NEWSROOM

സ്വന്തം രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി മറ്റൊരു രാജ്യത്തെ പ്രശ്നങ്ങൾ ഉപയോഗിക്കുന്നത് ആ രാജ്യത്തെ സ്വയം ദുർബലമാക്കും: അഖിലേഷ് യാദവ്

ഹിന്ദുക്കൾക്കെതിരെ ബംഗ്ലാദേശിൽ നടക്കുന്ന ആക്രമണങ്ങൾ ഇന്ത്യയിലെ ന്യൂനപക്ഷമായ മുസ്ലീം സമുദായത്തെ ഇകഴ്ത്താനായി തീവ്രവലതുപക്ഷം ഉപയോഗിച്ചതോടെയാണ് അഖിലേഷ് യാദവിൻ്റെ എക്സ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്

Author : ന്യൂസ് ഡെസ്ക്

സ്വന്തം രാഷ്ട്രീയ ലക്ഷ്യങ്ങൾ നിറവേറ്റാൻ മറ്റൊരു രാജ്യത്തിലെ പ്രശ്നങ്ങളും വ്യവസ്ഥകളും ഉപയോഗിക്കുന്നതോടെ രാജ്യം സ്വയം ആന്തരികമായും ബാഹ്യമായും ദുർബലമാകുമെന്ന് സമാജ് വാദി പാർട്ടി എംപി അഖിലേഷ് യാദവ്. ബംഗ്ലാദേശിൽ വീണ്ടും സംഘർഷങ്ങൾ ഉടലെടുക്കുന്ന പശ്ചാത്തലത്തിലാണ് അഖിലേഷ് യാദവിന്‍റെ പ്രതികരണം. 

ഹിന്ദുക്കൾക്കെതിരെ ബംഗ്ലാദേശിൽ നടക്കുന്ന ആക്രമണങ്ങൾ ഇന്ത്യയിലെ ന്യൂനപക്ഷമായ മുസ്ലീം സമുദായത്തെ ഇകഴ്ത്താനായി ഇന്ത്യയിൽ തീവ്രവലതുപക്ഷം ഉപയോഗിച്ചതോടെയാണ് അഖിലേഷ് യാദവിന്‍റെ പ്രതികരണം. അതേസമയം കുറിപ്പിൽ  ഒരു രാജ്യത്തിൻ്റെയും പേര് പരാമർശിച്ചിട്ടില്ല. 

"മറ്റൊരു രാജ്യത്തിൻ്റെ രാഷ്ട്രീയ സാഹചര്യങ്ങളെ സ്വന്തം രാജ്യത്തിനുള്ളിൽ തന്നെയുള്ള രാഷ്ട്രീയ ലക്ഷ്യങ്ങൾ നിറവേറ്റാൻ ഉപയോഗിക്കുന്ന രീതി, രാജ്യത്തെ ആന്തരികവും ബാഹ്യവുമായ തലങ്ങളിൽ ദുർബലമാക്കുന്നുവെന്ന് ചരിത്രം പഠിപ്പിക്കുന്നുണ്ട്." എന്നാണ് അഖിലേഷ് യാദവ് കുറിച്ചത്.

ബംഗ്ലാദേശിനെ പരാമർശിച്ചുകൊണ്ട് നാല് മണിക്കൂറിന് ശേഷമെത്തിയ രണ്ടാമത്തെ പോസ്റ്റിൽ ഇടക്കാല സർക്കാരിനുള്ള നിർദേശമായിരുന്നു ഉൾപ്പെട്ടിരുന്നത്. ഹിന്ദുക്കളും മറ്റ് ന്യൂനപക്ഷങ്ങളും ഭൂരിപക്ഷ സമുദായത്തിലെ ആളുകളും വ്യത്യസ്‌ത ചിന്താഗതിയുള്ള ആളുകളും ബംഗ്ലാദേശിലെ അക്രമത്തിൻ്റെ ഇരകളാകാതിരിക്കാൻ അവിടുത്തെ ഇടക്കാല സർക്കാർ പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്നായിരുന്നു അഖിലേഷ് യാദവിൻ്റെ ആവശ്യം. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾ ആഗോളതലത്തിൽ ഏറ്റെടുക്കണമെന്നും, ഇത് ഇന്ത്യയുടെ പ്രതിരോധത്തിൻ്റെയും, ആഭ്യന്തര സുരക്ഷയുടെയും പ്രശ്നമാണെന്നും അഖിലേഷ് യാദവ് പറയുന്നു.

SCROLL FOR NEXT