തിരുവനന്തപുരം: മുള്ളൻ പന്നിയെ അടിച്ചു കൊന്ന കേസിൽ വെള്ളനാട് പഞ്ചായത്ത് പ്രസിഡൻ്റും സിപിഐഎം നേതാവുമായ ശശി കീഴടങ്ങി. പരുത്തിപ്പള്ളി ആർ എ ഫ്ഒയ്ക്ക് മുൻപിലാണ് കീഴടങ്ങിയത്. ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് മുള്ളൻ പന്നിയെ അടിച്ചു കൊന്നതിന് വനം വകുപ്പ് കേസെടുത്തതിന് പിന്നാലെ ശശി ഒളിവിൽ പോവുകയായിരുന്നു. ശശിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ശശി സെക്രട്ടറിയേറ്റിൽ എത്തിയത് വിവാദമായിരുന്നു. ഫെബ്രുവരി 28നാണ് മുള്ളൻ പന്നിയെ കൊന്നത്.
നാട്ടുകാരുടെ എതിർപ്പ് അവഗണിച്ചാണ് ശശി മുള്ളൻ പന്നിയെ കൊന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തിയാൽ കേസ് ആകുമെന്ന് പറഞ്ഞപ്പോൾ, കേസും കോടതിയൊന്നും തനിക്ക് പേടിയില്ലെന്നായിരുന്നു ശശി പറഞ്ഞത്. ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയപ്പോഴെക്കും ശശി സംഭവസ്ഥലത്ത് നിന്ന് പോയിരുന്നു.