വയനാട് ചൂരൽമല ദുരന്തത്തിൽ സുരക്ഷിതമായി തെരച്ചിൽ നടത്താൻ കഴിയുന്നിടത്തോളം രക്ഷാപ്രവര്‍ത്തനം തുടരുമെന്ന് വയനാട് ജില്ലാ കലക്ടർ ഡി.ആർ. മേഘശ്രീ. കാണാതായവരുടെ കണക്ക് വൈകാതെ പുറത്തുവിടുമെന്നും, തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ ഡിഎൻഎ സാംപിൾ ശേഖരിക്കാനുള്ള നടപടി ഇന്ന് തുടങ്ങുമെന്നും കളക്ടർ അറിയിച്ചു.
ചൂരൽമലയിൽ ആറാം ദിനവും രക്ഷാദൗത്യം പുനരാരംഭിച്ചു. ചാലിയാറില്‍ ഇന്ന് രണ്ട് ഭാഗങ്ങളായാണ് തെരച്ചില്‍ പുനരാരംഭിച്ചത്. ജല നിരപ്പ് താഴ്ന്നതോടെ ചാലിയാറിൽ രൂപപ്പെട്ട മൺതിട്ടകളിൽ കൂടുതൽ മൃതദേഹങ്ങൾ ഉണ്ടാകുമെന്നാണ് ജില്ലാഭരണകൂടത്തിന്റെ വിലയിരുത്തൽ. പ്രദേശത്തെ പരിശോധന നാളെയോടെ അവസാനിപ്പിക്കാനാണ് നിലവിലെ തീരുമാനം.
ALSO READ : കേരളത്തിൻ്റെ 'ഉള്ളുപൊട്ടുമ്പോൾ' മാത്രം ചർച്ചയാകുന്ന ഒന്ന്; എന്താണ് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട്?
അതേസമയം, കൂടുതൽ ഫയർഫോഴ്സ് അംഗങ്ങൾ വയനാട്ടിലേക്ക് എത്തും. തിരുവനന്തപുരത്ത് നിന്നുള്ള മൂന്നാമത്തെ ബാച്ച് ആണ് വയനാട്ടിലേക്ക് പുറപ്പെട്ടത്. 30 പേരാണ് സംഘത്തിലുള്ളത്. കോട്ടയത്ത് നിന്ന് മറ്റൊരു സംഘവും ഉടൻ പുറപ്പെടും
ചാലിയാറിൻ്റെ ചുങ്കത്തറ കൈപ്പിനി, എഴുമാംപാടം, വാണിയംപുഴ മാച്ചിക്കയി ഉൾപ്പടെ ഏഴ് മേഖലകളിലായിരുന്നു ഇന്നലെ തെരച്ചിൽ. വിവിധ സംഘങ്ങളുടെ പരിശോധനയിൽ 16 മൃതദേഹങ്ങൾ കണ്ടെത്തി. പൊലീസ്, വനം വകുപ്പ്, ഫയർഫോഴ്സ്, എൻഡിആർഎഫ് അംഗങ്ങൾക്കൊപ്പം നാട്ടുകാരും നൂറുകണക്കിന് വളണ്ടിയർമാരും തെരച്ചിലിൽ പങ്കാളികളായി.
366 ജീവനുകളാണ് ഇതുവരെ ദുരന്തത്തിൽ പൊലിഞ്ഞത്. ഇരുന്നൂറിലധികം പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. 85 ദുരിതാശ്വാസ ക്യാമ്പുകളിലായി 8908 പേരാണുള്ളത്. ഇന്നത്തെ തെരച്ചിലിൽ രണ്ട് മൃതദേഹഭാഗങ്ങൾ കൂടി കണ്ടെത്തി. ഇരുട്ടുകുത്തിയിൽ നിന്ന് ആറ് കിലോമീറ്റർ അകലെ ഉൾവനത്തിൽ ചാലിയാർ തീരത്താണ് മൃതദേഹ ഭാഗങ്ങൾ ലഭിച്ചത്.