തൻ്റെ മകൾ റാഫിന് പാർലെ-ജി ബിസ്ക്കറ്റുകൾ നൽകുന്ന ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ജാവദിൻ്റെ കുറിപ്പ് Source: Instagram/ officialparleg, X/@Mo7ammed_jawad6
WORLD

അഞ്ച് രൂപയുടെ പാർലെ-ജി ബിസ്ക്കറ്റ് ഗാസയിൽ വിൽക്കുന്നത് 2400 രൂപയ്ക്ക്! ഭക്ഷ്യക്ഷാമത്തിൻ്റെ ഞെട്ടിക്കുന്ന മുഖം

ഇന്ത്യൻ വിപണിയിലെ ഏറ്റവും വിലകുറഞ്ഞ ബിസ്‌ക്കറ്റുകളുടെ ഗാസയിലെ വില കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യൽ മീഡിയ

Author : ന്യൂസ് ഡെസ്ക്

വൈകുന്നേരത്തെ ചായകുടിക്ക് സ്വാദ് കൂട്ടുന്ന, നൊസ്റ്റാൾജിയ നിറഞ്ഞ ബിസ്ക്കറ്റാണ് ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം പാർലെ-ജി. നമുക്ക് പാർലെ-ജി ബിസ്ക്കറ്റ് ഒരിക്കലും ആഡംബരമല്ല. ബിസ്ക്കറ്റിനെ ഇത്രയധികം ജനപ്രിയമാക്കിയതും അതിൻ്റെ കുറഞ്ഞ വില തന്നെയാണ്. എന്നാൽ യുദ്ധക്കെടുതിയിൽ പൊറുതിമുട്ടുന്ന, ഭക്ഷ്യക്ഷാമം രൂക്ഷമായ ഗാസയിൽ പാർലെ-ജി ബിസ്ക്കറ്റുകൾ ഇത്തിരി ആർഭാടമാണ്. കാരണം യഥാർഥ വിലയേക്കാൾ ഏകദേശം 500 മടങ്ങ് അധികം വിലയ്ക്കാണ് ഗാസയിൽ അവ വിൽക്കുന്നത്.

ഗാസയിൽ നിന്നുള്ള വൈറൽ പോസ്റ്റിലാണ് പാർലെ-ജിയുടെ ഞെട്ടിക്കുന്ന വിലയെക്കുറിച്ച് പരാമർശിച്ചിരിക്കുന്നത്. മുംബൈ ആസ്ഥാനമായുള്ള പാർലെ പ്രോഡക്‌ട്‌സ് നിർമിക്കുന്ന പാർലെ-ജി ബിസ്‌ക്കറ്റുകൾ 24 യൂറോയിൽ (2,342 രൂപ) കൂടുതൽ വിലയ്ക്ക് വിൽക്കുന്നുണ്ടെന്ന് മുഹമ്മദ് ജാവദ് എന്ന എക്സ് ഉപയോക്താവ് അവകാശപ്പെടുന്നു. ഇന്ത്യൻ വിപണിയിലെ ഏറ്റവും വിലകുറഞ്ഞ ബിസ്‌ക്കറ്റുകളുടെ ഗാസയിലെ വില കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യൽ മീഡിയ.

തൻ്റെ മകൾ റാഫിന് പാർലെ-ജി ബിസ്ക്കറ്റുകൾ നൽകുന്ന ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ജാവദിൻ്റെ കുറിപ്പ്. "ഒരു നീണ്ട കാത്തിരിപ്പിന് ശേഷം, ഇന്ന് ഞാൻ റാഫിന് അവളുടെ പ്രിയപ്പെട്ട ബിസ്‌ക്കറ്റ് നൽകി. 1.5 യൂറോയിൽ നിന്ന് 24 യൂറോയിലേക്ക് വില കുതിച്ചെങ്കിലും, റാഫിഫിന് അവളുടെ പ്രിയപ്പെട്ട ട്രീറ്റ് നൽകുന്നതിൽ നിന്ന് പിൻവാങ്ങാൻ എനിക്ക് സാധിച്ചില്ല," പോസ്റ്റിൽ പറയുന്നു.

4,300 കിലോമീറ്റർ അകലെയുള്ള ഇന്ത്യയിൽ നിന്നും ഉത്പാദിപ്പിക്കുന്ന പാർലെ-ജിയുടെ കാര്യത്തിൽ മാത്രമല്ല വിലവർധന. വടക്കൻ ഗാസയിലെ ചില പ്രധാന ഉൽപ്പന്നങ്ങളുടെ നിലവിലെ വിപണി വിലയുടെ ഏകദേശ കണക്ക് പുറത്തുവിട്ടിരിക്കുകയാണ് എൻഡിടിവി.

