മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് അഭയം നൽകിയ കേന്ദ്ര സർക്കാരിനെ പ്രശംസിച്ച് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. ഇന്ത്യയെ സംബന്ധിച്ചിടത്തോളം അയൽരാജ്യത്തെ അധികാര കൈമാറ്റം ആശങ്കാജനകമല്ലെന്നും, രാജ്യത്തിന്റെ അടിസ്ഥാന താൽപ്പര്യം ബംഗ്ലാദേശുമായുള്ള അടുത്ത സൗഹൃദവും, ബംഗ്ലാദേശ് ജനതയുടെ ക്ഷേമവുമാണെന്നും എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ ശശി തരൂർ പറഞ്ഞു.
"നമ്മൾ അവരെ സഹായിച്ചില്ലെങ്കിൽ അത് ഇന്ത്യയ്ക്ക് അപമാനമാകും. ഷെയ്ഖ് ഹസീന ഇന്ത്യയുടെ സുഹൃത്താണ്. ഇന്ത്യ അവരുടെയും സുഹൃത്താണ്. ഒരു സുഹൃത്ത് പ്രശ്നത്തിലാകുമ്പോൾ അവരെ സഹായിക്കണം. അതാണ് ഇന്ത്യ ചെയ്തത്. ഹസീനയെ ഇവിടെ കൊണ്ടുവരികയും സുരക്ഷ ഉറപ്പാക്കാക്കുകയും ചെയ്തതിലൂടെ സർക്കാർ ശരിയായ കാര്യമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: "തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ അമ്മ ബംഗ്ലാദേശിലേക്ക് തിരിക്കും": ഷെയ്ഖ് ഹസീനയുടെ മകൻ സജീബ് വാസെദ്
ഞങ്ങൾ ബംഗ്ലാദേശിലെ ജനങ്ങൾക്കൊപ്പമാണ്. ഇന്ത്യയുടെ സൗഹൃദം പുലർത്താത്ത സർക്കാരുകൾ അവിടെയുണ്ടായിരുന്നപ്പോഴും ബന്ധം കൂടുതൽ മികച്ച രീതിയിൽ നിലനിർത്താൻ കഴിഞ്ഞു. വരും കാലങ്ങളിലും ആ ബന്ധത്തിൽ ഒരു തകർച്ചയും ഉണ്ടാകരുത് എന്നും തരൂർ പറഞ്ഞു.
നിലവിൽ ബംഗ്ലാദേശിൽ മുഹമ്മദ് യൂനസിൻ്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിൽ ആശങ്ക ഇല്ല. മുഹമ്മദ് യൂനസിനെ വ്യക്തിപരമായി അറിയാം. അദ്ദേഹം വളരെ ആദരണീയനായ വ്യക്തിയാണ്. ജമാഅത്തെ ഇസ്ലാമിയുമായോ പാകിസ്ഥാൻ ഐഎസ്ഐയുമായോ അടുത്ത ബന്ധമുള്ള ഒരാളായി കാണുന്നതിനുപകരം അദ്ദേഹം വാഷിംഗ്ടണുമായി അടുപ്പമുള്ള ഒരാളാണെന്ന് താൻ കരുതുന്നതായും തരൂർ പറഞ്ഞു.
പാകിസ്ഥാനും ചൈനയും കലക്കവെള്ളത്തിൽ മീൻ പിടിക്കുമോ എന്നതാണ് ഇന്ത്യയുടെ വലിയ ആശങ്ക എന്നും അദ്ദേഹം പറഞ്ഞു. പ്രക്ഷോഭത്തിനിടെയുണ്ടായ ചില അക്രമ സംഭവങ്ങളിൽ പാകിസ്ഥാൻ ഐഎസ്ഐക്ക് പങ്കുണ്ടാകാൻ സാധ്യതയുണ്ട്. ബംഗ്ലാദേശിൽ ശക്തമായ സാന്നിധ്യമുള്ള ചൈനക്കാർ അക്രമം വിപുലീകരിക്കാനുള്ള ശ്രമം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.