രമിച്ചുകൊണ്ടിരിക്കും. എല്ലാ കാര്യത്തിലും കഴിവിന്റെ പരമാവധി നൽകും. കളി നന്നായി മുന്നോട്ടു പോകുന്നുണ്ട്," സഞ്ജു പറഞ്ഞു.
"കളിയിൽ നല്ല മാറ്റമുണ്ട്. ഒരു ഫോർമാറ്റ് മാത്രം ഫോക്കസ് ചെയ്യുന്ന ആളല്ല താൻ. മൂന്ന് ഫോർമാറ്റും കളിക്കാൻ ആഗ്രഹമുണ്ട്. പുറത്തുപോയി കളിക്കുമ്പോൾ കിട്ടുന്ന പിന്തുണ ഡ്രസ്സിംഗ് റൂമിൽ പോലും ചർച്ചയാണ്. ഏത് പൊസിഷനിൽ കളിക്കാനും ഞാൻ റെഡിയാണ്," സഞ്ജു പറഞ്ഞു.
"കരിയറിലെ ഏറ്റവും നല്ല കാലമായിരുന്നു കഴിഞ്ഞ നാലു മാസങ്ങൾ. ഇന്ത്യൻ ടീമിൽ കയറണമെന്നായിരുന്നു ആദ്യത്തെ വലിയ ആഗ്രഹം. അത് നടന്നപ്പോൾ അടുത്ത വേൾഡ് കപ്പിൽ കളിക്കണമെന്നായിരുന്നു. അതും സാധിച്ചു. ലോകകപ്പ് ജയിച്ചപ്പോഴാണ് ഇന്ത്യൻ ക്രിക്കറ്റർ എന്നാൽ ചെറിയ കാര്യമല്ലെന്ന് മനസിലായത്. കേരള രഞ്ജി കളിക്കണമെന്ന് ആഗ്രഹിച്ച ഒരാൾ ഇന്ത്യൻ ലോകകപ്പ് ടീമിൽ ഉൾപ്പെട്ടത് വലിയ കാര്യമാണ്," സഞ്ജു സാംസൺ കൂട്ടിച്ചേർത്തു.