NEWSROOM

അതിജീവനത്തിന്റെ കേരള മോഡല്‍; വയനാട് ദുരിതബാധിതര്‍ക്ക് ഭൂമി നല്‍കി അജിഷയും ഭര്‍ത്താവും

തൃശൂര്‍ കെഎസ്എഫ്ഇ സ്‌പെഷ്യല്‍ ഗ്രേഡ് അസിസ്റ്റന്റാണ് അജിഷ.

Author : ന്യൂസ് ഡെസ്ക്

വയനാട് ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് സഹായ ഹസ്തവുമായി നിരവധി മലയാളികളാണ് രംഗത്തെത്തിയത്. സാമ്പത്തികമായും സാമൂഹികമായും വീണുപോയവര്‍ക്ക് താങ്ങാകേണ്ടത് സഹജീവിയെന്ന നിലയിൽ എല്ലാവരുടേയും കടമയും ഉത്തരവാദിത്തവുമാണ്. ഈ ഉത്തരവാദിത്തം പൂർണ മനസ്സോടെ നിറവേറ്റുകയാണ് കെഎസ്എഫ്ഇ ജീവനക്കാരി അജിഷ ഹരിദാസ്. സ്വന്തമായുള്ള 20 സെന്റ് ഭൂമി ദുരിതബാധിതര്‍ക്ക് നല്‍കിയാണ് വയനാട് കോട്ടത്തറ സ്വദേശി അജിഷയും ഭര്‍ത്താവ് ഹരിദാസും മാതൃകയായത്.

തൃശൂര്‍ കെഎസ്എഫ്ഇ സ്‌പെഷ്യല്‍ ഗ്രേഡ് അസിസ്റ്റന്റാണ് അജിഷ. കുടുംബസമേതം എത്തിയാണ് അജിഷ മുഖ്യമന്ത്രിക്ക് ഭൂമിയുടെ രേഖകള്‍ കൈമാറിയത്. 2009 ല്‍ വയനാട് കമ്പളക്കാടില്‍ വാങ്ങിയ ഇരുപത് സെന്റ് സ്ഥലമാണ് ദുരിതബാധിതര്‍ക്കായി നല്‍കിയത്. അജിഷയുടെ അച്ഛനും അമ്മയ്ക്കും വീട് വെക്കാനായി വാങ്ങിയ ഭൂമിയാണിത്.

മാതാപിതാക്കള്‍ സഹോദരന്റെ വീട്ടില്‍ സുരക്ഷിതരാണ്. അതിനാല്‍ ആ ഭൂമി, ഒരു രാത്രി പുലര്‍ന്നപ്പോള്‍ എല്ലാം നഷ്ടമായവര്‍ക്ക് നല്‍കാമെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് അജിഷയും ഭര്‍ത്താവും പറയുന്നു. മനസ്സിനെ പിടിച്ചുലയ്ക്കുന്ന കാഴ്ച്ചകളാണ് വയനാട്ടില്‍ കണ്ടത്. നാളെ നമുക്കാര്‍ക്കെങ്കിലും ഈ അവസ്ഥ വന്നാല്‍ എന്നാലോചിച്ചാല്‍ മറ്റുള്ളവരെ സഹായിക്കാന്‍ സാധിക്കുമെന്നും അജിഷ പറയുന്നു.



SCROLL FOR NEXT