fbwpx
ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശ് ജനത തിരസ്ക്കരിക്കുമ്പോള്‍...
logo

ശ്രീജിത്ത് എസ്

Last Updated : 07 Aug, 2024 06:03 AM

സമാധാനപൂർണമായിരുന്ന വിദ്യാർഥി പ്രക്ഷോഭം പൊടുന്നനെ ശക്തിപ്രാപിച്ചപ്പോള്‍, ഏകാധിപത്യ പ്രവണതകള്‍ കാണിച്ചൊരു ഭരണാധികാരിക്ക് പദവി ഉപേക്ഷിച്ച് രാജ്യം വിടേണ്ടിവന്നു. ബംഗ്ലാദേശിലെ സംഭവങ്ങളെ ഒറ്റ വാചകത്തില്‍ ഇങ്ങനെ പറയാം.

WORLD

സമാധാനപൂർണമായിരുന്ന വിദ്യാർഥി പ്രക്ഷോഭം പൊടുന്നനെ ശക്തിപ്രാപിച്ചപ്പോള്‍, ഏകാധിപത്യ പ്രവണതകള്‍ കാണിച്ചൊരു ഭരണാധികാരിക്ക് പദവി ഉപേക്ഷിച്ച് രാജ്യം വിടേണ്ടിവന്നു. ബംഗ്ലാദേശിലെ സംഭവങ്ങളെ ഒറ്റ വാചകത്തില്‍ ഇങ്ങനെ പറയാം. പ്രതിപക്ഷ വെല്ലുവിളികളില്ലാത്തൊരു രാജ്യത്ത് ഭരണത്തിലും നയരൂപീകരണത്തിലും ഏകാധിപത്യ പ്രവണതകള്‍ കടുന്നുകൂടുക സ്വഭാവികമാണ്. എന്നാല്‍, രാജ്യത്തെ യുവതയെ അലോസരപ്പെടുത്തുന്ന വിധം അത് വളര്‍ന്നുതുടങ്ങിയപ്പോഴാണ് പ്രക്ഷോഭങ്ങള്‍ ആരംഭിച്ചത്. വിമതസ്വരങ്ങളെ അമര്‍ച്ച ചെയ്യാന്‍, സര്‍ക്കാരിന്‍റെ സകല മര്‍ദക ഉപകരണങ്ങളെയും പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് ഹസീന കൂട്ടുപിടിച്ചു. പ്രക്ഷോഭകരെ പ്രതിരോധിക്കാന്‍ ഭരണകക്ഷിയായ അവാമി ലീഗ് പ്രവര്‍ത്തകരും രംഗത്തെത്തി. അതോടെ, തെരുവുകള്‍ കുരുതിക്കളങ്ങളായി. വിദ്യാര്‍ഥികളില്‍ അത് ആവേശത്തിനൊപ്പം രോഷവും വളര്‍ത്തി. രാജ്യമാകെ അത് പടര്‍ന്നു. കര്‍ഫ്യൂ പ്രഖ്യാപിച്ചും, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ച് ആശയവിനിമയവും കൂട്ടം കൂടുന്നതും ഒഴിവാക്കിയെങ്കിലും സംഘര്‍ഷം അപകടകരമായ ഘട്ടത്തിലേക്ക് എത്തി. ഇതോടെ, സൈനിക അട്ടിമറികളെയും, ഏകാധിപത്യത്തെയും ജനാധിപത്യംകൊണ്ടും മതേതരത്വംകൊണ്ടും മറികടന്ന ഷെയ്ഖ് ഹസീനയ്ക്ക് രാജ്യവും അധികാരവും വിട്ട് ഓടിപ്പോകേണ്ടിവന്നു.

ALSO READ: വിദ്യാര്‍ഥികള്‍ അഭ്യര്‍ഥിച്ചു; ബംഗ്ലാദേശില്‍ ഇടക്കാല സര്‍ക്കാരിന്റെ ഉപദേശകനാകാന്‍ നോബേല്‍ ജേതാവ് ഡോ. മുഹമ്മദ് യൂനസ്


