
ഗാസയില്‍ ആക്രമണം തുടര്‍ന്ന് ഇസ്രയേല്‍. ഞായറാഴ്ച 59 പലസ്തീനികളാണ് ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇവരില്‍ 28 പേര്‍ ഗാസ സിറ്റിയില്‍ നിന്നുള്ളവരാണ്. മധ്യ ഗാസയിലെ അഭയാര്‍ഥി ക്യാംപില്‍ ക്യാനുകളില്‍ കുടിവെള്ളം നിറയ്ക്കാന്‍ കാത്തിരുന്ന ആറ് കുട്ടികള്‍ ഉള്‍പ്പെടെ 10 പേരാണ് ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ഏഴ് കുട്ടികള്‍ ഉള്‍പ്പെടെ 16 പേര്‍ക്ക് പരിക്കുമേറ്റു. ക്യാംപുകളും ജനവാസ കെട്ടിടങ്ങളുമൊക്കെ ലക്ഷ്യമിട്ടാണ് ഇസ്രയേല്‍ സൈന്യം ആക്രമണം തുടരുന്നതെന്ന് മെഡിക്കല്‍, പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.
അല്‍ നുസൈറത്തിലെ അഭയാര്‍ഥി ക്യാംപില്‍ നടത്തിയ ആക്രമണത്തിലാണ് കുട്ടികള്‍ കൊല്ലപ്പെട്ടത്. വാട്ടര്‍ ടാങ്കറിന് സമീപം ഒഴിഞ്ഞ ക്യാനുകളുമായി വരിനിന്ന ആള്‍ക്കൂട്ടത്തിനു നേരെയാണ് ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണം ഉണ്ടായതെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ക്യാംപുകളും സഹായവിതരണ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ഇസ്രയേല്‍ സൈന്യം നടത്തുന്ന ആക്രമണത്തിന്റെ തുടര്‍ച്ചയാണ് നുസൈറത്തിലും ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ പോലും മതിയായ സൗകര്യങ്ങളില്ലായിരുന്നു. കഴുത വണ്ടികള്‍ വരെ ഇതിനായി ആശ്രയിക്കേണ്ടിവന്നു. കുട്ടികളുടെ മൃതദേഹങ്ങള്‍ നുസൈറത്തിലെ അല്‍ ഔദ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, ഭീകരരെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ സാങ്കേതിക പിഴവ് സംഭവിച്ചതാണ് അപകടം ഉണ്ടാക്കിയതെന്നാണ് ഇസ്രയേല്‍ സൈന്യത്തിന്റെ പ്രതികരണം. സംഭവം പുനപരിശോധിക്കുകയാണെന്നും സൈന്യം കൂട്ടിച്ചേര്‍ത്തു.
ഗാസയിലുടനീളം ഇസ്രയേല്‍ ആക്രമണം വര്‍ധിക്കുകയാണ്. മധ്യ ഗാസയിലും ഗാസ സിറ്റിയിലും ഞായറാഴ്ച നടന്ന മൂന്ന് വ്യത്യസ്ത ആക്രമണങ്ങളിലായി 19 പേര്‍ കൊല്ലപ്പെട്ടതായി ഗാസ സിവില്‍ ഡിഫന്‍സ് ഏജന്‍സി വക്താവിനെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഗാസയിലെമ്പാടുമായി ഇസ്രയേല്‍ വ്യോമാക്രമങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. ആറ് ആഴ്ചയ്ക്കിടെ തെക്കന്‍ ഗാസയിലെ റഫ ഫീല്‍ഡ് ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടെ എണ്ണം 12 മാസങ്ങളെ അപേക്ഷിച്ച് കൂടുതലാണെന്ന് ഇന്റർനാഷണൽ കമ്മിറ്റി ഓഫ് റെഡ് ക്രോസ് അറിയിച്ചു. ശനിയാഴ്ച റഫയിലെ ഫീൽഡ് ആശുപത്രിയിൽ സൈനിക ആക്രമണത്തെത്തുടര്‍ന്നുള്ള പരിക്കുകളോടെ 132 രോഗികളെയാണ് പ്രവേശിപ്പിച്ചത്. അവരില്‍ 31 പേർ മരിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരില്‍ ഭൂരിപക്ഷത്തിനും വെടിയേറ്റിട്ടുണ്ടായിരുന്നു. പലരും ഭക്ഷ്യവിതരണ കേന്ദ്രങ്ങളിലേക്ക് എത്താനുള്ള ശ്രമത്തിലായിരുന്നെന്നും റെഡ് ക്രോസ് പറഞ്ഞു.
മെയ് 27ന് പുതിയ ഭക്ഷ്യ വിതരണ കേന്ദ്രങ്ങൾ തുറന്നതിനുശേഷം, സൈനിക ആക്രമണങ്ങളില്‍ പരിക്കേറ്റ 3400ലധികം പേരെ ചികിത്സിച്ചിട്ടുണ്ട്. 250ലധികം മരണം രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്തരം കൂട്ടമരണം വര്‍ധിക്കുന്നത് ഗാസയിലെ സാധാരണ ജനങ്ങളുടെ ജീവിത ദുരവസ്ഥയാണ് അടിവരയിടുന്നതെന്നും റെഡ് ക്രോസ് വ്യക്തമാക്കി.