സ്പോട് ലൈറ്റ്  
NEWSROOM

Nilambur Bypoll | നിലമ്പൂര്‍ ആരുടെ സ്വരാജ്യം?

ഇതുവരെ അന്‍വറിനാല്‍ സൃഷ്ടിക്കപ്പെട്ട് അന്‍വറിനാല്‍ നയിക്കപ്പെടുന്ന ഉപതെരഞ്ഞെടുപ്പ് എന്നായിരുന്നു പ്രതീതി

Author : അനൂപ് പരമേശ്വരന്‍

എം. സ്വരാജ് സ്ഥാനാർഥിയായതോടെ നിലമ്പൂരില്‍ വീണ്ടും ചര്‍ച്ചയാകുന്നത് കെ. കുഞ്ഞാലി - ആര്യാടന്‍ മുഹമ്മദ് മല്‍സരമാണ്. അതോടെ പെട്ടെന്ന് സീനില്‍ നിന്ന് ഇല്ലാതായത് പി.വി. അന്‍വര്‍ ആണ്. ഇതുവരെ അന്‍വറിനാല്‍ സൃഷ്ടിക്കപ്പെട്ട് അന്‍വറിനാല്‍ നയിക്കപ്പെടുന്ന ഉപതെരഞ്ഞെടുപ്പ് എന്നായിരുന്നു പ്രതീതി. എം. സ്വരാജ് സ്ഥാനാത്ഥിയായതോടെ ആ മല്‍സരം കെ. കുഞ്ഞാലി-ആര്യാടന്‍ പോരാട്ടത്തെ ഓര്‍മിപ്പിച്ചു. കെ. കുഞ്ഞാലി 1965ല്‍ ആര്യാടന്‍ മുഹമ്മദിനെതിരേ മല്‍സരിക്കുമ്പോള്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം മാത്രമായിരുന്നു. എം. സ്വരാജ് ഇപ്പോള്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും. കഥ അവിടെ തീര്‍ന്നില്ല. കോണ്‍ഗ്രസിന്റെ ഏറ്റവും പ്രായംകുറഞ്ഞ ഡിസിസി പ്രസിഡന്റ് ആയിരുന്ന ആര്യാടന്‍ മുഹമ്മദിനെയാണ് കെ. കുഞ്ഞാലി തോല്‍പ്പിച്ചത്. വേറെയുമുണ്ട് പ്രത്യേകത. ഒരു ദിവസം പോലും പ്രചാരണത്തിനിറങ്ങാതെയാണ് കെ. കുഞ്ഞാലി ജയിച്ചത്. അന്ന് കുഞ്ഞാലി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്നു.

1965ല്‍ കെ. കുഞ്ഞാലി ജയിലില്‍ കിടന്നു ജയിക്കാന്‍ മൂന്നു നാലു സാഹചര്യങ്ങളുണ്ടായി. ഒന്നാമത്തേത് നിലമ്പൂര്‍ കോവിലകത്തിന്റെ 200 ഏക്കര്‍ പിടിച്ചെടുത്ത് പാവങ്ങള്‍ക്കു വിതരണം ചെയ്ത സമരമായിരുന്നു. ആ സമരവും ഭൂവിതരണവും നയിച്ചത് കെ. കുഞ്ഞാലിയായിരുന്നു. സാധാരണക്കാരുടെ വോട്ട് കുഞ്ഞാലിക്കല്ലാതെ മറ്റാര്‍ക്കും വീഴുകയില്ലായിരുന്നു. രണ്ടാമത്തെ കാരണം അന്നവിടെ കോണ്‍ഗ്രസിനും മുസ്ലിം ലീഗിനും പ്രത്യേകം സ്ഥാനാര്‍ത്ഥിമാരായിരുന്നു. ലീഗിനെ കോണ്‍ഗ്രസ് അടുപ്പിക്കാതെ നടന്ന കാലമായിരുന്നു. ശരിക്കും ത്രികോണമല്ല ചതുഷ്‌കോണ മല്‍സരമാണ് നടന്നത്. കുഞ്ഞാലിയെ തോല്‍പ്പിക്കാന്‍ മാത്രമായി നിലമ്പൂര്‍ കോവിലകം പ്രതിനിധി മല്‍സരിച്ച തെരഞ്ഞെടുപ്പാണത്. ശ്രീവല്ലഭന്‍ തിരുമുല്‍പ്പാട് ആയിരുന്നു ആ നാലാമത്തെ സ്ഥാനാര്‍ത്ഥി.

