
വയനാട് മുണ്ടക്കൈയിൽ മലകൾ കുത്തിയൊലിച്ചു. ഒരു ഗ്രാമത്തിൻ്റെ ജീവനും ജീവിതവും സ്വപ്നങ്ങളുമാണ് ഒറ്റ രാത്രി കൊണ്ട് ഇല്ലാതായത്. പ്രകൃതി കലിതുള്ളിയപ്പോൾ ആരെയും പഴിചാരാനാവാതെ നിസഹായരായി നിൽക്കുകയായിരുന്നു കേരളം. എന്നാൽ വീണ്ടുമൊരു മഹാദുരന്തത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നതോടെ സംസ്ഥാനത്ത് മാധവ് ഗാഡ്‌ഗിലും പശ്ചിമഘട്ടവും വീണ്ടും ചർച്ചയാവുകയാണ്.
"പശ്ചിമ ഘട്ടം ആകെ തകര്‍ക്കപ്പെട്ടിരിക്കുന്നു. ഇനിയും നടപടിയെടുത്തില്ലെങ്കില്‍ കേരളത്തെ കാത്തിരിക്കുന്നത് വന്‍ ദുരന്തമായിരിക്കും. അതിന് നിങ്ങള്‍ വിചാരിക്കും പോലെ യുഗങ്ങള്‍ ഒന്നും വേണ്ട, നാലോ അഞ്ചോ വര്‍ഷം മതി. അന്ന് ഞാനും നിങ്ങളും ജീവിച്ചിരിപ്പുണ്ടാകും. ആരാണ് കള്ളം പറയുന്നതെന്ന് നിങ്ങള്‍ക്ക് മനസിലാകും."
ഗാഡ്ഗിലിന്റെ ഈ വാക്കുകളാണ് ഇന്ന് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.
എന്താണ് ഗാഡ്ഗൽ കമ്മിറ്റി റിപ്പോർട്ട്?
ഗുജറാത്തിലെ താപ്തി നദി മുതൽ കന്യാകുമാരി വരെ ഏകദേശം 1600 കിലോമീറ്റർ നീണ്ട് കിടക്കുന്ന പ്രകൃതി വിഭവങ്ങളുടെ കലവറയാണ് പശ്ചിമഘട്ടം. കേരളം, തമിഴ്നാട്, കർണ്ണാടക, ഗോവ, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ ആറ് സംസ്ഥാനങ്ങളിലെ കാലാവസ്ഥ, ജൈവവൈവിധ്യം, ഊർജ്ജം, വാണിജ്യം എന്നിവയിൽ നിർണായക പങ്ക് വഹിക്കുന്നതും ഈ മലനിരകളാണ്. ആറു സംസ്ഥാനങ്ങളിലായി ഏകദേശം 25 കോടി ജനങ്ങളുടെ ജീവിതവും ആവാസകേന്ദ്രവും ബന്ധപ്പെട്ടിരിക്കുന്നതും സഹ്യാദ്രികളിൽ തന്നെ.
പശ്ചിമഘട്ടത്തിൽ വ്യാപാരവും വികസനവും വളർന്നതിനൊപ്പം വനവിഭവങ്ങൾ ലഭിക്കാതെയായി. വ്യാവസായിക ആവശ്യങ്ങൾക്കായി വനനശീകരണവും യഥാക്രമം ആരംഭിച്ചു. പിന്നാലെ പശ്ചിമഘട്ടത്തിലെ ശുദ്ധജലലഭ്യത കുറഞ്ഞു, മിത കാലാവസ്ഥ മാറി, മഴയും ചൂടും സഹിക്കാവുന്നതിനുമപ്പുറമായി. ഇങ്ങനെ പ്രകൃതിയെ നശിപ്പിച്ചുകൊണ്ടുള്ള വികസനങ്ങൾ വഴി സാധാരണ ജനങ്ങളുടെ ജീവിതം ദുരിതപൂർണ്ണമായി തുടങ്ങിയപ്പോൾ പരിസ്ഥിതി പ്രവർത്തകർ മുന്നോട്ട് വരുകയും വിമർശനങ്ങളുയർത്തുകയും ചെയ്തു. ഇതോടെയാണ് പശ്ചിമഘട്ടം സംരക്ഷിക്കപ്പെടേണ്ടതാണെന്ന പൊതുബോധം ഇന്ത്യയിലുടലെടുക്കുന്നത്.
