യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിന് പിന്നാലെ അമേരിക്കയുമായി കരാറിന് ഏകദേശ ധാരണയായതായി സ്ഥിരീകരിച്ച് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ച്ചിയും. ഇറാനെതിരായ ഉപരോധങ്ങളിൽ ഇളവ് കൊണ്ടുവരുന്നത് കരാറിലുണ്ടെന്നും ആണവശേഷിയുമായി ബന്ധപ്പെട്ട ചർച്ചകൾ പിന്നീടാകും ആരംഭിക്കുകയെന്നും അബ്ബാസ് അരാഗ്ചി വ്യക്തമാക്കി.
കരാറിൻ്റെ ഉള്ളടക്കത്തെക്കുറിച്ച് മാധ്യമങ്ങൾ തെറ്റായ വാർത്തകളും ഊഹാപോഹങ്ങളും പ്രചരിപ്പിക്കരുതെന്നും എല്ലാ വിവരങ്ങളും യഥാസമയം ഔദ്യോഗികമായി പുറത്തുവിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.എക്സ് പോസ്റ്റിലൂടെയാണ് അരാഗ്ച്ചി ഇത് സംബന്ധിച്ച വിവരം പുറത്തു വിട്ടത്. മുൻപൊരിക്കലും കരാർ സംബന്ധിച്ച ധാരണയോട് ഇത്രമേൽ അടുത്തെത്തിയിട്ടില്ല എന്നതാണ് പോസ്റ്റ്. അതേസമയം, കരാറിന് അന്തിമ രൂപമാകുന്നതേയുള്ളുവെന്നും പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. അബ്ബാസ് അരാഗ്ച്ചിയുടെ എക്സ് പോസ്റ്റ് ഡോണൾഡ് ട്രംപും ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ചിട്ടുണ്ട്.
അമേരിക്കയും ഇറാനും ധാരണയിലെത്തിയെന്ന് മധ്യസ്ഥ ശ്രമങ്ങൾക്ക് നേതൃത്വം നൽകിയ പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും വ്യക്തമാക്കി. കരാറിൻ്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതിനായി ഇരുപക്ഷവുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും സമാധാനം ഇപ്പോൾ കൈയെത്തും ദൂരത്താണെന്നും ഷഹബാസ് ഷെരീഫ് കൂട്ടിച്ചേർത്തു.
ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷം നിലനിൽക്കുന്നുണ്ടെങ്കിലും സമാധാന കരാർ സംബന്ധിച്ച ചർച്ചകളും നടന്നു വരികയാണ്. കഴിഞ്ഞ ദിവസം ഇറാനെ ആക്രമിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചതിന് തൊട്ട് പിന്നാലെ നടന്ന ചർച്ചയിൽ കരാറിൽ ധാരണയായതായും ആക്രമണ നീക്കം പിൻവലിച്ചതായും ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സമാധാന കരാറിൽ ഏകദേശ ധാരണയായതായി ഇറാനും അറിയിച്ചിരിക്കുന്നത്.