ജയിലില്‍ കിടന്നു മല്‍സരിച്ച കെ കുഞ്ഞാലിക്കു കിട്ടിയത് 17,914 വോട്ട്. ആര്യാടന്‍ മുഹമ്മദിന് 10,753. ഭൂരിപക്ഷം 7,163. ആ ഭൂരിപക്ഷത്തിലും കൂടിയ വോട്ടാണ് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായ ഹമീദലി ഷംനാട് പിടിച്ചത് 8,868 വോട്ട്. കോണ്‍ഗ്രസിനു കിട്ടിയതിനേക്കാള്‍ 1,885 വോട്ട് മാത്രമാണ് മുസ്ലിം ലീഗിനു കുറവുണ്ടായിരുന്നത്. ശ്രീവല്ലഭന്‍ തിരുമുല്‍പ്പാടിന് 4,320 വോട്ടും ലഭിച്ചു. ബിജെപി ഉദയം കൊള്ളുന്നതിന് വര്‍ഷങ്ങള്‍ക്കുമുന്‍പുള്ള തെരഞ്ഞെടുപ്പായിരുന്നു. അന്നുണ്ടായിരുന്ന ജനസംഘമൊന്നും നിലമ്പൂര്‍ പോലുള്ള മണ്ഡലങ്ങളില്‍ പത്രിക കൊടുക്കാറും ഉണ്ടായിരുന്നില്ല. 1982 മുതലാണ് ബിജെപി മണ്ഡലത്തില്‍ മല്‍സരിക്കുന്നത്. 1965ല്‍ തിരുമുല്‍പ്പാട് നേടിയ 4,320 വോട്ടില്‍ കൂടുതല്‍ ബിജെപിക്കു കിട്ടാന്‍ പക്ഷേ, 2011 ആകേണ്ടി വന്നു. കെ.സി. വേലായുധന്‍ നേടിയ 4423 വോട്ട്. അത്രയേറെ എല്‍ഡിഎഫ് - യുഡിഎഫ് രാഷ്ട്രീയദ്വന്തം ശക്തമായ മണ്ണാണ് നിലമ്പൂര്‍.

