കാബൂൾ: അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തില്‍ നിരവധി ഗ്രാമങ്ങൾ ചെളിയിലും കല്ലിലും പൊതിഞ്ഞു കിടക്കുകയാണ്. ഇതിനിടയില്‍ ബാക്കിയായ ജീവനുകള്‍ അതിജീവനം സാധ്യമാകാതെ ബുദ്ധിമുട്ടുകയാണ്. കുനാര്‍ പ്രവിശ്യയിലുണ്ടായ ഭൂകമ്പത്തിൽ നിരവധി പേരാണ് മരിച്ചത്. തകർന്ന അവശിഷ്ടങ്ങൾക്കിടയിൽ ഉറ്റവരെ തിരയുകയാണ് പലരും.
റിക്ടര്‍ സ്‌കെയിലില്‍ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ഇതിനകം 2200 പേരാണ് മരിച്ചത്. പലരും ജീവിതത്തിനും മരണത്തിനും ഇടയിലൂടെയാണ് കടന്നുപോകുന്നതെന്ന് അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.
കുനാര്‍ പ്രവിശ്യയിലുണ്ടായ ഭൂകമ്പത്തില്‍ നിന്ന് രക്ഷപ്പെട്ട ഗുല്‍ റഹീമെന്നയാള്‍ക്ക് തന്റെ കുടുംബത്തിലെ 63 പേരെയാണ് നഷ്ടപ്പെട്ടതെന്നാണ് പറയുന്നത്. കൂട്ടത്തില്‍ തന്റെ അഞ്ച് വയസുള്ള മകളുമുണ്ടെന്നും ഗുല്‍ പറയുന്നു.
"ഉറങ്ങിക്കിടക്കുന്നതിനിടെ ആണ് അര്‍ധരാത്രി ഭൂമികുലുക്കം സംഭവിക്കുന്നത്. വീടുകളെല്ലാം തകര്‍ന്നു വീണു. പലരും ആര്‍ത്തു കരയുകയായിരുന്നു," തകര്‍ന്നു കിടക്കുന്ന തന്റെ വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നുകൊണ്ട് ഗുല്‍ പറഞ്ഞു.
ഞാന്‍ എങ്ങനെയോ രക്ഷപ്പെട്ടു. പക്ഷെ എന്റെ ഇളയ മകള്‍ അതിനകത്ത് പെട്ടു. എന്നെ രക്ഷിക്കൂ എന്ന് അവള്‍ എന്നോട് പറഞ്ഞ് കരഞ്ഞുകൊണ്ടിരുന്നു. ഞാന്‍ അവളുടെ അടുത്ത് എത്തിയപ്പോഴേക്കും അവള്‍ മരിച്ചുകഴിഞ്ഞിരുന്നു. പരിചയക്കാരും അയല്‍വാസികളുമായി നൂറിലേറെ പേരെങ്കിലും മരിച്ചിട്ടുണ്ടാകുമെന്നും ഗുല്‍ പറയുന്നു. മരിച്ചവരും പരിക്കേറ്റവരുമായി എണ്ണാവുന്നതിലധികം പേരുണ്ട്. രക്ഷപ്പെട്ടവരുടെയൊക്കെ ജീവിതം ഇനിയെന്താകുമെന്ന് അറിയില്ലെന്നും ഗുല്‍ പറയുന്നു.
സെപ്തംബര്‍ മൂന്നിനുണ്ടായ ഭൂകമ്പത്തില്‍ 6700 വീടുകളെങ്കിലും തകര്‍ന്നു പോയിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടന പറഞ്ഞത്. ഗുല്‍ അടക്കമുള്ള പലരും ടെന്റുകളിലാണ് താമസിക്കുന്നത്. കനത്ത മഞ്ഞ് വീഴ്ച കാരണം താമസിക്കാന്‍ പോലുമാവാത്ത സാഹചര്യമാണ് ചുറ്റിലും. തങ്ങള്‍ക്ക് സ്വന്തമായി ഇനിയൊന്നും ബാക്കിയില്ലെന്ന സാഹചര്യത്തിലാണ് അഫ്ഗാനിലെ ഭൂകമ്പത്തിനിരയായ മനുഷ്യര്‍ ജീവിക്കുന്നത് പോലും.