എല്ലാത്തിന്‍റെയും തുടക്കം


ജൂലൈ ഒന്നിനാണ് ധാക്ക സർവകലാശാലയിലെ വിദ്യാർഥികൾ പ്രതിഷേധം ആരംഭിക്കുന്നത്. സര്‍ക്കാര്‍ ജോലികളിലെ സംവരണമായിരുന്നു വിഷയം. തൊഴിലില്ലായ്മ രൂക്ഷമായ രാജ്യത്ത്, പഴയ സംവരണ നിയമം വീണ്ടും അവതരിപ്പിക്കപ്പെട്ടതായിരുന്നു വിദ്യാര്‍ഥികളെ പ്രകോപിപ്പിച്ചത്. 1971ലെ വിമോചന സമരത്തില്‍ പങ്കാളികളായവരുടെ പിന്‍ഗാമികള്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ 30 ശതമാനം സംവരണം നല്‍കുന്നതായിരുന്നു നിയമം. 2018ല്‍ ജനകീയ പ്രക്ഷോഭങ്ങളെത്തുടര്‍ന്ന് സര്‍ക്കാര്‍ സംവരണം നീക്കിയിരുന്നു. എന്നാല്‍, ഇത് പുനഃസ്ഥാപിച്ചുകൊണ്ട് ജൂണ്‍ അഞ്ചിന് കോടതി വിധി വന്നത് യുവാക്കളില്‍ അരക്ഷിതാവസ്ഥ വളര്‍ത്തി. സംവരണത്തിന്‍റെ ആനുകൂല്യം ഭരണകക്ഷിയായ അവാമി ലീഗുകാര്‍ക്ക് മാത്രമാണെന്നായിരുന്നു അവരുടെ ആരോപണം. ധാക്ക സര്‍വകലാശാലയില്‍ തുടക്കമിട്ട വിദ്യാര്‍ഥി പ്രക്ഷോഭം മറ്റ് സര്‍വകലാശാലകളിലേക്കും പിന്നാലെ പൊതുജനങ്ങളിലേക്കും പടര്‍ന്നു. പ്രക്ഷോഭകരെ നേരിടാന്‍ അവാമി ലീഗ് പ്രവര്‍ത്തകരും അവരുടെ വിദ്യാര്‍ഥി പ്രസ്ഥാനവും രംഗത്തെത്തിയതോടെ, തെരുവുകള്‍ പോര്‍ക്കളങ്ങളായി. സ്കൂളുകളും കോളേജുകളും ഹസീന സര്‍ക്കാര്‍ അടച്ചുപൂട്ടി. സമൂഹമാധ്യമങ്ങളിൽ ആളുകൾ ഐക്യപ്പെടുന്നത് ഒഴിവാക്കാന്‍ ഇന്റർനെറ്റ് വിച്ഛേദിച്ചു. പക്ഷേ, വൈകിപ്പോയിരുന്നു. രാജ്യമാകെ ആ പ്രക്ഷോഭം കത്തിപ്പടര്‍ന്നിരുന്നു.


എരിതീയില്‍ എണ്ണ പടർത്തുന്നതായിരുന്നു ഹസീനയുടെ വാക്കുകള്‍. രാജ്യത്തിനായി പോരാടിയവരുടെ പിന്മുറക്കാർക്കല്ലാതെ റസാക്കറുകള്‍ക്കാണോ സംവരണം നൽകേണ്ടതെന്നായിരുന്നു അവരുടെ പ്രതികരണം. ആ ചോദ്യം പ്രക്ഷോഭകരുടെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിക്കുന്നതായിരുന്നു. ജനറൽ ടിക്കാ ഖാൻ പ്രാദേശികമായി വളര്‍ത്തിയെടുത്ത അർദ്ധസൈനിക സേനയായിരുന്നു റസാക്കറുകൾ. 1971ലെ വിമോചന സമരകാലത്ത് പാകിസ്ഥാനൊപ്പമായിരുന്നു അവര്‍. കിഴക്ക് പടിഞ്ഞാറൻ പാകിസ്ഥാനുകള്‍ വേര്‍പിരിയുന്നത് ഒഴിവാക്കാന്‍ ശ്രമിച്ചിരുന്നവര്‍, സ്വാതന്ത്ര്യത്തിനായി പോരാടിയ ബംഗാളികളെ ഒറ്റിക്കൊടുത്തു. അവരെ പീഡിപ്പിക്കുകയും ഗ്രാമങ്ങള്‍ തീയിടുകയും ചെയ്തു. പാക് സൈന്യത്തിനൊപ്പം, അൽ-ബദർ, അൽ-ഷാംസ് തുടങ്ങിയ തീവ്ര മതവാദികള്‍ക്കൊപ്പമായിരുന്നു റസാക്കറുകളുടെ പ്രവര്‍ത്തനം. പാക് അധിനിവേശത്തിനും ചൂഷണത്തിനുമെതിരെ ശബ്ദമുയർത്തിയ സാധാരണക്കാരെയും വിദ്യാർഥികളെയും മതന്യൂനപക്ഷങ്ങളെയും കൊന്നൊടുക്കാന്‍ അവര്‍ കൂട്ടുനിന്നുവെന്നാണ് ചരിത്രം പറയുന്നത്.

