ഹംഗറിയിലെ പാനൺഹാൽമ ആർച്ചാബി ലൈബ്രറി Source: News Malayalam 24x7
WORLD

യുദ്ധങ്ങളെയും അധിനിവേശത്തെയും അതിജീവിച്ചു, പക്ഷെ പ്രാണികളോട് തോറ്റു; ലൈബ്രറി സംരക്ഷിക്കാന്‍ അവസാന ശ്രമം

ആയിരം വർഷം പഴക്കമുള്ള ലൈബ്രറിയിലെ ഒരു ലക്ഷത്തോളം പുസ്തകങ്ങളിപ്പോൾ അതീവ സുരക്ഷയിലാണ്

Author : ന്യൂസ് ഡെസ്ക്

ബുഡാപെസ്റ്റ്: അമൂല്യ ഗ്രന്ഥങ്ങളുള്ള ഹംഗറിയിലെ ലൈബ്രറിക്ക് ഭീഷണിയായിരിക്കുകയാണ് ഇത്തിരിക്കുഞ്ഞന്മാരായ വണ്ടുകൾ. ആയിരം വർഷം പഴക്കമുള്ള ലൈബ്രറിയിലെ ഒരു ലക്ഷത്തോളം പുസ്തകങ്ങളിപ്പോൾ അതീവ സുരക്ഷയിലാണ്.

കഴിഞ്ഞ നൂറ്റാണ്ടുകളിലെ യുദ്ധങ്ങളെയും ഓട്ടോമന്‍ തുർക്കി അധിനിവേശത്തെയും അതിജീവിച്ച ഹംഗറിയിലെ പാനൺഹാൽമ ആർച്ചാബി പുസ്തകപ്പുര ഇപ്പോള്‍ ഒരു ചെറിയ പ്രാണിയിൽ നിന്ന് പുസ്തകങ്ങളെ സംരക്ഷിക്കാനുള്ള മഹായത്നത്തിലാണ്. 1000 വർഷം പഴക്കമുള്ള ലൈബ്രറിയിലെ ഒരു ലക്ഷത്തോളം പുസ്തകങ്ങൾക്ക് ഭീഷണിയായിരിക്കുന്നത് ഡ്രഗ്സ്റ്റോർ ബീറ്റിലുകളാണ്. മുപ്ലിവണ്ടുകളോട് സാമ്യമുള്ള വണ്ടുകളാണിവ.

മധ്യകാലഘട്ടം മുതലുള്ള ചരിത്രം അടയാളപ്പെടുത്തിയ നാല് ലക്ഷത്തോളം പുസ്തകങ്ങളിൽ ഒരു ലക്ഷത്തോളം പുസ്തകമിരിക്കുന്ന ഷെൽഫുകളിലാണ് ഈ കുഞ്ഞൻ വണ്ടുകൾ കയറിപ്പറ്റിയിരിക്കുന്നത്.

ഷെൽഫുകളിൽ നിന്ന് വായുകടക്കാത്ത കണ്ടെയ്നറുകളിലേക്കും പ്ലാസ്റ്റിക് കൂടുകളിലേക്കുമാണ് പുസ്തകങ്ങൾ മാറ്റുന്നത്. ആറാഴ്ച ശുദ്ധമായ നൈട്രജൻ മാത്രമുള്ള പരിസ്ഥിതിയിൽ വെച്ചാൽ വണ്ടുകളത്രയും ചത്തൊടുങ്ങുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

യുനെസ്കോയുടെ പൈതൃക പട്ടികയിലുൾപ്പെട്ടതാണ് ഹംഗറിയിലെ ഏറ്റവും പഴക്കം ചെന്ന ഈ ലൈബ്രറി. 13ാം നൂറ്റാണ്ടിൽ രചിച്ച സമ്പൂർണ ബൈബിൾ ഉൾപ്പെടെയുള്ള വിശിഷ്ട ഗ്രസ്ഥങ്ങൾ ഇവിടെയുണ്ട്. 15ാം നൂറ്റാണ്ടിൽ അച്ചടി കണ്ടെത്തുന്നതിന് മുൻപുള്ള പതിനായിരക്കണക്കിന് കയ്യെഴുത്തുപ്രതികളുമുണ്ട്.

ഉണങ്ങിയ ധാന്യങ്ങൾ , ധാന്യമാവ് , സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയിലൊക്കെയാണ് സാധാരണ ഈ പ്രാണികളെ കാണുക. കൈകൊണ്ട് ബൈൻഡ് ചെയ്ത പുസ്തകങ്ങളിലെ ജെലാറ്റിന്റെയും അന്നജത്തിന്റെയും അംശമുള്ള പദാർഥങ്ങളാകും ഇവയെ ആകർഷിച്ചിരിക്കുക എന്നാണ് കരുതുന്നത്.

SCROLL FOR NEXT