ബാജി റൗത്ത് 
NEWSROOM

പന്ത്രണ്ടാം വയസില്‍ രക്തസാക്ഷിയായ സ്വാതന്ത്ര്യസമര സേനാനി; അറിയുമോ ബാജി റൗത്തിനെ?

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി തയ്യാറാക്കിയ, വാഴ്ത്തപ്പെടാത്ത ധീരന്മാരുടെ പട്ടികയില്‍ ബാജിയെക്കുറിച്ചുള്ള വിവരങ്ങളുണ്ട്.

Author : ന്യൂസ് ഡെസ്ക്



ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷിയെക്കുറിച്ച് അറിയാമോ? ബ്രിട്ടീഷുകാര്‍ക്കെതിരെ നെഞ്ചുവിരിച്ചുനിന്ന്, പന്ത്രണ്ടാം വയസില്‍ വെടിയേറ്റുമരിച്ച ബാജി റൗത്ത് എന്ന ആദിവാസി ബാലനാണ് ആ സ്വാതന്ത്ര്യസമര പോരാളി. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി തയ്യാറാക്കിയ, വാഴ്ത്തപ്പെടാത്ത ധീരന്മാരുടെ പട്ടികയില്‍ ബാജിയെക്കുറിച്ചുള്ള വിവരങ്ങളുണ്ട്. പക്ഷേ,പതിവു ദിനാചരണങ്ങളിലോ, ഓര്‍മക്കുറിപ്പുകളിലോ ആ പേര് അധികമാരും പറഞ്ഞുകേള്‍ക്കാറില്ല.

ഒഡീഷയിലെ ഡെങ്കനാലിലെ നീലകണ്ഠപൂരില്‍, 1926 ഒക്ടോബര്‍ അഞ്ചിനായിരുന്നു ബാജിയുടെ ജനനം. ഹരി റൗത്ത്-റനിയ ദേവി ദമ്പതികളുടെ ഏറ്റവും ഇളയ മകന്‍. ചെറുപ്പത്തില്‍ തന്നെ പിതാവിനെ നഷ്ടപ്പെട്ടതിനാല്‍, മാതാവിന്റെയും മുതിര്‍ന്ന രണ്ട് സഹോദരങ്ങളുടെയും തണലിലായിരുന്നു ബാജിയുടെ ജീവിതം. പഠിക്കാനുള്ള സാഹചര്യങ്ങളൊന്നും ഇല്ലാതിരുന്നതിനാല്‍, കടത്തുതോണിയിലും മറ്റുമായി ചെറിയ ജോലികള്‍ ബാജിയുടെ ചെയ്തുപോന്നു. ഡെങ്കനാല്‍ രാജാവ് ശങ്കര്‍ പ്രതാപ് സിങ് ദിയോവിന്റെ ക്രൂരഭരണത്തിന്റെ നാളുകളായിരുന്നു അത്. ആദിവാസികളെയും ഗ്രാമീണരെയും നികുതി ചുമത്തി കഷ്ടപ്പെടുത്തുന്നത് ശങ്കര്‍ പ്രതാപിന്റെ രീതിയായിരുന്നു.ആഡംബര ജീവിതത്തില്‍ അഭിരമിച്ച രാജാവിന്റെ സാമ്പത്തിക ബാധ്യതകളുടെ ഭാരം പേറേണ്ടിവന്നിരുന്നത് സാധാരണ ജനങ്ങളായിരുന്നു. ദുര്‍ഭരണത്തിനെതിരെ സംഘടിത ചെറുത്തുനില്‍പ്പുകളും സജീവമായിരുന്നു.

