NEWSROOM

ആകെയൊരു നീല, തനിയെ റീസ്റ്റാര്‍ട്ടാകുന്ന കംപ്യൂട്ടറുകള്‍.. ആദ്യം ഞെട്ടിയും പിന്നെ ആഘോഷിച്ചും സോഷ്യല്‍ മീഡിയ

സെക്കന്‍ഡുകളുടെ വ്യത്യാസത്തിൽ ചെയ്തുവച്ച പ്രൊജക്റ്റുകളെല്ലാം ചീട്ടു കൊട്ടാരം പോലെ തകർന്നു വീണു.

Author : പ്രിയ പ്രകാശന്‍

ലോകാത്താകെ ഒരു നീലമയം. വലത്തോട്ട് നോക്കിയാലും ഇടത്തോട്ട് നോക്കിയാലും എങ്ങോട്ട് തിരിഞ്ഞാലും നീല നിറം. എല്ലാം സിസ്റ്റത്തിലുണ്ടല്ലോ എന്ന് കരുതിയിരുന്നവർക്ക് നല്ല ഒന്നാം തരം പണിയാണ് മൈക്രോസോഫ്റ്റ് നൽകിയത്. ജോലിചെയ്യാനെത്തിയവർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത് നീല നിറമാണ്. ജോലി തുടങ്ങിയവർക്ക് സ്ക്രീനിൽ തെളിഞ്ഞത് പ്രതീക്ഷയുടേയും നിരാശയുടേയും നീല നിറം. ജോലി ചെയ്തോണ്ടിരിക്കുമ്പോൾ പെട്ടെന്ന് നിലച്ചുപോയ അവസ്ഥയിൽ ആളുകളും നിശ്ചലമായി. മറ്റു ചിലർ ജോലി ചെയ്യുന്നതിൽ നിന്ന് താൽക്കാലികമായി രക്ഷപ്പെട്ടു.

സോഫ്റ്റ് വെയറുകളിലാകെ നീല നിറം പകർന്നത് ലോകജനതയുടെ ജീവിതത്തിൽ കുറച്ചു നേരത്തെക്കാണെങ്കിലും കരിനിഴൽ വീഴ്ത്തി. ചിലർക്ക് ഇന്നത്തെ വെള്ളി ദുഃഖ വെള്ളിയും മറ്റ് ചിലർക്കിത് സന്തോഷത്തിൻ്റെ വെള്ളിയുമായി മാറി. തിരക്കിട്ട ജോലികളിൽ നീലനിറം പകർന്നത് ചെറുതൊന്നുമല്ലാത്ത ആശ്വാസമാണ്. എന്നാൽ മറ്റു ചിലർക്ക് ആശങ്കയുടെ മുൾമുനയിൽ നിർത്തിയ നിമിഷങ്ങളായിരുന്നു. ഏതെങ്കിലും ഒരു ജോലിയിൽ മുഴുകി അതിൻ്റെ അവസാന ഘട്ടത്തിലെത്തിയവർക്കും എട്ടിൻ്റെ പണിയാണ് മൈക്രോസോഫ്റ്റ് കാത്തുവെച്ചത്. സെക്കന്‍ഡുകളുടെ വ്യത്യാസത്തിൽ ചെയ്തുവച്ച പ്രൊജക്റ്റുകളെല്ലാം ചീട്ടു കൊട്ടാരം പോലെ തകർന്നു വീണു. ഇതൊക്കെ തിരിച്ചുകിട്ടുമോ, ഇല്ലയോ എന്ന ആശങ്ക പടര്‍ന്നു.

കാര്യം മനസിലായവർ പിന്നീട് തങ്ങൾക്ക് കിട്ടിയ സുവർണ നിമിഷത്തെ ആഘോഷമാക്കി. സോഷ്യൽ മീഡിയയിൽ നീല നിറങ്ങൾ വാരി വിതറിക്കൊണ്ട് പോസ്റ്റുകൾ പങ്കുവെച്ചു. ജോലി സമർദത്തിൽ നിന്ന് മോചനം ലഭിച്ചവർ ഓഫീസ് മുറികൾ ആഘോഷത്തിൻ്റെ ഇടങ്ങളാക്കി മാറ്റി.

ഭൂമിയിൽ മാത്രമല്ല അങ്ങ് ആകാശത്തും നീല നിറം ഒന്നു കൂടി തെളിഞ്ഞു. ലോകമെമ്പാടുമുള്ള വിമാനങ്ങൾ റദ്ദാക്കുന്നതിനും വൈകുന്നതിനും കാരണമായി. പല വിമാനക്കമ്പനികൾക്കും തകരാറ് ബാധിച്ചു. നിരവധി വിമാനങ്ങൾ നിർത്തിവെയ്ക്കുകയും പ്രവർത്തനങ്ങൾ തടസ്സപ്പെടുകയും ചെയ്തു. മുംബൈ, ഡൽഹി, വിമാനത്താവങ്ങളിൽ ഓൺലെൻ സേവനങ്ങൾ പൂർണമായും നിലച്ചു.

സോഫ്റ്റ്‌വെയർ പണി മുടക്കിയതുമായി ബന്ധപ്പെട്ട് വിവരങ്ങൾ പോലും കൃത്യമായി ആശയവിനിമയം നടത്താനാവുന്നില്ലെന്ന വിവരവും അവർ പങ്കുവെച്ചു. തടസം നേരിട്ടതിൽ ക്ഷമ ചോദിക്കുന്നതായും അവർ അറിയിച്ചു. ബാങ്ക് സർവീസും മാധ്യമ സ്ഥാപനങ്ങളും പ്രതിസന്ധിയിലായി. നീല നിറം ഒരു നിമിഷത്തേക്കെങ്കിലും ലോകത്തെയാകെ സ്തംഭിപ്പിച്ചു.


SCROLL FOR NEXT