NEWSROOM

ലോകത്തിലെ ഏറ്റവും അപകടകരമായ സ്ഥലത്ത് ഒറ്റപ്പെട്ടു; സൗദിയില്‍ തെലങ്കാന സ്വദേശി മരിച്ചത് വെള്ളം പോലും കിട്ടാതെ

ദിശയറിയാതെ ഏറെ ദൂരം സഞ്ചരിച്ചതോടെ വാഹനത്തിലെ ഇന്ധനവും തീര്‍ന്നു. നാല് ദിവസം കൊടും ചൂടില്‍ വെള്ളം പോലും ലഭിക്കാതെ നിര്‍ജലീകരണം സംഭവിച്ചായിരുന്നു ഷെഹ്‌സാദിന്റെ മരണം

Author : ന്യൂസ് ഡെസ്ക്

സൗദി അറേബ്യയില്‍ തെലങ്കാന സ്വദേശിക്ക് ദാരുണാന്ത്യം. തെലങ്കാനയിലെ കരിംനഗര്‍ സ്വദേശി മുഹമ്മദ് ഷെഹ്‌സാദ് ഖാന്‍(27) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് ഷെഹ്‌സാദിന്റെ മൃതദേഹം സൗദി അറേബ്യയിലെ റബ് അല്‍ ഖാലി മരുഭൂമിയില്‍ കണ്ടെത്തിയത്. ലോകത്തിലെ ഏറ്റവും അപകടകരമായ സ്ഥലങ്ങളിലൊന്നായാണ് ഈ മരുഭൂമി അറിയപ്പെടുന്നത്.

സൗദിയിലെ ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയില്‍ മൂന്ന് വര്‍ഷമായി ജോലി ചെയ്തു വരികയായിരുന്നു ഷെഹ്‌സാദ്. മരുഭൂമിയില്‍ വിജനമായ സ്ഥലത്ത് ഒറ്റപ്പെട്ട നിലയിലാണ് ഷെഹ്‌സാദ് സഞ്ചരിച്ച വാഹനം കണ്ടെത്തിയത്.

650,000 ചതുരശ്ര കി.മീ  ദൂരത്തോളം വ്യാപിച്ചു കിടക്കുന്ന മരുഭൂമിയാണ് റബ് അല്‍ ഖാലി. സൗദിക്ക് പുറമേ, യെമൻ, ഒമാൻ, യുഎഇ എന്നിവിടങ്ങളിലും മരുഭൂമി വ്യാപിച്ചു കിടക്കുന്നു. കഠിനമായ കാലാവസ്ഥയ്ക്ക് പേരുകേട്ട സ്ഥലമാണിത്. ഇവിടെ വെള്ളം പോലും കിട്ടാതെയായിരുന്നു ഷെഹ്‌സാദിന്റെ മരണം. ജിപിഎസ് സിഗ്നല്‍ നഷ്ടമായതോടെയാണ് മരുഭൂമിയില്‍ ഒറ്റപ്പെട്ടത്. ഷെഹ്‌സാദിനൊപ്പം ഒരു സുഡാനി പൗരനും വാഹനത്തിലുണ്ടായിരുന്നു. സിഗ്നല്‍ നഷ്ടപ്പെട്ടതിനു പിന്നാലെ ഷെഹ്‌സാദിന്റെ മൊബൈലും ബാറ്ററി കഴിഞ്ഞ് ഓഫായി. ഇതോടെ, മരുഭൂമിയില്‍ ഒറ്റപ്പെട്ട വിവരം പുറംലോകത്തെ അറിയിക്കാനായില്ല. 

ദിശയറിയാതെ ഏറെ ദൂരം സഞ്ചരിച്ചതോടെ വാഹനത്തിലെ ഇന്ധനവും തീര്‍ന്നു. നാല് ദിവസം കൊടും ചൂടില്‍ വെള്ളം പോലും ലഭിക്കാതെ നിര്‍ജലീകരണം സംഭവിച്ചായിരുന്നു ഷെഹ്‌സാദിന്റെ മരണം. കൂടെയുണ്ടായിരുന്ന സുഡാനി പൗരനും മരണപ്പെട്ടു. കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് ഇരുവരുടേയും മൃതദേഹം മരുഭൂമിയില്‍ കണ്ടെത്തിയത്. വാഹനത്തിന് പുറത്ത് മണല്‍തിട്ടയിലായിരുന്നു മൃതദേഹം.



SCROLL FOR NEXT