നിലമ്പൂരിലെ കാലുമാറ്റങ്ങള്‍

1980ല്‍ കോണ്‍ഗ്രസ് ഐക്കു വേണ്ടി ടി.കെ. ഹംസ മല്‍സരിച്ച തെരഞ്ഞെടുപ്പുണ്ട്. കെ. കരുണാകരനൊപ്പം നിന്ന കോണ്‍ഗ്രസിന്റെ ഭാഗമായിരുന്നു ഹംസ. അന്ന് കോണ്‍ഗ്രസ് യുണൈറ്റഡിന്റെ സ്ഥാനാര്‍ത്ഥി സി.എച്ച്. ഹരിദാസ് ആയിരുന്നു. ഇടതുപക്ഷത്തോടൊപ്പം നിന്ന യു കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി. അന്നു കോണ്‍ഗ്രസിനുവേണ്ടി മല്‍സരിച്ചു തോറ്റ ടി.കെ. ഹംസയാണ് 1982ല്‍ സിപിഐഎം സ്വതന്ത്രനായി ജയിച്ചത്. കുഞ്ഞാലിക്കെതിരായ ആദ്യ മല്‍സരത്തിനിറങ്ങുമ്പോള്‍ ആര്യാടന്‍ എന്നതുപോലെ ടി.കെ. ഹംസയും അന്ന് ഡിസിസി പ്രസിഡന്റായിരുന്നു. ഡിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്നു വന്ന് മല്‍സരിച്ചത് സിപിഐഎം സ്വതന്ത്രനായിട്ടാണ് എന്നുമാത്രം. നിലമ്പൂരില്‍ ഇതിനു മുന്‍പ് സിപിഐഎം സ്ഥാനാത്ഥികള്‍ ഉണ്ടായിട്ടില്ല എന്ന് ഇതിന് അര്‍ത്ഥമില്ല. പി. ശ്രീരാമകൃഷ്ണനും കെ. കുഞ്ഞാലിയും മാത്രമല്ല ഇവിടെ പാര്‍ട്ടി ചിഹ്നത്തില്‍ മല്‍സരിച്ചിട്ടുള്ളത്. 1970ല്‍ പി.വി. കുഞ്ഞിക്കണ്ണനും 1977ല്‍ കെ. സെയ്ദാലിക്കുട്ടിയും സിപിഐഎം ചിഹ്നത്തില്‍ തന്നെയാണ് മല്‍സരിച്ചത്. 1987ല്‍ ദേവദാസ് പൊറ്റെക്കാടും സിപിഐഎം ചിഹ്നത്തില്‍ മല്‍സരിച്ചയാളാണ്. പിന്നീട് സ്വതന്ത്ര പരീക്ഷണങ്ങളായിരുന്നു കൂടുതല്‍. കെ അബ്ദുറഹ്‌മാനും പി. അന്‍വര്‍ മാസ്റ്ററും എം. തോമസ് മാത്യുവുമൊക്കെയായിരുന്നു എല്‍ഡിഎഫിനായി മല്‍സരിച്ചത്. ശേഷം പി.വി. അന്‍വറിന്റെ ഊഴവും. പി.വി. അന്‍വര്‍ 2016ല്‍ ഇതേ ആര്യാടന്‍ ഷൗക്കത്തിനെ തോല്‍പ്പിക്കുമ്പോള്‍ മറ്റൊരു പ്രത്യേകത ഉണ്ടായിരുന്നു. ദീര്‍ഘകാലം പിതാവ് ജയിച്ച ശേഷം അതേ മണ്ഡലത്തില്‍ പുത്രന്‍ മല്‍സരിക്കുന്നതിന്റെ എതിര്‍പ്പായിരുന്നു അത്.

എം. സ്വരാജ് മല്‍സരിക്കാന്‍ തീരുമാനിക്കുമ്പോള്‍

എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി, തൃപ്പൂണിത്തുറ എംഎല്‍എ തുടങ്ങിയ ചുമതലകളും പദവികളും ഉണ്ടായിരന്നകാലത്തേക്കാള്‍ എം. സ്വരാജ് ശ്രദ്ധിക്കപ്പെട്ടത് രണ്ടുമൂന്നു വിഷയങ്ങളിലൂടെയാണ്. ആദ്യത്തേത് മലബാര്‍ കലാപത്തെത്തുടര്‍ന്ന് ഉയര്‍ന്നുവന്ന ചര്‍ച്ചയാണ്. മലബാര്‍ കലാപം സ്വാതന്ത്ര്യ സമരമല്ല എന്ന് ചരിത്ര കൌണ്‍സില്‍ തീരുമാനിച്ചപ്പോള്‍ അതിനെതിരേ ഏറ്റവും ശക്തമായ സാസ്‌കാരിക ചര്‍ച്ച നയിച്ചവരില്‍ ഒരാളായിരുന്നു എം സ്വരാജ്. ആ സമരത്തിന്റെ നേതാക്കളില്‍ ഓരോരുത്തരുടേയും പേരെടുത്തുപറഞ്ഞ് അവരുടെ പങ്കാളിത്തം വിവരിച്ച് സ്വരാജ് നയിച്ച ചര്‍ച്ചകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. രണ്ടാമത്തേത് ബാബറി മസ്ജിദിലെ കോടതിവിധിയില്‍ നടത്തിയ പരാമര്‍ശം. 'നിഷ്‌കളങ്കരേ മറിച്ചൊരു വിധി നിങ്ങള്‍ പ്രതീക്ഷിച്ചിരുന്നോ' എന്ന ആ ചോദ്യം ഉണ്ടാക്കിയ അല ഇപ്പോഴുമുണ്ട്. മൂന്നാമത്തേത് പലസ്തീനു വേണ്ടി സമീപകാലത്തു നയിച്ച ചര്‍ച്ചകളാണ്. എല്ലാ വിഷയത്തിലും പാര്‍ട്ടി ലൈനില്‍ സംസാരിക്കുന്ന എം. സ്വരാജ് ഈ മൂന്നു വിഷയങ്ങളില്‍ മറ്റൊരു കീഴ്വഴക്കത്തിനും തുടക്കമിട്ടു. പാര്‍ട്ടി ലൈന്‍ തന്നെ ഏറ്റവും തെളിച്ചത്തോടെ വരച്ചിട്ടത് കുറിക്കുകൊള്ളുന്ന ആ വാക്കുകളായിരുന്നു. ആ പ്രയോഗങ്ങളാണ് പിന്നീട് സിപിഐഎം നേതാക്കള്‍ മറ്റുവേദികളില്‍ ആവര്‍ത്തിച്ചത്.

