NEWSROOM

ആരോപണം ഉന്നയിച്ച യുവതിയെ കണ്ടിട്ടില്ല; പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന: നടൻ മുകേഷ്

6 കൊല്ലം മുൻപ് സ്ഥാനാർഥി നിർണ്ണയ സമയത്തുണ്ടായ ബാലിശ ആരോപണം മാത്രമാണെന്ന് മുകേഷ്

Author : ന്യൂസ് ഡെസ്ക്

തനിക്കെതിരെ ആരോപണം ഉന്നയിച്ച യുവതിയെ ഇതുവരെയും കണ്ടിട്ടില്ലെന്ന് നടനും എംഎൽഎയുമായ മുകേഷ്. പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയാണെന്നും മുകേഷ് പറഞ്ഞു. 6 കൊല്ലം മുൻപ് സ്ഥാനാർഥി നിർണ്ണയം നടന്ന സമയത്ത് ഉണ്ടായ ബാലിശ ആരോപണം മാത്രമാണിതെന്നും സിപിഎം എംഎൽഎ അല്ലായിരുന്നെങ്കിൽ തിരിഞ്ഞ് നോക്കില്ലെന്നും മുകേഷ് പ്രതികരിച്ചു.

#METOO മുന്നേറ്റത്തിൽ 2018 ലാണ് കാസ്റ്റിംഗ് ഡയറക്ടര്‍ ടെസ് ജോസഫ് മുകേഷിനെതിരെ ആരോപണം ഉന്നയിച്ചത്. പിന്നീട്, ഹേമ കമ്മിറ്റി പുറത്ത് വന്നതിനു പിന്നാലെ, വീണ്ടും അക്കാര്യം പങ്കുവെയ്ക്കുകയായിരുന്നു.

19 വർഷം മുൻപു കോടീശ്വരന്‍  പരിപാടി ചിത്രീകരണത്തിനു ചെന്നൈയിലെ ഹോട്ടലിൽ താമസിക്കുമ്പോൾ, അവതാരകനായ മുകേഷ് രാത്രി നിരന്തരം വിളിച്ചു ശല്യപ്പെടുത്തിയെന്നും തന്റെ മുറി അദ്ദേഹത്തിൻ്റെ മുറിയുടെ തൊട്ടടുത്താക്കാൻ ശ്രമിച്ചെന്നുമായിരുന്നു ടെസ് ജോസഫിന്റെ അന്നത്തെ വെളിപ്പെടുത്തൽ. ദുരനുഭവം തന്റെ മേധാവിയും തൃണമൂൽ കോൺഗ്രസ് എംപിയുമായിരുന്ന ഡെറിക് ഒബ്രിയിയോട് പറഞ്ഞപ്പോൾ ആ പരിപാടിയിൽ നിന്ന് ഒഴിവാക്കിത്തന്നുവെന്നും ടെസ് പറഞ്ഞിരുന്നു.

അതേസമയം, ലൈംഗിക ആരോപണങ്ങളെ തുടർന്ന് AMMA ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നടൻ സിദ്ദീഖും, ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്തുനിന്ന് സംവിധായകൻ രഞ്ജിത്തും രാജിവെച്ചിരുന്നു.


SCROLL FOR NEXT