ചൂരൽമലയിൽ രക്ഷാപ്രവർത്തനം നടത്തുന്നവർ 
NEWSROOM

സംസ്ഥാനത്ത് ഇന്നും നാളെയും ദു:ഖാചരണം; ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും

സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള പൊതുചടങ്ങുകളും ആഘോഷ പരിപാടികളും മാറ്റിവയ്‌ക്കണമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.

Author : ന്യൂസ് ഡെസ്ക്

വയനാട് ജില്ലയിലെ ചൂരല്‍മലയിലുണ്ടായ പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ജൂലൈ 30, 31 തീയതികളില്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ ഔദ്യോഗിക ദുഃഖാചരണം നടത്തും. വയനാട്ടിലെ ദുരന്തത്തില്‍ അനേകം പേര്‍ക്ക് ജീവഹാനിയുണ്ടായതിലും വസ്തുവകകള്‍ക്ക് നാശനഷ്ടം സംഭവിച്ചതിലും സര്‍ക്കാര്‍ അതീവ ദുഃഖം രേഖപ്പെടുത്തി. ദുഃഖാചരണ കാലയളവില്‍ സംസ്ഥാനമൊട്ടാകെ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടണമെന്നും, സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള പൊതുചടങ്ങുകളും ആഘോഷ പരിപാടികളും മാറ്റിവയ്‌ക്കണമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.

വയനാട്ടിലെ ഉരുൾപൊട്ടലുണ്ടായ പ്രദേശത്തെ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി സ്പെഷ്യൽ ഓഫീസറെ സർക്കാർ ചുമതലപ്പെടുത്തി. സീറാം സാംബശിവ റാവു ഐഎഎസിനെ ഇതിനായി ചുമതലപ്പെടുത്തികൊണ്ടുള്ള സർക്കാർ ഉത്തരവ് പുറത്തുവന്നു. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ആണ് സീറാം സാംബശിവ റാവു. ഗവർണർ ഓർഡറിന് പിന്നാലെയാണ് ജനറൽ അഡ്മിനിസ്ട്രേഷൻ അഡിഷണൽ സെക്രട്ടറി എം അഞ്ജന ഐഎഎസ് ഉത്തരവിറക്കിയിരിക്കുന്നത്. രക്ഷാപ്രവർത്തനത്തിൽ ജില്ലാ കളക്ടറെയും ജില്ലാ ഭരണകൂടത്തേയും സഹായിക്കുക, രക്ഷാപ്രവർത്തനം ഏകോപിക്കുക എന്നിവയാണ് സീറാം സാംബശിവ റാവു ഐഎഎസിനെ ഏൽപ്പിച്ചിരിക്കുന്ന ഉത്തരവാദിത്തങ്ങൾ.

വയനാട് മുണ്ടക്കൈ ചൂരല്‍മലയിലെ ഉരുൾപൊട്ടലിൽ മരണം 80 കടന്നു. ഉച്ചയ്ക്ക് രണ്ടു മണി വരെ 116 പേരെ പരുക്കളോടെ രക്ഷപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ പേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് സംശയിക്കുന്നത്.

SCROLL FOR NEXT