'ദ കേരള സ്റ്റോറി 2' പോസ്റ്റർ, കേരള ഹൈക്കോടതി Source: X
KERALA

'ദ കേരള സ്റ്റോറി 2' തീയേറ്ററിലേക്ക്; സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേ

സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു

Author : ന്യൂസ് ഡെസ്ക്

കൊച്ചി: വിവാദമായ 'ദ കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്' തീയേറ്ററിലേക്ക്. സിനിമയുടെ പ്രദർശനം സ്റ്റേ ചെയ്ത സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. 15 ദിവസത്തേക്കായിരുന്നു സിംഗിൾ ബെഞ്ച് സ്റ്റേ ചെയ്തത്. ഈ ദിവസത്തിനുള്ളിൽ സെൻസർ ബോർഡ് സിനിമ കാണണമെന്ന് അറിയിപ്പ് നൽകുകയും ചെയ്തിരുന്നു. മതസൗഹാർദം തകർക്കുന്ന വിധത്തിലുള്ള പരാമർശങ്ങൾ ഉണ്ടെന്നും, ടീസർ പരിശോധിക്കുമ്പോൾ പരാതിക്കാരുടെ ഹർജിയിൽ കഴമ്പുണ്ടെന്നും, അവരുടെ ആശങ്കയ്ക്ക് അടിസ്ഥാനമുണ്ടെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഈ നിരീക്ഷണണങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ഉത്തരവാണ് നിലവിൽ ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്.

കഴിഞ്ഞ ദിവസമാണ് അപ്പീലിൽ വാദം പൂർത്തിയാകുന്നത് വരെ സിനിമ പ്രദർശിപ്പിക്കാൻ പാടില്ലെന്ന് സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്. ഇന്നലെ രാത്രി വൈകിയും അപ്പീലിൽ വാദം നീണ്ടുനിന്നിരുന്നു. സിനിമയുടെ പ്രദർശനം തടഞ്ഞ വിധിക്കെതിരെ നിർമാതാക്കൾ ഉടൻ തന്നെ അപ്പീൽ നൽകുകയായിരുന്നു. രാത്രി 7.30ഓടെ ഹൈക്കോടതി അപ്പീല്‍ പരിഗണിക്കാന്‍ പ്രത്യേക സിറ്റിംഗ് നടത്തി. ജസ്റ്റിസുമാരായ അരവിന്ദ് ശുശ്രുത് ധര്‍മ്മാധികാരി, വിഎം ശ്യാംകുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്. 

കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്നതല്ല സിനിമയെന്ന് നിര്‍മ്മാതാക്കള്‍ കോടതിയിൽ വാദിച്ചു. ഒരു മത വിഭാഗത്തിനെതിരെയും വിദ്വേഷം പ്രചരിപ്പിക്കുന്നില്ല. സാമൂഹ്യ തിന്മയെ തുറന്നുകാട്ടുന്നതാണ് കേരള സ്റ്റോറി 2 എന്നും നിർമാതാക്കൾ കോടതിയെ അറിയിച്ചിരുന്നു. സിനിമയുടെ നിർമാതാക്കൾ നൽകിയ അപ്പീലിലാണ് വിധി വന്നത്. സിനിമയുടെ റിലീസ് തടഞ്ഞാൽ വലിയ സാമ്പത്തിക നഷ്ടം ഉണ്ടാകുമെന്ന് നിർമാതാക്കൾ കോടതിയെ അറിയിച്ചിരുന്നു.

അതേസമയം, സിനിമയ്‌ക്കെതിരെ ഹൈക്കോടതിയില്‍ രണ്ട് ഹര്‍ജികളാണ് ഫയല്‍ ചെയ്തിരുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള യുവതികള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി ഉപയോഗിക്കപ്പെടുന്നതിൻ്റെ കഥ പറയുന്ന സിനിമയ്ക്ക് 'കേരള സ്റ്റോറി 2' എന്ന് പേരിട്ടത് ബോധപൂര്‍വമാണെന്നും സാമുദായിക ചേരിതിരിവിനടക്കം കാരണമാകുമെന്നുമാണ് കണ്ണൂര്‍ സ്വദേശി ശ്രീദേവ് നമ്പൂതിരി നല്‍കിയ ഹർജിയില്‍ ആരോപിച്ചിരുന്നു. സിനിമയുടെ പേര് മാറ്റണം എന്നാവശ്യപ്പെട്ട് എറണാകുളം നെട്ടൂര്‍ സ്വദേശി ഫ്രെഡിയും കോടതിയെ സമീപിച്ചിരുന്നു.

SCROLL FOR NEXT