വയനാട് സൂചിപ്പാറയിൽ തെരച്ചിലിന് ഇറങ്ങിയ മൂന്ന് യുവാക്കൾ കുടുങ്ങി. ചെങ്കുത്തായ പാറക്കെട്ടുകൾക്കിടയിലാണ് കുടുങ്ങിയത്. ഇതിൽ ഒരാൾക്ക് പരുക്കേറ്റിട്ടുണ്ട്. എയർലിഫ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. എയർലിഫ്റ്റ് ചെയ്യാനുള്ള സാങ്കേതിക ബുദ്ധിമുട്ടുള്ളതിനാൽ റോപ്പ് സംവിധാനം ഉപയോഗിക്കുമെന്നും രക്ഷാപ്രവർത്തകർ അറിയിച്ചു.
അതേസമയം, വയനാട്ടിലെ ദുരന്തമേഖലയിൽ നിന്ന് പരമാവധി ജീവനുകളെ രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് രക്ഷാപ്രവർത്തനം നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇനിയും 206 പേരെ കൂടി കണ്ടെത്താനുണ്ടെന്നും, ചാലിയാർ പുഴയിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങൾ തിരിച്ചറിയാൻ പ്രയാസം നേരിടുന്നതായും മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
"പലയിടത്തായി നിസഹായരായി കുടുങ്ങിപ്പോയ പലരെയും കണ്ടെത്തി സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കാനുള്ള പ്രവർത്തനമാണ് ആദ്യ ഘട്ടത്തിൽ നടന്നത്. പരമാവധി ജീവനുകളെ രക്ഷിക്കാനുള്ള പ്രയത്നമാണ് സ്വജീവൻ പോലും പണയപ്പെടുത്തി രക്ഷാപ്രവർത്തകർ ശ്രമിച്ചത്. ചാലിയാറിൽ കണ്ടെത്തിയ മൃതദേഹങ്ങൾ തിരിച്ചറിയാൻ പ്രയാസം നേരിടുന്നു. ചാലിയാറിൽ നിന്ന് ഇതുവരെ 198 മൃതദേഹം കണ്ടെടുത്തു. 148 മൃതശരീരങ്ങൾ ബന്ധുക്കൾക്ക് കൈമാറി," മുഖ്യമന്ത്രി പറഞ്ഞു.