NEWSROOM

ചൂരൽമല ദുരന്തം: ചാലിയാറിൽ ജനകീയ തെരച്ചിൽ, വയനാട്ടിൽ ശക്തമായ മഴയ്ക്ക് സാധ്യത

വിവിധ സേനാ വിഭാഗങ്ങൾക്കൊപ്പം പ്രദേശവാസികളും സന്നദ്ധ പ്രവർത്തകരും തെരച്ചിലിന്റെ ഭാഗമാകും

Author : ന്യൂസ് ഡെസ്ക്


വയനാട് ചൂരൽമല ദുരന്ത ഭൂമിയിൽ കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും. ചാലിയാറിൽ ഇന്ന് ജനകീയ തെരച്ചിലാണ് നടക്കുക. രാവിലെ ഏഴ് മണി മുതലാണ് തെരച്ചിൽ. വിവിധ സേനാ വിഭാഗങ്ങൾക്കൊപ്പം പ്രദേശവാസികളും സന്നദ്ധ പ്രവർത്തകരും തെരച്ചിലിന്റെ ഭാഗമാകും. എട്ട് സംഘങ്ങളായി തിരിഞ്ഞ് ആണ് തെരച്ചിൽ നടത്തുക. നിലവിൽ 15 ദുരിതാശ്വാസ ക്യാമ്പുകളിലായി 1736 പേരാണ് കഴിയുന്നത്.

അതേസമയം ചൂരൽമല-മുണ്ടക്കൈ-പുഞ്ചിരി മട്ടം മേഖലകളിൽ പരിശോധനകൾ ഏതാണ്ട് പൂർത്തിയായെന്ന് എഡിജിപി എം.ആ.ർ അജിത് കുമാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇപ്പോൾ നടക്കുന്നത് സംശയമുള്ള ഭാഗങ്ങളിലെ പരിശോധനകൾ മാത്രമാണ്. മലകളിലും പുഴയോരങ്ങളിലുമാണ് ഇപ്പോൾ കാര്യമായി തെരച്ചിൽ നടക്കുന്നത്. തെരച്ചിൽ നിർത്താൻ ഉദ്ദേശിക്കുന്നില്ലെന്നും സർക്കാരാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുകയെന്നും എഡിജിപി പറഞ്ഞു.

ഇന്നലെ ചാലിയാർ പുഴ കേന്ദ്രീകരിച്ചുള്ള തെരച്ചിലിൽ ഒരു മൃതദേഹഭാഗം കൂടി കണ്ടെത്തിയിരുന്നു. മുണ്ടേരി ഫാമിന് സമീപം ചാലിയാർ തീരത്ത് ഇരുട്ടുകുത്തിയിൽ നിന്നാണ് മൃതദേഹഭാഗം കണ്ടെത്തിയത്. ആദിവാസികൾ പറഞ്ഞ മേഖലയിൽ ഫയർഫോഴ്സ് ഉൾപ്പെടെ നടത്തിയ തെരച്ചിലിലാണ് മൃതദേഹഭാഗം ലഭിച്ചത്.

ഇന്ന് വയനാട്ടിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. ജില്ലയിൽ ഇന്ന് യെല്ലോ അലേർട്ട് മുന്നറിയിപ്പാണുള്ളത്. ഇന്നലെ ഓറഞ്ച് അലേർട്ടായിരുന്നു. കഴിഞ്ഞ ദിവസം കനത്ത മഴയാണ് ജില്ലയിൽ പെയ്തത്. മേപ്പാടി, മൂപ്പൈനാട് തുടങ്ങിയിടങ്ങളിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. അതിശക്തമായ മഴയുടെ പശ്ചാത്തലത്തിൽ മലവെള്ളപ്പാച്ചിലിന് സാധ്യത ഉണ്ടെന്ന് കാലാവസ്ഥ കേന്ദ്രമായ ഹ്യൂം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

SCROLL FOR NEXT