തായ് പോ: ഹോങ്കോങ്ങിലെ തായ് പോ ജില്ലയിലുള്ള ഒരു ഭവന സമുച്ചയത്തിലെ ഏഴ് ബഹുനില അപ്പാർട്ട്മെൻ്റ് കെട്ടിടങ്ങളിൽ ഒരേസമയം തീപടർന്ന് ഉണ്ടായ വൻ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 55 ആയി ഉയർന്നു. നിലവിൽ 279 പേരെ കാണാതായെന്നും അധികൃതർ മാധ്യമങ്ങളെ അറിയിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഹോങ്കോങ്ങിൻ്റെ ചരിത്രത്തിലെ ഏറ്റവും ഭയാനകമായ തീപിടിത്തമായി ഇത് മാറി. നൂറൂ കണക്കിന് പേരെ ഇനിയും കണ്ടെത്താനുണ്ട്.
തീപടർന്ന ഏകദേശം രണ്ടായിരത്തോളം ഫ്ലാറ്റുകളിലായി 4800ഓളം ആളുകളാണ് താമസിച്ചിരുന്നത്. ഇതിൽ ഭൂരിഭാഗം പേരെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. തീപിടിത്തവുമായി ബന്ധപ്പെട്ട് മൂന്ന് കൺസ്ട്രക്ഷൻ കമ്പനി എക്സിക്യൂട്ടീവുമാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിവേഗം തീപിടിക്കുന്ന കെട്ടിടങ്ങളുടെ പുനരുദ്ധാരണത്തിനായി എത്തിച്ച മുള, പ്ലാസ്റ്റിക് ഷീറ്റുകൾ എന്നിവയുടെ സാന്നിധ്യം സംശയമുളവാക്കുന്നതാണ്.
കഴിഞ്ഞ 18 മണിക്കൂറിലേറെയായി തീയണയ്ക്കാനുള്ള ഊർജിത ശ്രമങ്ങൾ തുടരുകയാണ്. 800 ഓളം അഗ്നിശമന സേനാംഗങ്ങൾ ചേർന്നാണ് തീയണക്കാൻ ശ്രമിക്കുന്നത്. ഹോങ്കോങ്ങിൻ്റെ ചരിത്രത്തിലെ ഏറ്റവും ആൾനാശം വരുത്തിയ തീപിടിത്തമാണിത്. ലെവൽ 5 തീപിടിത്തം രാജ്യത്ത് ഉണ്ടായിരിക്കുന്നത് ഇതാദ്യമായാണെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
അതേസമയം, ഇന്നലെ രാത്രിയോടെ ഒരു കുഞ്ഞിനേയും പ്രായമായ സ്ത്രീയേയും കൂടി രക്ഷപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്. ബുധനാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 2.51നാണ് തീപിടിത്തം സംബന്ധിച്ച ആദ്യ വിവരം ഫയർ ഫോഴ്സിന് ലഭിച്ചത്.
തായിപോയിലെ വാങ് ഫുക് കോര്‍ട്ടിലാണ് ആദ്യം തീ പൊട്ടിപ്പുറപ്പെട്ടത്. എട്ട് ബ്ലോക്കുകളിലായി 2000ത്തോളം ഫ്‌ളാറ്റുകളുള്ള ഭവന സമുച്ചയമാണ് വാങ്ക ഫുക്. മരിച്ചവരിൽ ഒരു അഗ്നിശമന സേനാംഗവും ഉൾപ്പെടുന്നുണ്ട്.
ഭവന സമുച്ചയത്തിൻ്റെ പുറംഭാഗത്ത് സ്ഥാപിച്ചിരുന്ന മുള കൊണ്ടുള്ള നിർമിതികളിലേക്കും പ്ലാസ്റ്റിക് വലകളിലേക്കും പെട്ടെന്ന് തീ പടർന്നതാണ് അപകടത്തിലേക്ക് നയിച്ചത്. കെട്ടിടത്തിൽ കുടുങ്ങിയ താമസക്കാരിൽ ഭൂരിഭാഗവും പ്രായമായവരാണെന്ന് കരുതുന്നുവെന്ന് തായ്‌പോ ജില്ലാ കൗൺസിൽ അംഗം ലോ ഹിയു-ഫങ് ബുധനാഴ്ച പ്രാദേശിക ടിവി സ്റ്റേഷനായ ടിവിബിയോട് പറഞ്ഞു.