മമത ബാനര്‍ജി 
NEWSROOM

"ഞങ്ങള്‍ക്ക് ഒന്നും ഒളിപ്പിക്കാനില്ല"; കൊല്‍ക്കത്തയിലെ ഡോക്ടറുടെ കൊലപാതകത്തിൽ സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്ത് മമത

വ്യാഴാഴ്ച ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറുടെ മൃതദേഹം മെഡിക്കല്‍ കോളേജിന്‍റെ സെമിനാര്‍ ഹാളില്‍ നിന്നും വെള്ളിയാഴ്ചയാണ് കണ്ടെത്തിയത്

Author : ന്യൂസ് ഡെസ്ക്

കൊല്‍ക്കത്തയിലെ ആര്‍.ജി കാര്‍ മെഡിക്കല്‍ കോളേജിലെ വനിത ഡോക്ടറുടെ കൊലപാതകത്തില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം സ്വാഗതം ചെയ്ത് പശ്ചിമ ബംഗാള്‍ സർക്കാർ. അന്വേഷണത്തിൽ അനാസ്ഥയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയതിന് പിന്നാലെയാണ് സർക്കാരിന്‍റെ പ്രതികരണം. 

ചെസ്റ്റ് മെഡിസിന്‍ വിഭാഗത്തിലെ രണ്ടാം വർഷ പിജി വിദ്യാർഥിനിയാണ് കോളേജിൽ വെച്ച് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറുടെ മൃതദേഹം മെഡിക്കല്‍ കോളേജിന്‍റെ സെമിനാര്‍ ഹാളില്‍ നിന്നും വെള്ളിയാഴ്ച കണ്ടെത്തുകയായിരുന്നു. വിദ്യാർഥിനി ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇതേ ആരോപണം കുടുംബവും നേരത്തെ ഉന്നയിച്ചിരുന്നു.

അന്വേഷണത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആശുപത്രിക്ക് വെളിയില്‍ നിന്നുള്ള വ്യക്തിയാണിതെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. കൊലപാതകത്തില്‍ പ്രതിഷേധിച്ച് മെഡിക്കല്‍ കോളേജ് ഡോക്ടർമാർ പണിമുടക്കിലാണ്.

മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് കേന്ദ്ര അന്വേഷണം സ്വാഗതം ചെയ്തുകൊണ്ടുള്ള സര്‍ക്കാരിന്‍റെ തീരുമാനം അറിയിച്ചത്. അന്വേഷണം ഏതെങ്കിലും കേന്ദ്ര ഏജന്‍സിയെക്കൊണ്ട് നടത്താനാണ് മെഡിക്കല്‍ വിദ്യാര്‍ഥികളും ആശുപത്രി ജീവനക്കാരും ആഗ്രഹിക്കുന്നതെങ്കില്‍ സര്‍ക്കാര്‍ അതിനു തയ്യാറാണെന്ന് മമത പറഞ്ഞു.

"ഈ കേസില്‍ ഞങ്ങള്‍ക്ക് ഒന്നും ഒളിപ്പിക്കാനില്ല. അറസ്റ്റ് ചെയ്തിരിക്കുന്ന വ്യക്തിയെ ഫാസ്റ്റ് ട്രാക്ക് കോടതിക്ക് മുന്നില്‍ അവതരിപ്പിക്കും. കുറ്റവാളിക്ക് വധശിക്ഷ നല്‍കാന്‍ ആവശ്യപ്പെടും. പക്ഷേ പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണമാണ് ആവശ്യമെങ്കില്‍ ഞങ്ങള്‍ അതിന് എതിരല്ല. ഒന്നും ഒളിപ്പിക്കാനില്ലാത്തതിനാല്‍ സിബിഐ അന്വേഷണത്തില്‍ ഞങ്ങള്‍ക്ക് പ്രശ്‌നങ്ങളില്ല. അതേസമയം, സമരം കാരണം രോഗികള്‍ക്ക് അസൗകര്യങ്ങള്‍ ഉണ്ടാകരുത്," മമത ഡോക്ടര്‍മാരോട് അപേക്ഷിച്ചു.

യുവതി കൊല്ലപ്പെടും മുമ്പ് പീഡിപ്പിക്കപ്പെട്ടുവെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. സ്വകാര്യഭാഗങ്ങളില്‍ രക്തസ്രാവവും മറ്റ് ശരീരഭാഗങ്ങളില്‍ മുറിവുകളുമുണ്ടെന്നാണ് നാല് പേജുകളുള്ള റിപ്പോർട്ട്. കഴുത്തിലെ എല്ല് ഒടിഞ്ഞതിനാല്‍ ശ്വാസംമുട്ടിയായിരുന്നു മരണം.

SCROLL FOR NEXT