20 വര്‍ഷത്തിന് ശേഷം ബംഗ്ലാദേശില്‍ അധികാരത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ബിഎന്‍പി. പാര്‍ട്ടി ചെയര്‍മാന്‍ താരിഖ് റഹ്‌മാന്‍ ബംഗ്ലാദേശിന്റെ അടുത്ത പ്രധാനമന്ത്രിയാകും. യുകെയില്‍ നിന്ന് 17 വര്‍ഷത്തിന് ശേഷമാണ് താരിഖ് മടങ്ങിവന്നത്. തുടര്‍ന്ന് ധാക്ക-17ലും ബോഗുര-6ലും മത്സരിച്ച് രണ്ടിടങ്ങളിലും വിജയിക്കുകയും ചെയ്തു.
298 സീറ്റുകളില്‍ 292 സീറ്റുകളിലും ബിഎന്‍പി മത്സരിച്ചിരുന്നു. ബാക്കി സീറ്റുകളില്‍ സഖ്യമുള്ള ചെറുപാര്‍ട്ടികളാണ് മത്സരിച്ചത്. 18 മാസങ്ങള്‍ക്ക് ശേഷമാണ് ബംഗ്ലാദേശ് ആദ്യ പൊതുതെരഞ്ഞെടുപ്പിനെ നേരിട്ടത്. ഖാലിദ സിയയുടെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയും, തീവ്ര ഇസ്ലാമിസ്റ്റ് കക്ഷിയായ ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമി നേതൃത്വം നല്‍കിയ മുന്നണിയും തമ്മിലായിരുന്നു മത്സരം. ജൂലൈ വിപ്ലവത്തെ നയിച്ച നാഷണലിസ്റ്റ് സിറ്റിസണ്‍ പാര്‍ട്ടി അടക്കം 11 പാര്‍ട്ടികളുടെ ജമാഅത്തെ സഖ്യം ബഹുദൂരം പിന്നിലാക്കപ്പെട്ടു.
തെരഞ്ഞെടുപ്പ് വിജയത്തില്‍ ആഹ്ലാദപ്രകടനങ്ങളോ യോഗങ്ങളോ ഇല്ലെന്ന് ബിഎന്‍പി അറിയിച്ചിട്ടുണ്ട്. രാജ്യവ്യാപകമായി യോഗം നടത്തുമെന്നും പാര്‍ട്ടി അറിയിച്ചു. അതേസമയം മൂന്ന് സീറ്റുകളിലെ ഫലം മാറ്റിവച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്.
ഔദ്യോഗിക ഫല പ്രഖ്യാപനത്തിന് മുന്‍പ് തന്നെ താരിഖ് റഹ്‌മാന്‍ ബംഗ്ലാദേശിന്റെ അടുത്ത പ്രധാനമന്ത്രിയാകുമെന്ന് പ്രഖ്യാപനം വന്നു. 17 വര്‍ഷം മുന്‍പ് ആരോപണങ്ങളുടെ ചുഴിക്കുള്ളില്‍പ്പെട്ട്, സ്വയം നാടുകടത്തിയ ബംഗ്ലാദേശിന്റെ ഡാര്‍ക്ക് പ്രിന്‍സ്, മുന്‍ പ്രധാനമന്ത്രിമാരായ ഖാലിദ സിയയുടെയും, സിയാവുള്‍ റഹ്‌മാന്റെയും മകനായ, താരിഖ് റഹ്‌മാന്‍ ബംഗ്ലാദേശ് രാഷ്ട്രീയത്തില്‍ ബിഎന്‍പിയെ പുനഃസ്ഥാപിച്ചു.
സര്‍ക്കാര്‍ ജോലികളില്‍ ക്വാട്ട പരിഷ്‌കരണമാവശ്യപ്പെട്ട് 2024 ഫെബ്രുവരിയില്‍ ബംഗ്ലാദേശില്‍ ഉയര്‍ന്ന വിദ്യാര്‍ഥി പ്രക്ഷോഭമാണ് ഒരുകാലത്ത് ബംഗ്ലാദേശിന്റെ ഉരുക്കുവനിതയെന്ന് അറിയപ്പെട്ടിരുന്ന ഷെയ്ഖ് ഹസീനയെ സ്ഥാനഭ്രഷ്ടയാക്കുന്നതിലേക്ക് നയിച്ചത്. ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് തെരഞ്ഞെടുപ്പ് ചിത്രത്തില്‍ തന്നെയില്ലാതിരുന്ന തെരഞ്ഞെടുപ്പ് കൂടിയാണിത്.
താരിഖ് റഹ്‌മാന്റെയും ബിഎന്‍പിയുടെയും ചരിത്ര വിജയത്തില്‍ അഭിനന്ദനം അറിയിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ജനാധിപത്യ- പുരോഗമന ബംഗ്ലാദേശിന് ഇന്ത്യ നല്‍കി വരുന്ന പിന്തുണ തുടരുമെന്ന് ആശംസാസന്ദേശത്തില്‍ കുറിച്ചു. യുഎസ് എംബസിയും, പാക് സര്‍ക്കാരും പുതിയ സര്‍ക്കാരുമായുള്ള ഭാവി സഹകരണത്തില്‍ പ്രത്യാശ പ്രകടിപ്പിച്ചു.