ALSO READ: ഷെയ്ഖ് ഹസീന ഇന്ത്യ വിട്ടിട്ടില്ല, ഭാവി കാര്യങ്ങൾ തീരുമാനിക്കാൻ സമയം നൽകും: എസ്. ജയശങ്കർ


പ്രതിഷേധിക്കുന്നവരുടെ ദേശസ്നേഹത്തെ ചോദ്യം ചെയ്യുകയായിരുന്നു ഹസീനയുടെ ലക്ഷ്യം. എന്നാല്‍, എതിര്‍ശബ്ദമുയര്‍ത്തിയവരെ റസാക്കറുകളെന്ന് വിളിച്ച പ്രധാനമന്ത്രിയെ വിദ്യാര്‍ഥികള്‍ ചോദ്യം ചെയ്തു. "ആരാണ് നീ? ആരാണ് ഞാൻ? റസാക്കര്‍, റസാക്കര്‍..." പ്രതിഷേധക്കാർ ഉറക്കെ ഉറക്കെ മുദ്രാവാക്യം വിളിച്ചു. സംഘര്‍ഷം ശക്തിപ്പെട്ടു. പ്രതിഷേധ റാലികളില്‍ പതിനായിരങ്ങള്‍ അണിനിരന്നു. ഇതോടെ, ഏകാധിപത്യ സ്വഭാവം പൂണ്ട ഹസീന സര്‍ക്കാര്‍ സംവിധാനങ്ങളെ മര്‍ദക ഉപകരണങ്ങളാക്കി തെരുവിലേക്കിറക്കി വിട്ടു. പ്രവർത്തകരോട് തെരുവിലിറങ്ങാൻ അവാമി ലീഗും ആഹ്വാനം ചെയ്തു. പ്രക്ഷോഭകര്‍ ഹസീനയുടെ വസതിയിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ചു. ഉടന്‍ കര്‍ഫ്യൂ പ്രഖ്യാപനം വന്നു. എന്നാല്‍ പ്രക്ഷോഭകാരികള്‍ തണുത്തില്ല. രാജ്യം വലിയൊരു ആഭ്യന്തര കലാപത്തിലേക്ക് നീങ്ങുന്നതായുള്ള സൂചനകള്‍ ശക്തമായി. പൊലീസിനുപോലും കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. പ്രക്ഷോഭകര്‍ക്കായി അവര്‍ വഴി മാറിക്കൊടുക്കേണ്ടിവന്നു. അതിനിടെ, ലോകം മറ്റൊരു വാര്‍ത്തയും കേട്ടു. ഹസീന രാജിവെച്ച് രാജ്യം വിടാനൊരുങ്ങുന്നു. സൈനിക നേതൃത്വത്തിന്‍റെ നിര്‍ദേശപ്രകാരമാണ് നീക്കമെന്നും ഉടന്‍ തന്നെ സൈനിക വിമാനത്തില്‍ രാജ്യം വിടുമെന്നും വാര്‍ത്ത പരന്നു. രാജ്യത്തെ ഉടന്‍ അഭിസംബോധന ചെയ്യുമെന്ന് പട്ടാള മേധാവി അറിയിക്കുകയും ചെയ്തു. എന്നാല്‍ ഇതിനോടകം, ഹസീനയുടെ വസതിയിലേക്ക് ഇരച്ചുകയറിയ പ്രക്ഷോഭകര്‍ സകലതും നശിപ്പിച്ചു. ഫര്‍ണിച്ചറുകള്‍ ഉള്‍പ്പെടെ എടുത്തുകൊണ്ടുപോയി. ഹസീനയുടെ ചിത്രങ്ങള്‍ക്കൊപ്പം പിതാവ് ഷെയ്ഖ് മുജീബുര്‍ റഹ്മാന്‍റെ പ്രതിമയും സ്മാരകങ്ങളും നശിപ്പിക്കപ്പെട്ടു. അതേസമയം, പദവി രാജിവച്ച ഹസീന ഇന്ത്യയിലെത്തി. ലണ്ടനില്‍ അഭയം തേടുകയാണ് ലക്ഷ്യം.

