NEWSROOM

ഹൃദയം നുറുങ്ങുമ്പോഴും ക്യാമ്പുകളില്‍ അതിജീവനത്തിന്‍റെ 'പുതുജന്മം'; വ്യത്യസ്തമായി സുധാകരന്റെ പിറന്നാൾ ആഘോഷം

മേപ്പാടി സെന്റ് ജോസഫ് ഗേൾസ്‌ ഹൈ സ്കൂളിലെ ക്യാമ്പിലാണ് അന്തേവാസിയായ സുധാകരന്റെ പിറന്നാൾ ആഘോഷം സംഘടിപ്പിച്ചത്

Author : ന്യൂസ് ഡെസ്ക്

അപ്രതീക്ഷിതമായി എത്തിയ ദുരന്തത്തിൽ പകച്ച് നിൽക്കുകയാണ് മുണ്ടക്കൈ-ചൂരൽമല നിവാസികൾ. ആയിരങ്ങളാണ് ക്യാമ്പുകളിൽ ഹൃദയം നുറുങ്ങി കഴിയുന്നത്. ക്യാമ്പുകളിലെ ഓരോരുത്തരെയും മാനസികമായി താങ്ങിനിർത്തുന്നതിനായി പല വഴികളും തേടുകയാണ് സംഘാടകർ. അത്തരത്തിലുള്ള ഒരു കാഴ്ചയായിരുന്നു ക്യാമ്പിലെ പിറന്നാൾ ആഘോഷം.


മേപ്പാടി സെന്റ് ജോസഫ് ഗേൾസ്‌ ഹൈ സ്കൂളിലെ ക്യാമ്പിലാണ് അന്തേവാസിയായ സുധാകരന്റെ പിറന്നാൾ ആഘോഷം സംഘടിപ്പിച്ചത്. നഷ്ടപ്പെട്ട് പോയതൊന്നും തിരികെ നൽകാൻ ആകില്ലെങ്കിലും ദുരന്ത മുഖത്ത് പകച്ചുനിൽക്കുന്നവരെ ചേർത്തുനിർത്താനുള്ള കൂട്ടായ ശ്രമമാണ് ഇത്തരത്തിൽ ഓരോ ക്യാമ്പുകളിലും നടക്കുന്നത്. ക്യാമ്പുകൾ സങ്കട കഥകളുടെ ഇടങ്ങളാകാതെ അതിജീവനത്തിന്റെ വേദികളാകാൻ വേണ്ടിയാണ് ഇത്തരം കൂട്ടായ്മകൾ സംഘടിപ്പിക്കുന്നതെന്ന് ക്യാമ്പിന് നേതൃത്വം നൽകുന്നവർ പറയുന്നു.

വയനാടിനെ പിടിച്ചുകുലുക്കിയ ഉരുൾപ്പൊട്ടലിൽ ഇത്രയും കാലം കൊണ്ട് സമ്പാദിച്ച സർവ്വതും നഷ്ടപ്പെട്ടതിന്റെ വേദനയിലാണ് മുണ്ടക്കൈയും ചൂരൽമലയും. മനസിന് മുറിവേറ്റ് ക്യാമ്പിൽ കഴിയുമ്പോഴും തോറ്റുകൊടുക്കാൻ ഇവരാരും തയ്യാറല്ല എന്ന് തെളിയിക്കുകയാണ് ആ മനുഷ്യർ. അപ്രതീക്ഷിത ദുരന്തത്തെ ഒരുമിച്ച് തോൽപ്പിക്കുമെന്ന ദൃഢനിശ്ചയത്തോടെ.

SCROLL FOR NEXT