രാജഭരണ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ സ്വാതന്ത്ര്യത്തിനായി സംഘടിച്ചതിന്റെ ഭാഗമായി, പ്രജാ മണ്ഡല്‍ പ്രസ്ഥാനം രൂപപ്പെട്ടു. ഒഡീഷയില്‍ ഉള്‍പ്പെടെ അത് ശക്തി പ്രാപിച്ചു. സംഘടനാ നിര്‍ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനും നടപ്പാക്കുന്നതിനുമായി 'ബാനര്‍ സേന' എന്ന പേരിലൊരു സംഘത്തെയും രൂപീകരിച്ചു. കൂട്ടികളായിരുന്നു അതിലെ അംഗങ്ങള്‍. രാജഭരണത്തിന്റെ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചു വളര്‍ന്ന ബാജിയും കൂട്ടുകാരും അതില്‍ അംഗങ്ങളായി. സംഘടിത പ്രതിഷേധം ശക്തിപ്പെട്ടതോടെ, ശങ്കര്‍ പ്രതാപ് അയല്‍ രാജ്യങ്ങളിലെ രാജാക്കന്മാരുടെ സഹായം തേടി. ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താന്‍ രാജസേന ഒന്നടങ്കം തെരുവിലിറങ്ങി. രാജാക്കന്മാരുടെ സഹായത്തിനായി ബ്രിട്ടീഷ് ഭരണകൂടവും രംഗത്തെത്തി. ഇരുന്നൂറോളം വരുന്ന കല്‍ക്കത്ത പ്ലാറ്റൂണിനെ ഡെങ്കനാലിലേക്ക് അയച്ചു. സേനാചെലവുകള്‍ക്കുള്ള പണം കണ്ടെത്താന്‍, രാജഭക്ത എന്ന പേരില്‍ ശങ്കര്‍ പ്രതാപ് പുതിയ നികുതിയും നടപ്പാക്കി. നികുതി നല്‍കാത്തവരെ ദേശദ്രോഹിയായി മുദ്ര കുത്തുമെന്നും പ്രഖ്യാപിച്ചു. മാത്രമല്ല, നികുതി നല്‍കാത്തവരുടെ വീടുകള്‍ ആനകളെ ഉപയോഗിച്ച് തകര്‍ക്കുകയും, സ്വത്ത് കണ്ടുകെട്ടുകയും ചെയ്തു.

ശങ്കര്‍ പ്രതാപിനെതിരെ ജനകീയ പ്രക്ഷോഭം കൂടുതല്‍ ശക്തിപ്പെട്ടു. രാജസേനയ്‌ക്കൊപ്പം സഹായത്തിനായി ബ്രിട്ടീഷ് പോലീസും രംഗത്തെത്തി. 1938 സെപ്റ്റംബര്‍ 22ന് പ്രക്ഷോഭ നേതാക്കളായ ഹരമോഹന്‍ പട്നായ്കിനെയും കൂട്ടാളികളെയും ഭുവനില്‍ വെച്ച് അറസ്റ്റ് ചെയ്തു. എന്നാല്‍, പ്രധാന നേതാവായ വൈഷ്ണവ് പട്‌നായിക്കിനെ പിടികൂടാന്‍ സേനയ്ക്ക് സാധിച്ചില്ല. 1938 ഒക്ടോബര്‍ 11. പ്രജാമണ്ഡലിന്റെ ശക്തികേന്ദ്രമായ ഭുവനിലേക്ക് ബ്രിട്ടീഷ് പൊലീസ് ഇരച്ചെത്തി. വൈഷ്ണവിനെ കണ്ടെത്താനായി ഗ്രാമങ്ങള്‍തോറും തിരച്ചില്‍ തുടങ്ങി. വീടുകള്‍ തകര്‍ത്തിട്ടും വെടിയുതിര്‍ത്തിട്ടും ആരും വെഷ്ണവിനെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെക്കാന്‍ തയ്യാറായില്ല.അതേസമയം, അക്രമത്തിനെതിരെ ജനങ്ങള്‍ സംഘടിച്ചു. അവര്‍ സ്ഥലത്തെ പൊലീസ് സ്‌റ്റേഷന്‍ വളഞ്ഞു. കലിപൂണ്ട പൊലീസും സൈന്യവും ജനക്കൂട്ടത്തിനുനേരെ വെടിയുതിര്‍ത്തു. രണ്ട് ഗ്രാമീണര്‍ തല്‍ക്ഷണം മരിച്ചു.

