ബൊഗോട്ട: പടിഞ്ഞാറൻ കൊളംബിയയിലുണ്ടായ ശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 132 ആയി. ദുരന്തത്തിൽ ഇതുവരെ 480 പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
ചോക്കോ പ്രവിശ്യയിൽ റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇന്നലെ വൈകിട്ടോടെ അനുഭവപ്പെട്ടത്. പടിഞ്ഞാറൻ കൊളംബിയയിലെ സാൻ ഹോസെ ദെൽ പാൽമാർ മേഖലയാണ് ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം.
ഭൂചലനത്തെ തുടർന്ന് നിരവധി കെട്ടിടങ്ങൾ നിലംപൊത്തി. തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താൻ തെരച്ചിൽ തുടരുകയാണ്. ദുരന്തബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും സർക്കാർ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും അധികൃതർ അറിയിച്ചു.