കമലാ ഹാരിസും ഡൊണാള്‍ഡ് ട്രംപും 
NEWSROOM

ബൈഡനേക്കാൾ എളുപ്പത്തിൽ കമലയെ പരാജയപ്പെടുത്തുമെന്ന് ട്രംപ്; ജയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് കമല

കഴിഞ്ഞ ദിവസം നടന്ന റിപ്പബ്ലിക്കന്‍ പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിലും ഡൊണാള്‍ഡ് ട്രംപ് ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിത്വത്തെ പരിഹസിച്ചിരുന്നു

Author : ന്യൂസ് ഡെസ്ക്

യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ നിന്നും ജോ ബൈഡന്‍ പിന്മാറിയതോടെ ഡെമോക്രാറ്റിക് പാർട്ടിയെയും ബൈഡനെയും കടന്നാക്രമിച്ച് ഡൊണാള്‍ഡ് ട്രംപ്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ബൈഡൻ യോഗ്യനല്ലെന്ന് പറഞ്ഞ ട്രംപ്, നവംബറിലെ തെരഞ്ഞെടുപ്പിൽ കമല ഹാരിസിനെ പരാജയപ്പെടുത്തുന്നത് ബൈഡനെ പരാജയപ്പെടുത്തുന്നതിനേക്കാൾ എളുപ്പമെന്നും പരിഹസിച്ചു. രണ്ടുപേരും തമ്മിൽ വലിയ വ്യതാസമൊന്നും ഇല്ലെന്നും താനാണ് പ്രസിഡന്റ്‌ സ്ഥാനത്തിന് യോഗ്യനെന്നും ട്രംപ് പറഞ്ഞു.

കഴിഞ്ഞ ദിവസം നടന്ന റിപ്പബ്ലിക്കന്‍ പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിലും ഡൊണാള്‍ഡ് ട്രംപ് ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിത്വത്തെ പരിഹസിച്ചിരുന്നു. ബൈഡനെ ദുർബലനായ വൃദ്ധന്‍ എന്നായിരുന്നു ട്രംപ് വിശേഷിപ്പിച്ചത്. തെരഞ്ഞെടുപ്പ് പ്രചരണം പുരോഗമിക്കുമ്പോഴും, ബൈഡൻ്റെ സ്ഥാനാർഥിത്വത്തെ സംബന്ധിച്ച് ഡെമോക്രാറ്റിക് പാർട്ടിക്കുള്ളിൽ തന്നെ അഭിപ്രായ വ്യത്യാസങ്ങൾ ഉയർന്നിരുന്നു.

അതേസമയം, തെരഞ്ഞെടുപ്പിനുള്ള ഡെമോക്രാറ്റിക് പാർട്ടിയുടെ നോമിനിയായി പ്രസിഡൻ്റ് ജോ ബൈഡൻ്റെ അംഗീകാരം ലഭിച്ചതിൽ ബഹുമാനമുണ്ടെന്ന് യുഎസ് വൈസ് പ്രസിഡൻ്റ് കമലാ ഹാരിസ് പറഞ്ഞു. ഡൊണാൾഡ് ട്രംപിനെയും അദ്ദേഹത്തിന്റെ പാർട്ടിയെയും പരാജയപ്പെടുത്താൻ ഏതറ്റം വരെയും പോകുമെന്നും, ഇതിനായി രാജ്യത്തെ ഒന്നിപ്പിക്കുക എന്നതാണ് തൻ്റെ ലക്ഷ്യമെന്നും കമല ഹാരിസ് പറഞ്ഞു.

യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ നിന്നും കഴിഞ്ഞ ദിവസമാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍ പിന്മാറിയത്. വീണ്ടുമൊരു തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടിരുന്നെങ്കിലും, പാര്‍ട്ടിയുടെയും രാജ്യത്തിൻ്റേയും താൽപര്യം മുൻനിർത്തിയാണ് പിന്മാറ്റമെന്ന് ബൈഡന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. വൈസ് പ്രസിഡന്റ് കമല ഹാരിസിനെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി നിര്‍ദേശിച്ച ശേഷമാണ് ബൈഡന്റെ പിന്മാറ്റം. എക്സ് പോസ്റ്റിലൂടെയായിരുന്നു ബൈഡന്‍ തീരുമാനം അറിയിച്ചത്. ഈ ആഴ്ച തന്നെ രാജ്യത്തെ അഭിസംബോധന ചെയ്ത് തീരുമാനം വിശദീകരിക്കുമെന്നും ബൈഡന്‍ പറഞ്ഞു.


SCROLL FOR NEXT