
ഡൽഹി മദ്യനയ അഴിമതി കേസിൽ സിബിഐ അറസ്റ്റിനെ ചോദ്യം ചെയ്തുള്ള അരവിന്ദ് കെജ്‌രിവാളിൻ്റെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഉജ്വൽ ഭൂയൻ എന്നിവരടങ്ങുന്ന രണ്ടംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
മദ്യനയ അഴിമതി കേസിൽ നീതി നിഷേധിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ഡൽഹി മുഖ്യമന്ത്രി ജാമ്യാപേക്ഷയുമായി സുപ്രിംകോടതിയെ വീണ്ടും സമീപിക്കുന്നത്. ഇഡി കസ്റ്റഡിയിലിരിക്കെ ജൂൺ 26 നാണ് കെജ്രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തത്. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ, ഡൽഹി കോടതി കെജ്‌രിവാളിൻ്റെയും ബിആർഎസ് നേതാവ് കെ. കവിതയുടെയും ഉൾപ്പടെ പ്രതികളുടെ ജുഡീഷ്യൽ കസ്റ്റഡി സെപ്റ്റംബർ രണ്ടുവരെ നീട്ടിയിട്ടുണ്ട്. ഡൽഹി കോടതിയിൽ അരവിന്ദ് കെജ്‌രിവാൾ ജാമ്യാപേക്ഷ നൽകിയെങ്കിലും വിചാരണകോടതിയെ സമീപിക്കാനായിരുന്നു കോടതിയുടെ നിർദേശം.
ജൂലൈ പന്ത്രണ്ടിന് സുപ്രിംകോടതി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാലജാമ്യം അനുവദിച്ചെങ്കിലും സി ബി ഐ കേസിൽ വീണ്ടും ജയിലിൽ തുടർന്നു. മദ്യനയ അഴിമതി കേസിൽ ജയിലിലായിരുന്ന ഡൽഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയക്ക് കഴിഞ്ഞ ആഴ്ച സുപ്രിം കോടതി ജാമ്യം അനുവദിച്ചു. ഈ സഹചര്യത്തിലാണ് മുഖ്യമന്ത്രി കെജ്‌രിവാൾ ജാമ്യാപേക്ഷയുമായി സുപ്രിംകോടതിയെ സമീപിക്കുന്നത്.