മഹേജ് ബാബുവിന് ഒപ്പം എസ്.എസ്. രാജമൗലി Source: X / Mahesh Babu
NEWSROOM

"എട്ട് മണിക്കൂർ ജോലി ചെയ്യും, ഷൂട്ടിങ്ങിനിടെ ഫോണിൽ നോക്കില്ല"; മഹേഷ് ബാബുവിനെ പ്രശംസിച്ച് രാജമൗലി

2027 ഏപ്രിലിൽ എസ്.എസ്. രാജമൗലി- മഹേഷ് ബാബു ചിത്രം 'വാരണാസി' പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്

Author : ന്യൂസ് ഡെസ്ക്

ഹൈദരാബാദ്: തെലുങ്ക് മുന്‍നിര താരം മഹേഷ് ബാബുവിനെ പ്രശംസിച്ച് സംവിധായകൻ എസ്.എസ്. രാജമൗലി. മഹേഷ് ബാബുവിനെ നായകനാക്കി രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ റിവീൽ ചടങ്ങിലാണ് നടനെ സംവിധായകന്‍ പ്രശംസിച്ചത്. 'വാരണാസി' എന്നാണ് സിനിമയുടെ പേര്. ഹൈദരാബാദിലെ റാമോജി റാവു ഫിലിം സിറ്റിയിൽ നടന്ന അതിഗംഭീര ചടങ്ങിലാണ് ടൈറ്റിൽ പ്രഖ്യാപിച്ചത്. മഹേഷ് ബാബുവിന്റെ ഫസ്റ്റ് ലുക്ക് വീഡിയോയും പരിപാടിയിൽ പുറത്തിറക്കി. പൃഥ്വിരാജ് സുകുമാരൻ വില്ലനായെത്തുന്ന ചിത്രത്തിൽ പ്രിയങ്ക ചോപ്രയാണ് നായിക.

എല്ലാവരും മഹേഷ് ബാബുവിനെ കണ്ട് പഠിക്കണം എന്നാണ് എസ്.എസ്. രാജമൗലി അഭിപ്രായപ്പെട്ടത്."മഹേഷ് ബാബുവിന്റെ ക്യാരക്ടറിൽ ചിലതുണ്ട്; നമുക്കെല്ലാവർക്കും അദ്ദേഹത്തിൽ നിന്ന് പഠിക്കാൻ കഴിയുന്ന ചിലത്. ഓഫീസിലേക്കോ ഷൂട്ടിങ്ങിനോ വരുമ്പോൾ അദ്ദേഹം തന്റെ മൊബൈൽ ഫോൺ തൊടില്ല. അദ്ദേഹം എട്ട് മണിക്കൂർ ജോലി ചെയ്യും. തിരികെ പോകുമ്പോൾ മാത്രമേ അദ്ദേഹം മൊബൈൽ ഫോൺ നോക്കൂ," രാജമൌലി പറഞ്ഞു.

'രുദ്ര' എന്ന കഥാപാത്രത്തെയാണ് 'വാരണാസി'യിൽ മഹേഷ് ബാബു അവതരിപ്പിക്കുന്നത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ.എൽ. നാരായണ, എസ്.എസ്. കർത്തികേയ എന്നിവരാണ് നിർമിക്കുന്നത്. കീരവാണിയാണ് 'വാരണാസി'യുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.

ഐമാക്‌സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാനുഭവം സമ്മാനിക്കുമെന്നുറപ്പാണ്. ബാഹുബലിയും ആർ ആർ ആറും ഒരുക്കിയ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വാരണാസി 2027ൽ തിയേറ്ററുകളിലേക്കെത്തും.

SCROLL FOR NEXT