പശ്ചിമഘട്ടത്തെപ്പറ്റി സമഗ്രമായി പഠിക്കാനും പശ്ചിമഘട്ടം എങ്ങനെ സംരക്ഷിക്കണമെന്നതിനുള്ള വിദഗ്ദ നിർദേശങ്ങൾക്കുമായാണ് ഗാഡ്‌ഗിൽ കമ്മിറ്റി രൂപീകരിക്കപ്പെടുന്നത്. 2010ൽ ജയറാം രമേശിന് കീഴിലുള്ള അന്നത്തെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പരിസ്ഥിതി ശാസ്ത്രജ്ഞനായ പ്രൊഫസർ മാധവ് ഗാഡ്ഗിലിന്റെ കീഴിൽ പശ്ചിമഘട്ട വിദഗ്ദ സമിതി രൂപീകരിച്ചു. പശ്ചിമഘട്ടത്തിന്റെ ഇന്നത്തെ പാരിസ്ഥിതിക സ്ഥിതി വിലയിരുത്തുക, 1986 പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല പ്രദേശങ്ങൾ കണ്ടെത്തി വേർത്തിരിക്കുക, പശ്ചിമഘട്ടത്തിന്റെ സംരക്ഷണം, പരിരക്ഷ, പുനരുജ്ജീവനം എന്നിവ സംബന്ധിച്ച് പ്രാദേശിക പങ്കാളിത്തത്തോടെ നടപ്പാക്കാവുന്ന കാര്യങ്ങൾ നിർദ്ദേശിക്കുക, ജലവൈദ്യുത പദ്ധതികൾ, ഖനനം എന്നിവയെ പറ്റി വിലയിരുത്തി റിപ്പോർട്ട് സമർപ്പിക്കുക എന്നിങ്ങനെ പതിനൊന്നോളം നിർദ്ദേശങ്ങളാണ് കേന്ദ്രം ഗാഡ്ഗിൽ കമ്മിറ്റിക്ക് നൽകിയത്. അങ്ങനെ 2010 മാർച്ച് 4ന് വെസ്റ്റേൺ ഘാട്സ് എക്കളോജിക്കൽ എക്സ്പേർട്ട് പാനൽ(WGEA) എന്ന പേരിൽ പ്രൊഫസർ മാധവ് ഗാഡ്ഗിലിന്റെ കീഴിൽ ഒരു പതിനാലംഗ കമ്മിറ്റി രൂപീകരിക്കപ്പെട്ടു. മലയാളിയും പരിസ്ഥിതി ശാസ്ത്രജ്ഞനുമായ വി.എസ്. വിജയനും സമിതിയിൽ അംഗമായിരുന്നു. 14 പാനൽ മീറ്റിങ്ങ്, സർക്കാർ ഏജൻസികളുമായുള്ള എട്ട് കൂടിയാലോചനകൾ, സാധാരണക്കാരുമായുള്ള നാൽപതോളം കൂടിയാലോചനകൾ എന്നിവയ്ക്ക് ശേഷം 2011 സെപ്റ്റംബറിൽ ഗാഡ്ഗിൽ സമിതി അവരുടെ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് സമർപ്പിച്ചു.
റിപ്പോർട്ടിലെ പ്രധാന നിർദ്ദേശങ്ങൾ
വർഷങ്ങളായുള്ള പ്രകൃതിചൂഷണത്തിന് കടിഞ്ഞാണിടാനും സഹ്യാദ്രിയെയും അതിനെ ആശ്രയിച്ച് കഴിയുന്നവരുടെയും സുരക്ഷ ഉറപ്പാക്കാനും പോന്ന നിർദേശങ്ങളായിരുന്നു ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിലുണ്ടായിരുന്നത്. ഗാഡ്ഗിൽ കമ്മിറ്റി പരിസ്ഥിതി ലോലതയ്ക്കനുസരിച്ച് പശ്ചിമഘട്ടത്തെ ESZ1, ESZ2, ESZ3 എന്നിങ്ങനെ മൂന്നായി തിരിച്ചു. ഈ മൂന്നു മേഖലകളിൽ സമയബന്ധിതമായി നടപ്പിലാക്കേണ്ട നിരവധി കാര്യങ്ങളെ കുറിച്ച് റിപ്പോർട്ടിൽ പറയുന്നു.
