NEWSROOM

സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ സങ്കീര്‍ണം, ചെറിയ കാര്യങ്ങള്‍ ഒന്നും അത്ര ചെറുതല്ല; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ശാരദ മുരളീധരന്‍

ഭർത്താവ് വി വേണു ചീഫ് സെക്രട്ടറി പദം ഒഴിയുമ്പോൾ ഭാര്യ ശാരദ മുരളീധരൻ പകരം ആ സ്ഥാനം ഏറ്റെടുക്കുന്നു എന്ന അപൂർവ നിമിഷത്തിനു കൂടിയാണ് കേരളം സാക്ഷിയാവുന്നത്. ചീഫ് സെക്രട്ടറി പദത്തിൽ ഓഗസ്റ്റ് 31 വരെയാണ് വി വേണുവിന്‍റെ കാലാവധി.

Author : ന്യൂസ് ഡെസ്ക്

സിനിമ സെറ്റുകളിൽ സ്ത്രീകൾക്ക് കൃത്യമായി ശുചിമുറികളില്ലെന്ന ഹേമ കമ്മറ്റി റിപ്പോർട്ടിലെ പരാമർശം സ്ത്രീ സുരക്ഷിതത്വത്തിന്‍റെ അഭാവമെന്ന് നിയുക്ത ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ. സ്ത്രീകളുടെ പ്രശ്നങ്ങൾ സങ്കീർണമാണ്. ചെറിയ കാര്യങ്ങൾ ഒന്നും അത്ര ചെറുതല്ലെന്ന് തിരിച്ചറിയാൻ കഴിയണമെന്നും പുതിയ ഉത്തരവാദിത്തത്തിൽ സന്തോഷമുണ്ടെന്നും ശാരദ മുരളീധരൻ ന്യൂസ്‌ മലയാളത്തോട് പറഞ്ഞു.

പ്രകൃതി ദുരന്തങ്ങളെ കേരളം നേരിടേണ്ടതെങ്ങനെ, കാലാവസ്ഥ വ്യതിയാനം തുടങ്ങിയ വിഷയങ്ങളെപ്പറ്റിയുള്ള തന്‍റെ നിരീക്ഷണങ്ങളും ശാരദ മുരളീധരൻ പങ്ക് വെച്ചു. പ്രകൃതി ദുരന്തങ്ങള്‍ കേരളത്തിനെ സംബന്ധിച്ച് കൂടുതല്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് 2018 കഴിഞ്ഞപ്പോള്‍ തന്നെ നമ്മള്‍ തിരിച്ചറിഞ്ഞിരുന്നു. അതിന്‍റെ ഭാഗമായിട്ടുള്ള നിരവധി ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. തദ്ദേശ ഭരണ വകുപ്പ് ദുരന്ത നിവാരണ പ്ലാനുകള്‍ തയ്യാറാക്കി. കാലാവസ്ഥ വ്യതിയാനത്തിനു വേണ്ടി ലോക്കല്‍ ആക്ഷന്‍ പ്ലാനുകള്‍ രൂപീകരിച്ചു. ഇതൊക്കെ ചെയ്യുമ്പോഴും എവിടെ എപ്പോള്‍ എങ്ങനെ ബാധിക്കുമെന്ന് പറയാന്‍ സാധിക്കില്ലെന്നും ശാരദ മുരളീധരൻ പറഞ്ഞു.

ഓരോരുത്തർക്കും തോന്നുന്നത് ഇത് തങ്ങളെ ബാധിക്കില്ലെന്നാണ്. നമ്മളെ ബാധിക്കാത്ത കാര്യങ്ങളില്‍ എന്തിന് കൂടുതല്‍ ഇടപെടണമെന്ന് ചിന്ത പലർക്കുമുണ്ടാകും. ഇങ്ങനെ ഒരു അവസ്ഥ വരുമ്പോഴാണ് മാറ്റി ചിന്തിക്കാന്‍ സാധിക്കുകയെന്നും ശാരദ മുരളീധരന്‍ പറഞ്ഞു. കേരളത്തിന്‍റെ ആവാസവ്യവസ്ഥ ദുർബലമാണെന്നും വരള്‍ച്ചയായിരിക്കും നമ്മള്‍ നേരിടുന്ന മറ്റൊരു വെല്ലുവിളിയെന്നും നിയുക്ത ചീഫ് സെക്രട്ടറി നിരീക്ഷിച്ചു.


ഭർത്താവ് വി. വേണു ചീഫ് സെക്രട്ടറി പദം ഒഴിയുമ്പോൾ ഭാര്യ ശാരദ മുരളീധരൻ പകരം ആ സ്ഥാനം ഏറ്റെടുക്കുന്നു എന്ന അപൂർവ നിമിഷത്തിനു കൂടിയാണ് കേരളം സാക്ഷിയാവുന്നത്. ചീഫ് സെക്രട്ടറി പദത്തിൽ ഓഗസ്റ്റ് 31 വരെയാണ് വി വേണുവിന്‍റെ കാലാവധി.

നിലവിലുള്ള ചീഫ് സെക്രട്ടറിയോട് ദൈനംദിനം നടത്തുന്ന ചർച്ചകളുടെ ആത്മവിശ്വാസം കരുത്ത് നല്‍കുന്നുണ്ടെന്നും ശാരദ മുരളീധരന്‍ പറഞ്ഞു. ഇരുവരുടെയും ഔദ്യോഗിക കൃത്യങ്ങളോടുള്ള സമീപനവും ശാരദ വിശദീകരിച്ചു. ഒരു കാര്യം ശരിയാണെന്ന് ബോധ്യപ്പെട്ടാല്‍ മാത്രം പോരാ. ചെയ്യുന്ന വിധം, സമയ ക്രമം എന്നിവ ശരിയാണോ എന്ന് നോക്കണം. അനാവശ്യമായ ശ്രദ്ധ കൊടുത്ത് വലിയ ചിത്രം കാണാതെ പോകുന്നോ എന്ന് ചർച്ച ചെയ്യാറുണ്ട്. അതാണ് ഞങ്ങളെ ഞങ്ങളാക്കിയതെന്ന് ശാരദ പറഞ്ഞു.

നിലവിൽ പ്ലാനിങ്ങ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ശാരദ മുരളീധരൻ.  കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള മനോജ് ജോഷി ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്ക് വരാന്‍ തയ്യാറാകാതിരുന്നതോടെയാണ് ശാരദയെ ചീഫ് സെക്രട്ടറിയായി നിയമിക്കാനുള്ള തീരുമാനമുണ്ടാകുന്നത്.

SCROLL FOR NEXT