തുമ്പപ്പൂ തോരൻ കഴിച്ച് മരിച്ചെന്ന വാർത്ത വ്യാജമെന്ന് പൊലീസ്. മരണ കാരണം തുമ്പപ്പൂ തോരൻ അല്ലെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ആലപ്പുഴ ചേർത്തലയിലെ എക്സ്റേ കവലക്ക് സമീപം ഡിവി നിവാസിൽ നാരായണൻ്റെ ഭാര്യ ജെ. ഇന്ദു (42) ആണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്. തുമ്പപ്പൂ തോരൻ കഴിച്ചതായും അതിൽ നിന്ന് ഭക്ഷ്യ വിഷബാധയേറ്റാവാം മരണ കാരണം എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ തുമ്പപ്പൂ തോരൻ കഴിച്ച വീട്ടിലെ മറ്റുള്ളവർക്ക് ബുദ്ധിമുട്ടുകൾ ഒന്നുമില്ല.
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് ഔഷധച്ചെടിയെന്ന് കരുതി തുമ്പകൊണ്ട് തോരൻ പാകം ചെയ്ത കഴിച്ചത്. തുടർന്നാണ് ഇവർക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതെന്ന് ബന്ധുക്കൾ പറയുന്നു. വെള്ളിയാഴ്ച പുലർച്ചെ 3ന് ചേർത്തല സ്വകാര്യ ആശുപത്രിയിലും പിന്നീട്, എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വൈകിട്ട് ആറ് മണിയോടെ മരണം സംഭവിക്കുകയായിരുന്നു.
ഇന്ദുവിൻ്റെ പിതാവിനും ഇതേ തുമ്പപ്പൂ തോരൻ കഴിച്ച് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായെന്നും ബന്ധുക്കൾ പറഞ്ഞു. എറണാകുളം ജനറൽ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷം ഇന്ദുവിൻ്റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.