1. പശ്ചിമഘട്ട പരിസ്ഥിതി അതോരിറ്റി രൂപീകരിക്കുക, അതിന്റെ ജില്ലാ-സംസ്ഥാനതല പ്രവർത്തനങ്ങൾ ആരംഭിക്കുക.
2. പശ്ചിമഘട്ടത്തിലെ അനധികൃത ഖനനം പൂർണമായും നിർത്താലാക്കുക.
3. പ്രദേശത്ത് പ്ലാസ്റ്റിക് ഉപയോഗം പൂർണ്ണമായും ഒഴിവാക്കുക.
4. മലിനീകരണ തോതിൽ റെഡ്, ഓറഞ്ച് കാറ്റഗറികളില്‍ വരുന്ന വ്യവസായ സ്ഥാപനങ്ങൾ പൂട്ടിക്കുക.
5. ആയുസ് കഴിഞ്ഞ ഡാമുകൾ ഡീകമ്മിഷൻ ചെയ്യുക.
6. വലിയ ഭൂമേഖലയ്ക്കു ചേർന്ന കൃഷിരീതികള്‍ ആവിഷ്കരിക്കരിക്കുക.
7. മണ്ണൊലിപ്പ് തടയാനായി മിശ്രവിള തോട്ടങ്ങൾ രൂപീകരിക്കുക.
8. അഞ്ചോ പത്തോ വര്‍ഷത്തിനുള്ളില്‍ ഈ മേഖലയില്‍ നിന്ന് രാസകീടനാശിനികള്‍ പൂര്‍ണമായും ഒഴിവാക്കുക.
9. ഗ്രാമപഞ്ചായത്തുകളിൽ വികേന്ദ്രീകൃതമായ ജലപരിപാലനത്തിനാവശ്യമായ മാതൃകാരേഖ തയ്യാറാക്കുക.
10. പുതുതായി മലമുകളിൽ സുഖവാസ കേന്ദ്രങ്ങൾ അനുവദിക്കരുത്.
11. പരിസ്ഥിതി ലോല പ്രദേശങ്ങളിലെ വികസനപ്രവർത്തനങ്ങൾ നിയന്ത്രിക്കുക.
12. പശ്ചിമഘട്ടത്തിൽ ജനിതകമാറ്റം വരുത്തിയ വിളകൾ ഒഴിവാക്കുക.
തുടങ്ങി നിരവധി നിർദേശങ്ങളാണ് ഗാഡ്‌ഗിൽ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്നത്.
എന്താണ് പരിസ്ഥിതി ലോലപ്രദേശങ്ങൾ?
ഗാഡ്ഗിൽ കമ്മിറ്റിയുടെ കാതലായ ഘടകമാണ് പരിസ്ഥിതി ലോലമേഖലകൾ അഥവാ ഇക്കളോജിക്കലി സെൻസിറ്റീവ് സോണുകൾ (ഇഎസ്‌സെഡ്) . പശ്ചിമഘട്ടം മുഴുവനായും പരിസ്ഥിതി ലോല മേഖലയായാണ് കമ്മിറ്റി കാണുന്നത്. എന്നാൽ, ലോലതയ്ക്കനുസരിച്ച് ESZ1,ESZ2,ESZ3 എന്നിങ്ങനെ മൂന്ന് ഭാഗങ്ങളായി ഇവയെ തരം തിരിച്ചിരിക്കുന്നു. ജൈവശാസ്ത്രപരമായ ഘടനകൾ, അതായത് അപൂർവ സ്പീഷിസുകളുടെ സാന്നിധ്യം, ജൈവവർഗ്ഗങ്ങളുടെ ആവാസവ്യവസ്ഥ, കാലാവസ്ഥ, പ്രകൃതി ദുരന്ത സാധ്യത, ഭൂതല സവിശേഷതകൾ തുടങ്ങിയ ഭൗമ ഘടകങ്ങൾ, ജനാഭിപ്രായം, വിദഗ്ദാഭിപ്രായം തുടങ്ങിയ സാമൂഹിക ഘടകങ്ങൾ എന്നിവ മുൻനിർത്തിയാണ് പരിസ്ഥിതി ലോലമേഖലകളെ തരം തിരിച്ചിരിക്കുന്നത്.
