ന്യൂഡല്‍ഹി: ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം അവസാനിപ്പിച്ചത് താനാണെന്നും തന്റെ ഇടപെടലാണെന്നും അവസരം കിട്ടുമ്പോഴെല്ലാം ആവര്‍ത്തിച്ചു പറയുന്ന വ്യക്തിയാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇപ്പോള്‍ ചൈന കൂടി ഇതേ അവകാശവാദമുന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ്.
മൂന്നാം കക്ഷിയുടെ ഇടപെടല്‍ ഇല്ലെന്ന് ഇന്ത്യ ആവര്‍ത്തിക്കുന്നതിനിടെയാണ് അമേരിക്കയ്ക്കു പുറമെ ചൈനയും സമാന അവകാശവാദം ഉന്നയിക്കുന്നത്. വടക്കന്‍ മ്യാന്‍മറിലെ സംഘര്‍ഷങ്ങള്‍, കംബോഡിയയും തായ്ലന്‍ഡും തമ്മിലുള്ള സംഘര്‍ഷം, ഇറാനിയന്‍ ആണവ പ്രശ്‌നം എന്നിവയുള്‍പ്പെടെയുള്ള ആഗോള സംഘര്‍ഷങ്ങള്‍ക്കുള്ള സമാധാന ചര്‍ച്ചാ കേന്ദ്രം ബീജിങ് ആയിരുന്നുവെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രി പറയുന്നത്.
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഇതുവരെ ഉണ്ടായിട്ടില്ലാത്ത വിധം, ഈ വര്‍ഷം പ്രാദേശിക യുദ്ധങ്ങളും അതിര്‍ത്തി കടന്നുള്ള സംഘര്‍ഷങ്ങളും കൂടുതല്‍ തവണ പൊട്ടിപ്പുറപ്പെട്ടുവെന്ന് പറഞ്ഞ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി, സമാധാനത്തിനായി വസ്തുനിഷ്ഠവും നീതിയുക്തവുമായ നിലപാട് ചൈന സ്വീകരിച്ചുവെന്നും പറഞ്ഞു.
ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ ഉള്‍പ്പെടെ ചൈന ഇടപെട്ടുവെന്നാണ് വാങ് യീ പറയുന്നത്. കൂടാതെ, പലസ്തീന്‍ ഇസ്രായേല്‍ യുദ്ധത്തിലും ചൈന സമാധാനത്തിനായി മധ്യസ്ഥത വഹിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സൈനിക തലത്തിലുള്ള നേരിട്ടുള്ള ചര്‍ച്ചകളിലൂടെയാണ് മെയ് മാസത്തില്‍ നടന്ന സംഘര്‍ഷം അവസാനിപ്പിച്ചതെന്നാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്.
മേയ് 10-ന് ഇരുരാജ്യങ്ങളിലെയും മിലിട്ടറി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍മാര്‍ തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണത്തിലൂടെയാണ് വെടിനിര്‍ത്തല്‍ ധാരണയിലെത്തിയതെന്ന് ഇന്ത്യ സ്ഥിരീകരിച്ചിരുന്നു. സംഘര്‍ഷം അവസാനിപ്പിക്കുന്നതില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപോ അല്ലെങ്കില്‍ ചൈനയോ ഇടപെട്ടു എന്ന അവകാശവാദങ്ങളെ ഇന്ത്യ ശക്തമായി നിഷേധിക്കുകയും ചെയ്തിരുന്നു.