ജനങ്ങള്‍ ഒന്നടങ്കം തെരുവിലിറങ്ങി. സംഘര്‍ഷം രൂക്ഷമായതോടെ, അറസ്റ്റിലായ നേതാക്കളുമായി നദി കടന്ന് രക്ഷപെടാന്‍ പൊലീസ് തീരുമാനിച്ചു. ഇതറിഞ്ഞ സ്വാതന്ത്ര്യസമര പ്രവര്‍ത്തകര്‍, പൊലീസുകാരെ നദി കടക്കാന്‍ അനുവദിക്കരുതെന്ന് ഗ്രാമീണരോട് ആവശ്യപ്പെട്ടു. ജനക്കൂട്ടത്തിന്റെ കണ്ണുവെട്ടിച്ച്, രാത്രിയോടെ പൊലീസ് അറസ്റ്റിലായവരുമായി ബ്രാഹ്‌മണി നദിക്കു സമീപമെത്തി.തോണിക്കാരനായ ബാജിയും കൂട്ടുകാരും നദിക്കരയിലുണ്ടായിരുന്നു. എത്രയും വേഗം അക്കരെയെത്തിക്കണമെന്ന് പൊലീസ് ബാജിയോട് ആജ്ഞാപിച്ചു. എന്നാല്‍, ഭുവനിലെ അക്രമസംഭവങ്ങള്‍ അറിഞ്ഞ ബാജിയും കൂട്ടുകാരും പൊലീസിന്റെ ഭീഷണിയില്‍ വിരണ്ടില്ല. ബ്രിട്ടീഷ് പൊലീസ് നദി കടന്നാല്‍ വൈഷ്ണവ് പട്‌നായിക്കും പിടിയിലാകുമെന്ന് ബാജിക്ക് അറിയാമായിരുന്നു. തോക്കുചൂണ്ടി ഭയപ്പെടുത്തിയിട്ടും, ബാജി നിലപാട് മാറ്റിയില്ല. പൊലീസുകാരിലൊരാള്‍ തോക്കിന്റെ പാത്തികൊണ്ട് ബാജിയുടെ തലയ്ക്കടിച്ചു. വീണുപോയെങ്കിലും കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ബാജി പൊലീസുകാരനെ ആക്രമിച്ചു, ഒച്ചയെടുത്ത് ആളുകളെ കൂട്ടി. അതോടെ, സ്വാതന്ത്ര്യ സമര പ്രവര്‍ത്തകര്‍ക്ക് രക്ഷപ്പെടാന്‍ വഴിയൊരുങ്ങി. കോപാകുലരായ പൊലീസുകാര്‍ തോക്കെടുത്ത് വെടിയുതിര്‍ത്തു. ബാജി ഉള്‍പ്പെടെ ആറുപേര്‍ തല്‍ക്ഷണം മരിച്ചുവീണു. ആളുകള്‍ പാഞ്ഞടുക്കുന്നതുകണ്ട്, ബ്രിട്ടീഷ് പോലീസ് ചിതറിയോടി.

സ്വാതന്ത്ര്യ സമര പോരാട്ടത്തിന് ഊര്‍ജം പകര്‍ന്ന് ബാജി രക്തസാക്ഷിയാകുമ്പോള്‍, 12 വയസായിരുന്നു. വലിയ ജനക്കൂട്ടത്തിന്റെ സാന്നിധ്യത്തിലായിരുന്നു മൃതദേഹം സംസ്‌കരിച്ചത്. കാളവണ്ടിയില്‍ മൃതദേഹം കയറ്റുവാന്‍ പാടില്ലെന്ന വിശ്വാസം ലംഘിച്ചായിരുന്നു വിലാപയാത്ര. വിശ്വാസവും ആചാരാനുഷ്ഠാനങ്ങളും മറന്ന് ജനം കൊച്ചുബാജിക്ക് അന്ത്യാഭിവാദ്യം അര്‍പ്പിച്ചു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പോരാട്ട ചരിത്രത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷിയായി ബാജി റൗത്തിന്റെ പേര് എഴുതപ്പെട്ടു. ജ്ഞാനപീഠ ജേതാവായ ഒഡിയ കവി സച്ചിദാനന്ദ റൗത്രെയും ബാജിയുടെ സംസ്കാര ചടങ്ങുകളില്‍ പങ്കെടുത്തിരുന്നു. ബാജിയുടെ എരിയുന്ന ചിതയ്ക്കു സമീപമിരുന്ന് റൗത്രെ പാടിയത് ഇങ്ങനെയായിരുന്നു: 'നുഹേന്‍ ബന്ധു, നുഹേന്‍ ഏ ചിത/ ഏ ദേശ തിമിര തലേ, ഏ ആലിബ മുക്തി സലിത'. (ചങ്ങാതിമാരെ, ഇതൊരു ചിതയല്ല. രാജ്യം നിരാശയുടെ അന്ധകാരത്തില്‍ പെട്ടുഴലുമ്പോള്‍, ഇത് സ്വാതന്ത്ര്യ ദീപമാണ്. ഇത് നമ്മുടെ സ്വാതന്ത്ര്യ ജ്വാലയാണ്).

SCROLL FOR NEXT