താലൂക്കടിസ്ഥാനത്തിലാണ് പരിസ്ഥിതിലോല മേഖലകളെ നിർണയിച്ചിരുന്നത്. ഒരു താലൂക്കും പൂർണ്ണമായും ഏതെങ്കിലുമൊരു പരിസ്ഥിതി ലോല മേഖലയ്ക്ക് കീഴിലുൾപ്പെട്ടിരുന്നില്ല. കേരളത്തിലെ 12 ജില്ലകളിലായി 15 താലൂക്കുകൾ മേഖല ഒന്നിലും, രണ്ട് താലൂക്കുകളെ മേഖല രണ്ടിലും, എട്ട് താലൂക്കുകളെ മേഖല മൂന്നിലും ഉൾപ്പെടുത്തി. ഇതിനുപുറമെ, സംസ്ഥാനസർക്കാരും പഞ്ചായത്തുകളും സംയുക്തമായി ചേർന്ന് പരിസ്ഥിതി ലോല പ്രദേശങ്ങളെ നിർണയിക്കണെമന്നും റിപ്പോർട്ടിൽ പറയുന്നു.
മണ്ടക്കൽ-പനത്തടി, പൈതൽമല, ബ്രഹ്മഗിരി-തിരുനെല്ലി, പരിസ്ഥിതി പ്രാധാന്യമുള്ള വയനാടിന്റെ ഭാഗങ്ങൾ, കുറുവ ദ്വീപ്, കുറ്റ്യാടി-പെരിയ-കൽപ്പറ്റ, നിലമ്പൂർ-മേപ്പാടി, സൈലന്റ് വാലി, മണ്ണാർക്കാട്-ശിരുവാണി-മുത്തുക്കുളം, നെല്ലിയാമ്പതി-പറമ്പിക്കുളം, പീച്ചി-വാഴാനി, പൂയ്യംകുട്ടി-തട്ടേക്കാട്-ഇടമലയാർ, മൂന്നാർ-ഇരവിക്കുളം-ചിന്നാർ, ഏലമലക്കാടുകൾ, പെരിയാർ-റാന്നി-കോന്നി-ഗൂഡ്രീക്കൽ, കുളത്തൂപ്പുഴ -തെന്മല, അഗസ്ത്യമല-നെയ്യാർ-പേപ്പാറ എന്നിവയാണ് സമിതി പരിഗണിച്ച പരിസ്ഥിതി ലോല പ്രദേശങ്ങൾ.
എന്തുകൊണ്ട് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് നടപ്പിലായില്ല?
2011 സെപ്റ്റംബർ മാസം പുറത്തിറങ്ങിയ റിപ്പോർട്ട് പക്ഷേ പുറം ലോകം കണ്ടില്ല. സാധാരണ ജനങ്ങൾ വായിച്ചുമനസിലാക്കാനായി റിപ്പോർട്ടിൻ്റെ പ്രാദേശിക പരിഭാഷയടക്കം സർക്കാർ സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്ന കമ്മിറ്റിയുടെ ആവിശ്യത്തിന് മുന്നിലും സർക്കാർ കണ്ണടച്ചു. ഗാഡ്‌ഗിൽ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരുകളുടെ അഭിപ്രായം ശേഖരിക്കുന്ന വേളയിൽ കേരളം ഇതിനെ 'പൈശാചിക'മെന്നായിരുന്നു വിശേഷിപ്പിച്ചത്. പരിസ്ഥിതിയെ മാത്രം കേന്ദ്രീകരിച്ച റിപ്പോർട്ട്, മലയോരമേഖലയിലെ ജനങ്ങളുടെ കാര്യം മറന്നെന്നായിരുന്നു സർക്കാരിന്റെ പ്രധാന വാദം. അടിസ്ഥാന യാഥാർത്ഥ്യങ്ങളിൽ നിന്നും ഒരുപാട് അകലെയാണ് റിപ്പോർട്ടെന്നും വിമർശനമുയർന്നു. പശ്ചിമഘട്ടം മുഴുവനായും ഒരു എക്കോ സെൻസിറ്റീവ് ഏരിയയായി കണക്കാക്കിയതും ചർച്ചക്ക് വഴിയൊരുക്കി. ഊർജ്ജ, വികസന മേഖലകളിൽ വിലക്കേർപ്പെടുത്തിയെങ്കിലും അതുവഴിയുണ്ടാകുന്ന വരുമാന നഷ്ടത്തിന് പരിഹാരമൊന്നും തന്നെ റിപ്പോർട്ടിലില്ല. WGAE എന്ന ഗ്രാമീണ സംഘടനയുടെ ആവിശ്യമില്ലെന്നായിരുന്നു സർക്കാരിന്റെ മറ്റൊരു വാദം. പശ്ചിമഘട്ടത്തെ സംരക്ഷിക്കാൻ ഇപ്പോഴുള്ള ഭരണസംവിധാനം മതിയെന്ന വാദത്തില്‍ സർക്കാർ ഉറച്ചു നിന്നു.
