ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഉപയോക്താക്കളെ വലച്ച് വിൻഡോസ് പണിമുടക്കി. ഇത് സിസ്റ്റം പെട്ടെന്ന് ഷട്ട്ഡൗൺ ചെയ്യാനോ റീസ്റ്റാർട്ട് ചെയ്യാനോ കാരണമായി. അടുത്തിടെയുണ്ടായ ക്രൗഡ്‌സ്ട്രൈക്ക് അപ്‌ഡേറ്റ് കാരണമാണ് ലോകമെമ്പാടും ഈ പിശക് സംഭവിച്ചതെന്നാണ് മൈക്രോസോഫ്റ്റിൻ്റെ വിശദീകരണം. സോഫ്റ്റ്‌വെയർ പണി മുടക്കിയതുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും കൃത്യമായി അറിയിക്കാൻ സാധിച്ചില്ലെന്നും തടസം നേരിട്ടതിൽ ക്ഷമ ചോദിക്കുന്നതായും അവർ അറിയിച്ചു.
ആന്‍റി വൈറസ് സോഫ്റ്റ്‌വെയറിലെ തകരാർ മൂലമാണ് കംപ്യൂട്ടർ പ്രതിസന്ധിയുണ്ടായത്. വിൻഡോസിൽ ക്രൗഡ് സ്ട്രൈക്ക് ആൻ്റി വൈറസാണ് പണിമുടക്കിയത്. ഇതോടെ ക്രൗഡ് സ്ട്രൈക്ക് ഉപയോഗിക്കുന്ന കംപ്യൂട്ടറുകൾ പ്രവർത്തനരഹിതമാവുകയായിരുന്നു.
കുറച്ചു നേരത്തേക്കാണെങ്കിലും ഇത്തരം ഹാർഡ്‌വെയർ അല്ലെങ്കിൽ സോഫ്റ്റ്‌വെയർ പ്രശ്നങ്ങൾ അതിവേഗം മറികടക്കാവുന്നതേയുള്ളൂ. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് വിൻഡോസ് ഉപഭോക്താക്കളിൽ ഒരേസമയമാണ് ഇത്തരത്തിലൊരു ടെക്നിക്കൽ ഗ്ലിച്ച് സംഭവിച്ചിരിക്കുന്നത്. യഥാർഥത്തിൽ വിൻഡോസിൻ്റെ ഭാഗത്തു നിന്നുള്ള ആൻ്റി വൈറസ് അപ്ഡേഷനിൽ സംഭവിച്ചൊരു വീഴ്ചയാണ് ഈ ആഗോള പ്രതിഭാസത്തിന് പിന്നിലെന്നാണ് പ്രാഥമികമായി വിൻഡോസ് നൽകുന്ന വിശദീകരണം.
ബ്ലൂ സ്ക്രീൻ ഓഫ് ഡെത്ത്' (BSOD) എന്ന ബഗ് കാരണം, ലോകത്തെമ്പാടുമുള്ള നിരവധി കമ്പനികളാണ് രാവിലെ മുതൽ പ്രശ്നത്തിലായത്. അമേരിക്ക തൊട്ട് ഓസ്ട്രേലിയ വരെയുള്ള മുഴുവൻ ലോക രാജ്യങ്ങളിലേയും സർക്കാർ സ്ഥാപനങ്ങളും ബാങ്കുകളും സ്വകാര്യ കമ്പനികളും വരെ കുറേ നേരത്തേക്ക് വലിയ പ്രതിസന്ധിയാണ് നേരിട്ടത്.