മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം നിഷേധിച്ച് സുപ്രീംകോടതി. കെജ്‌രിവാളിൻ്റെ ജാമ്യാപേക്ഷയിൽ സിബിഐയുടെ പ്രതികരണം ആവശ്യപ്പെട്ട കോടതി കേസ് ആഗസ്റ്റ് 23 ന് വീണ്ടും പരിഗണിക്കുമെന്നും അറിയിച്ചു.
ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഉജ്വൽ ഭൂയൻ എന്നിവരടങ്ങുന്ന രണ്ടംഗ ബെഞ്ചാണ് ഇന്ന് ഹർജി പരിഗണിച്ചത്. ഇഡി കേസിൽ ജൂലൈ പന്ത്രണ്ടിന് സുപ്രിംകോടതി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാലജാമ്യം അനുവദിച്ചെങ്കിലും സിബിഐ കേസിൽ വീണ്ടും ജയിലിൽ തുടരുകയായിരുന്നു. മദ്യനയ അഴിമതി കേസിൽ ജയിലിലായിരുന്ന ഡൽഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയക്ക് കഴിഞ്ഞ ആഴ്ച സുപ്രീംകോടതി ജാമ്യം അനുവദിച്ച സാഹചര്യത്തിലാണ് കെജ്‌രിവാൾ വീണ്ടും ജാമ്യാപേക്ഷയുമായി സുപ്രീംകോടതിയെ സമീപിച്ചത്.
കെജ്‌രിവാളിന് വേണ്ടി വാദിച്ച മുതിർന്ന അഭിഭാഷകൻ അഭിഷേക് സിംഗ്‌വി ഇതൊരു വിചിത്ര സാഹചര്യമാണെന്ന് കോടതിയിൽ ചൂണ്ടിക്കാട്ടി. "കള്ളപ്പണം വെളുപ്പിക്കൽ തടയൽ കേസിൽ (പിഎംഎൽഎ) മെയ് 10 ന് കെജ്രിവാളിന് ഇടക്കാല ജാമ്യം ലഭിച്ചു.അതിനുശേഷം ജൂലൈയിൽ അദ്ദേഹത്തിന് സുപ്രീം കോടതിയിൽ നിന്ന് ഇടക്കാല ജാമ്യം ലഭിച്ചു. സിബിഐ കേസിൽ കീഴ്ക്കോടതിയും ജാമ്യം അനുവദിച്ചു" ഈ രീതിയിൽ , മൂന്ന് ജാമ്യ ഉത്തരവുകളാണ് നൽകിയതെന്ന് എഎപി നേതാവിൻ്റെ ജയിൽവാസത്തെ "ഇൻഷുറൻസ് അറസ്റ്റ്" എന്ന് വിശേഷിപ്പിച്ചു കൊണ്ട് സിംഗ്‌വി പറഞ്ഞു.