ഉപതെരഞ്ഞെടുപ്പിലെ രാഷ്ട്രീയ യുദ്ധം

ഒരു ഉപതെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്തത് 2012ല്‍ നെയ്യാറ്റിന്‍കരയാണ്. കേരളത്തിന് അത്ര പരിചിതമല്ലാത്ത ഉപതെരഞ്ഞെടുപ്പാണ് അന്നു നടന്നത്. സിപിഐഎം എംഎല്‍എയായിരുന്ന ആര്‍. സെല്‍വരാജ് രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോള്‍ ഉണ്ടായ ഉപതെരഞ്ഞെടുപ്പ്. വെറും രണ്ടു സീറ്റിന്റെ മാത്രം ഭൂരിപക്ഷം ഉണ്ടായിരുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൂറുമാറ്റത്തിലൂടെ ആളെ കൂട്ടാന്‍ നടത്തിയ ഉപതെരഞ്ഞെടുപ്പായിരുന്നു അത്. അവിടെ ഉമ്മന്‍ചാണ്ടിയുടെ അപാരമായ ആത്മവിശ്വാസം ജയിച്ചു. കെ. സെല്‍വരാജ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. രാഷ്ട്രീയം ആ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചചെയ്യപ്പെട്ടതു പോലെ മറ്റൊരു തെരഞ്ഞെടുപ്പിലും ഉണ്ടായിട്ടില്ല. ബിജെപി തീര്‍ത്തും അപ്രസക്തമായി അതുവരെ കരുതിയരുന്ന മണ്ഡലത്തില്‍ ഒ. രാജഗോപാലിനെ മല്‍സരിപ്പിച്ച് ത്രികോണ മല്‍സരവുമാക്കി. അതിനു ശേഷവും മുന്‍പും നടന്ന ഉപതെരഞ്ഞെടുപ്പുകളൊക്കെ ഏകപക്ഷീയമായ മല്‍സരങ്ങളായിരുന്നു. നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പിനേക്കാള്‍ ശക്തമായ രാഷ്ട്രീയമാണ് ഇത്തവണ നിലമ്പൂര്‍ പറയുക. കോണ്‍ഗ്രസിന്റെ സംസ്ഥാന നേതാക്കളെല്ലാം രണ്ടു ദിവസം മുന്‍പു തന്നെ നിലമ്പൂരില്‍ എത്തിക്കഴിഞ്ഞു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്തെ തന്നെ മല്‍സരിപ്പിച്ച് സിപിഐഎമ്മും രാഷ്ട്രീയം പ്രഖ്യാപിച്ചു. ഇനി ശരിക്കുമറിയാം നിലമ്പൂര്‍ ആരുടെ സ്വരാജ്യമാണെന്ന്.

SCROLL FOR NEXT