  • ഒരു കിലോ പഞ്ചസാര: 4,914 രൂപ

  • ഒരു ലിറ്റർ പാചക എണ്ണ: 4,177 രൂപ

  • ഒരു കിലോ ഉരുളക്കിഴങ്ങ്: 1,965 രൂപ

  • ഒരു കിലോ ഉള്ളി: 4,423 രൂപ

  • ഒരു കപ്പ് കാപ്പി : 1,800 രൂപ

യഥാർഥ വിതരണക്കാരോ നികുതിയോ അല്ല വില വർധനയ്ക്ക് കാരണമെന്ന് ഗാസ സിറ്റിയിൽ താമസിക്കുന്ന സർജൻ ഡോ. ഖാലിദ് അൽഷാവയെ ഉദ്ധരിച്ച് എൻ‌ഡി‌ടി‌വി റിപ്പോർട്ട് ചെയ്യുന്നു. "സൗജന്യ മാനുഷിക സഹായത്തിൻ്റെ ഭാഗമായാണ് ഗാസയിലേക്ക് എല്ലാ ഉത്പന്നങ്ങളും എത്തുന്നത്. എന്നാൽ വളരെ കുറച്ച് ആളുകൾക്ക് മാത്രമേ അത് സൗജന്യമായി ലഭിക്കൂ. ബാക്കിയുള്ളവ കരിഞ്ചന്തയിൽ വലിയ വിലയ്ക്ക് വിൽക്കപ്പെടുന്നു," ഖാലിദ് അൽഷാവ പറയുന്നു.

"പാർലെ-ജി ബിസ്‌ക്കറ്റിന്റെ കാര്യമെടുത്താൽ പല പ്രദേശങ്ങളിൽ പല വിലയാണ്. വിൽപ്പനക്കാരൻ ആരാണെന്നതിനെ ആശ്രയിച്ചാണ് വില. 'എക്‌സ്‌പോർട്ട് പായ്ക്ക്' ലേബലുകളുള്ള പാർലെ-ജി പാക്കറ്റുകളിൽ വില പരാമർശിക്കുന്നില്ല എന്നതാണ് മറ്റൊരു കാര്യം," ഡോ. ഖാലിദ് അൽഷാവ എൻഡിടിവിയോട് പറഞ്ഞു.

കൃത്രിമമായി നിർമിച്ചെടുത്ത ഭക്ഷ്യക്ഷാമം

2023 ഒക്ടോബറിൽ ആരംഭിച്ച യുദ്ധത്തിന് ശേഷമാണ് ഗാസയിലേക്കുള്ള ഭക്ഷണ ലഭ്യത ഇസ്രയേൽ വെട്ടിക്കുറച്ചത്. സഹായവുമായെത്തുന്ന ചുരുക്കം ട്രക്കുകളെ മാത്രമേ ഗാസയിലേക്ക് ഇസ്രയേൽ കടത്തിവിടുന്നുള്ളൂ. ഇതു തന്നെ തീവ്രമായ അന്താരാഷ്ട്ര സമ്മർദത്തെത്തുടർന്ന് മാത്രമാണ്.

ഐക്യരാഷ്ട്ര സഭയെ ഉദ്ധരിക്കുകയാണെങ്കിൽ 'ഭൂമിയിലെ ഏറ്റവും വിശക്കുന്ന സ്ഥലമായി' മാറിയിരിക്കുകയാണ് ഗാസ. പലസ്തീനില്‍ അതിര്‍ത്തികളിലെ ജനജീവിതം പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും വക്കിലാണെന്നും ഐക്യരാഷ്ട്രസഭ പറയുന്നു. ഒരു രാജ്യത്തെ നിര്‍വചിക്കപ്പെട്ട പ്രദേശമോ അവിടുത്തെ മുഴുവന്‍ ജനതയോ ക്ഷാമം നേരിടുന്ന ഒരേയൊരു സ്ഥലവും ഗാസയാണെന്ന് യുഎന്‍ ഓഫീസിലെ ഹ്യുമാനിറ്റേറിയന്‍ അഫയേഴ്‌സ് വക്താവ് ജെന്‍സ് ലാര്‍ക്ക് പറഞ്ഞു. അവശേഷിക്കുന്ന ജനസംഖ്യയുടെ നൂറ് ശതമാനവും ക്ഷാമത്തിനിരയാകുകയാണ്.

ലോകരാഷ്ട്രങ്ങളിൽ നിന്നും വിമർശനങ്ങൾ ഉയർന്നതോടെ മെയ് 27 ന് ഒരു ബദൽ ഇസ്രയേൽ അവതരിപ്പിച്ചു. ഗാസ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ (GHF) വികസിപ്പിച്ചെടുത്ത സെക്യുർ ഡിസ്ട്രിബ്യൂഷൻ സൈറ്റ് 1 (SDS1) മോഡൽ.ഫ്രഞ്ച് ദിനപത്രമായ ലെ മോണ്ടെയുടെ റിപ്പോർട്ട് പ്രകാരം, യുഎസ്, സ്വിറ്റ്സർലൻഡ്, ഇസ്രായേൽ എന്നിവയുടെ പിന്തുണയുള്ള ഒരു സംയുക്ത സംരംഭമാണിത്.

SCROLL FOR NEXT