ക്വാറി മാഫിയകൾ തെറ്റിധാരണകൾ പ്രചരിപ്പിച്ചതും സാധാരണക്കാർക്കിടയിൽ ഗാഡ്ഗിൽ കമ്മിറ്റി റിപ്പോര്‍ട്ടിനെ ചൊല്ലി വിമർശനങ്ങൾ ഉയർന്നെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ വാദം. കേരളത്തിലെ കർഷകർക്കിടയിൽ ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകൾ നടപ്പിലാക്കിയാൽ തങ്ങളുടെ ഉപജീവനമാർഗം നഷ്ടപ്പെടുമെന്ന ധാരണ മാഫിയകൾ കർഷകർക്കിടയിൽ സൃഷ്ടിച്ചെന്ന ആരോപണവും ഇവർ ഉന്നയിച്ചു.
ക്രിസ്ത്യൻ സംഘടനയായ സിറോ മലബാർ സഭയാണ് ഗാഡ്ഗിൽ റിപ്പോർട്ടിനെതിരെ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയത്. പരിസ്ഥിതി സംരക്ഷണമെന്ന പേരിൽ വികസനങ്ങൾ നിർത്തലാക്കി ജനങ്ങളെ കബളിപ്പിക്കുകയാണ് റിപ്പോർട്ടെന്നായിരുന്നു സഭയുടെ പക്ഷം. കോട്ടയം ഇടുക്കി ജില്ലകളിലെ ലക്ഷക്കണക്കിന് ഹൈറേഞ്ച് കർഷകരും ഈ വാദത്തെ പിന്തുണച്ചു. ഇവരുടെ റവന്യൂ ഭൂമി വനഭൂമി ആക്കിമാറ്റാനുള്ള ഗൂഢ ഉദ്ദേശവും റിപ്പോർട്ടിന് പിന്നിലുണ്ടെന്ന് ഇവർ ഉറച്ച് വിശ്വസിച്ചു.
ഗാഡ്‌ഗിൽ കമ്മിറ്റി റിപ്പോർട്ട് പൂർണമായും നടപ്പിലാക്കുകയെന്നത് പ്രയോഗികമായിരുന്നില്ല. എന്നാൽ വിഷയത്തെ പൂർണമായും തള്ളിയ സർക്കാർ നടപടിയുടെ ഫലമാണ് ഇത്തരം ദുരന്തങ്ങളെന്നാണ് ഗാഡ്‌ഗിൽ റിപ്പോർട്ട് അനുകൂലിക്കുന്നവരുടെ പക്ഷം. അതേസമയം, പ്രകൃതിദുരന്തങ്ങൾ നടക്കുമ്പോഴെല്ലാം ഗാഡ്‌ഗിലിനെ ഉയർത്തികൊണ്ടുവരുന്ന പ്രവണത ശരിയല്ലെന്നാണ് ചിലരുടെ വാദം. പ്രകൃതിദുരന്തങ്ങൾ, ആഗോളതാപനം, കാലാവസ്ഥാ വ്യതിയാനം തുടങ്ങി നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇവയെ ഒരു റിപ്പോർട്ട് കൊണ്ട് മാത്രം തടയാനാവില്ലെന്നും ഇവർ വാദിക്കുന്നു.