
അനധികൃതമായ ഭൂമി കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥയെയും സംഘത്തെയും ഭീഷണിപ്പെടുത്തിയ പശ്ചിമ ബംഗാള്‍ മന്ത്രി അഖില്‍ ഗിരിക്കെതിരെ നടപടിയെടുത്ത് തൃണമൂൽ കോൺഗ്രസ്. വനിതാ ഓഫീസറോട് മാപ്പ് പറയണമെന്നും രാജിക്കത്ത് നൽകണമെന്നും തൃണമൂൽ ആവശ്യപ്പെട്ടു.
മന്ത്രി വനം വകുപ്പ് ഉദ്യോഗസ്ഥരോട് ആക്രോശിക്കുകയും അസഭ്യം പറയുകയും ചെയ്യുന്ന വീഡിയോ നേരത്തെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെ വൻ ജനരോഷമാണ് ഉയർന്നത്. പിന്നാലെയാണ് തൃണമൂൽ കോൺഗ്രസിൻ്റെ നടപടി.
'ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയ പശ്ചിമ ബംഗാള്‍ മന്ത്രിയുടെ പെരുമാറ്റത്തെ ഒരിക്കലും പിന്തുണയ്ക്കാനാവില്ല. ഞങ്ങളുടെ സംസ്ഥാന പ്രസിഡൻ്റ് സുബ്രത ബക്ഷി മന്ത്രിയുമായി ടെലഫോണിൽ സംസാരിച്ചിരുന്നു. മോശമായി പെരുമാറിയ ഉദ്യോഗസ്ഥയോട് മാപ്പ് പറയണമെന്ന് പറഞ്ഞിട്ടുണ്ട്. മാത്രമല്ല രാജിക്കത്ത് അയക്കാനും നിർദേശിച്ചിട്ടുണ്ട്'-തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് ഡോ.സന്തനു സെൻ പറഞ്ഞു.
വനം വകുപ്പിനു കീഴിലുള്ള താജ്പൂര്‍ ബീച്ചിനോട് ചേര്‍ന്നുള്ള ഭൂമിയില്‍ നിയപരമല്ലാതെ സ്ഥാപിച്ചിരുന്ന കടകള്‍ ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥരോടാണ് മന്ത്രി മോശമായി പെരുമാറിയത്. ഇതിൻ്റെ വീഡിയോ ബിജെപി എക്സിൽ പങ്കുവെച്ചിരുന്നു. പാർട്ടിക്കകത്തും പുറത്തും വൻ ജനരോഷമാണ് മന്ത്രിക്കെതിരെ ഉണ്ടായത്.