ബംഗ്ലാദേശിന്‍റെ ഭാഗധേയം


സ്വാതന്ത്ര്യം കിട്ടുമ്പോൾ ദരിദ്രമായിരുന്ന ബംഗ്ലാദേശിനെ നിവർന്നു നിൽക്കാൻ പ്രാപ്തമാക്കിയത് ഷെയ്ഖ് ഹസീനയാണ്. തീവ്രവാദത്തെ എതിർത്ത സെക്കുലർ മുസ്ലീം എന്ന ലേബലിൽ നീണ്ട കാലം രാജ്യം ഭരിച്ച ലോകത്തിലെ അപൂർവം വനിതകളിൽ ഒരാളാണ് അവർ. ഒരു ജനാധിപത്യ രാജ്യത്തിന്‍റെ നിർമ്മിതിക്കായാണ് ഹസീനയുടെ കുടുംബം രക്തസാക്ഷിത്വം വരിച്ചത്. ബംഗ്ലാദേശിന്‍റെ സ്ഥാപക നേതാവായ ഹസീനയുടെ പിതാവ് ഷെയ്ഖ് മുജീബുർ റഹ്‌മാനും കുടുംബവും 1975ലെ പട്ടാള അട്ടിമറിയിലാണ് കൂട്ടക്കൊല ചെയ്യപ്പെടുന്നത്. അന്ന് ജര്‍മനിയിലായിരുന്ന ഹസീനയും സഹോദരിയും മാത്രമാണ് ആ കൂട്ടക്കൊലയില്‍നിന്ന് രക്ഷപ്പെട്ടത്. രാജ്യത്തെ പട്ടാള അറിമറിയുടെയും ഏകാധിപത്യത്തിന്‍റെയും ക്രൂരതകള്‍ കണ്ട് ജനാധിപത്യവഴിയിലേക്കിറങ്ങിയ ഹസീന ഒടുവില്‍ ശക്തമായ പ്രതിപക്ഷം പോലുമില്ലാത്ത രാജ്യത്തിന്‍റെ ഭരണാധികാരിയായി. ഏകാധിപത്യ പ്രവണതകള്‍ പലപ്പോഴും ഭരണത്തില്‍ നിഴലിട്ടു. ഞങ്ങള്‍ക്കൊരു വനിതാ നേതാവുണ്ടെന്ന് ഊറ്റംകൊണ്ട ജനത തന്നെ അവരെ ഏകാധിപതിയെന്ന് വിശേഷിപ്പിച്ചു തുടങ്ങി. എന്നിട്ടും തിരുത്താന്‍ തയ്യാറാകാതിരുന്ന ഹസീന രാജ്യത്തെ പ്രതിസന്ധിയില്‍ കൊണ്ടെത്തിക്കുകയായിരുന്നു. സകല ഭരണനേട്ടങ്ങളും കൈയില്‍നിന്ന് വഴുതിപ്പോകുകയും ചെയ്തു.

ALSO READ: ഷെയ്ഖ് ഹസീന ; ബംഗ്ലാ ബന്ധുവിന്‍റെ മകള്‍ ബംഗ്ലാ ശത്രുവായപ്പോൾ..


ഹസീനയില്ലാത്ത ബംഗ്ലാദേശിനെ സൈന്യം ഭരിക്കുമോ എന്ന ആശങ്കകളും ശക്തമായിരുന്നു. എന്നാല്‍, പ്രസിഡന്റിനോട് ഇടക്കാല സർക്കാർ രൂപീകരിക്കാനാണ് സൈന്യം നല്‍കിയിരിക്കുന്ന നിർദേശം. ഹസീനയുടെ നാളുകളിലൊന്നും ഭരണത്തില്‍ നേരിട്ട് ഇടപെട്ടിട്ടില്ല സൈന്യം. മാത്രമല്ല, നിലവിലെ സാമ്പത്തിക സാഹചര്യങ്ങള്‍ ഒട്ടും അനുകൂലമല്ല.അത്തരമൊരു ഘട്ടത്തില്‍ സൈന്യം ഭരണം ഏറ്റെടുക്കാന്‍ സാധ്യതയില്ലെന്നാണ് വിദഗ്ധരുടെ പക്ഷം. സൈന്യത്തെ ചൊല്പടിയിൽ നിർത്തിയ ഉരുക്കുവനിതയെ പടിയടച്ചു പുറത്താക്കിയ ജനങ്ങളെയും അവര്‍ ഭയക്കുന്നുണ്ടാകും. ദാരിദ്ര്യത്തിന്‍റെയും തൊഴിലില്ലായ്മയുടെയും പരകോടിയിൽ പ്രതികരിച്ചവരാണവർ. ഹസീനയെ പുറത്താക്കുമ്പോൾ ഒഴിയുന്ന അധികാര കസേരയിലേക്ക് സൈനിക കുപ്പായമിട്ടവരെ ആനയിക്കാൻ അവർ ആഗ്രഹിക്കുന്നുണ്ടാവില്ല. ജനാധിപത്യ സര്‍ക്കാര്‍ തന്നെയാണ് അവരുടെയും ആവശ്യം. ഇക്കാരണങ്ങളാല്‍ സൈന്യവും ഭരണത്തില്‍നിന്ന് അകന്നിരിക്കുമെന്ന് കരുതാം. പകരം, ഒരു പാവ സര്‍ക്കാരിനെയായിരിക്കും സൈന്യം ആഗ്രഹിക്കുക.

Also Read
user
Share This

Popular

KERALA
WORLD
എരുമേലി നഗരത്തിൽ സംഘർഷമുണ്ടാക്കിയ പ്രതിയെ സ്റ്റേഷനിലെത്തിച്ച് ക്രൂരമായി തല്ലിചതച്ച് പൊലീസ്; മർദന ദൃശ്യങ്ങൾ പുറത്ത്