

ഇറാനിൽ ഭരണകൂട വിരുദ്ധ ജനകീയ പ്രക്ഷോഭം മൂന്നാം ദിനത്തിൽ. മൂന്ന് വർഷങ്ങൾക്കിടെ രാജ്യം കണ്ട ഏറ്റവും വലിയ പ്രക്ഷോഭമാണിത്. രാജ്യത്തെ രൂക്ഷമായ സാമ്പത്തിക തകർച്ചയ്ക്ക് പിന്നാലെ കച്ചവടക്കാർ അടക്കം സമരരംഗത്തേക്ക് എത്തിയിരുന്നു. ഇന്ന് ഭരണമാറ്റം ആവശ്യപ്പെടുന്ന തരത്തിലേക്ക് പ്രക്ഷോഭം വളരുന്നതായാണ് റിപ്പോർട്ടുകൾ.
ഒരു യുഎസ് ഡോളറിനെതിരെ 1.45 മില്യൺ റിയാലായി ഇറാനിയൻ കറൻസിയുടെ മൂല്യം ഇടിയുന്ന തരത്തിൽ രാജ്യത്തെ പണപ്പെരുപ്പ് നിരക്ക് ഉയർന്നതിന് പിന്നാലെ തെരുവുകളിൽ ജനരോഷം അണപൊട്ടിയൊഴുകി.ഒരു വർഷം കൊണ്ട് രാജ്യത്തെ ഭക്ഷ്യവില 70 ശതമാനം ഉയർന്നു. മരുന്നുകളടക്കം അവശ്യസാധനങ്ങളുടെ വിലയും കുതിപ്പിലാണ്. കഴിഞ്ഞ ജൂണിൽ ഇസ്രയേലുമായി നടന്ന 12 ദിനയുദ്ധം, അമേരിക്കൻ ഉപരോധങ്ങൾ, എണ്ണ വരുമാനത്തിലുണ്ടായ കുറവ്, കെടുകാര്യസ്ഥത തുടങ്ങിയ ഘടകങ്ങളാണ് ഇറാന്‍റെ സമ്പദ് വ്യവസ്ഥയെ തകർച്ചയുടെ പടുകുഴിയിലേക്ക് എത്തിച്ചത്.
പ്രക്ഷോഭങ്ങൾ ശക്തമായതോടെ സെൻട്രൽ ബാങ്ക് ഗവർണർ സ്ഥാനം രാജിവെച്ചു. ടെഹ്റാനിലെ മൊബൈൽ ഫോൺ വിപണികളിലെയും ഗ്രാൻഡ് ബസാറുകളുലെയും വ്യാപാരികൾ ഡിസംബർ 28 ന് സമരത്തിലേക്കിറങ്ങി. പിന്നാലെ വ്യവസായ മേഖല ഒന്നടങ്കം പ്രക്ഷോഭത്തിലേക്ക് വന്നു. തലസ്ഥാനമായ ടെഹ്റാനിലെ മറ്റു മേഖലകളും കടന്ന് ഹംദാൻ, ഇസ്ഫഹാൻ, ഷിറാസ്, മഷാദ്, അഹ്വാസ്, മലാർദ്, ഖെഷ്മ് തുടങ്ങിയ ഇടങ്ങളിലേക്കും പ്രക്ഷോഭം വ്യാപിച്ചു.
ഡിസംബർ 30 ഓടെ പ്രക്ഷോഭം സർവകലാശാലകളിലേക്ക് പടർന്നു. കടയുടമകളും വ്യാപാരികളും വിദ്യാർത്ഥികളും തൊഴിലാളികളും അടക്കം സമസ്തമേഖലയിലെയും ജനങ്ങൾ സമരത്തിലേക്ക് വന്നതോടെ ഇറാന്‍റെ വ്യാപാരമേഖല ഒട്ടാകെ സ്തംഭിച്ചു. പ്രാരംഭഘട്ടത്തിൽ സാമ്പത്തിക വിഷയങ്ങൾ ഉയർത്തിയ പ്രക്ഷോഭത്തിൽ വളരെ വേഗം രാഷ്ട്രീയ മുദ്രാവാക്യങ്ങൾ ഉയർന്നു. ഏകാധിപതിക്ക് മരണം, ഇത് അന്തിമ യുദ്ധം തുടങ്ങി ആയത്തൊള്ള അലി ഖമനെയ്ക്കും ഇറാനിലെ ഇസ്ലാമിക ഭരണകൂടത്തിനും എതിരായ മുദ്രാവാക്യങ്ങൾ പ്രക്ഷോഭത്തിനിടെ മുഴങ്ങാൻ തുടങ്ങി.
ആദ്യം മുതൽ പ്രക്ഷോഭത്തെ അടിച്ചമർത്താനുള്ള ശ്രമമാണ് ഇറാനിയൻ ഭരണകൂടം നടത്തിയത്. സുരക്ഷാ സേനകൾ പ്രക്ഷോഭക്കാരുമായി ഏറ്റുമുട്ടി. ഹംദാനിൽ പ്രക്ഷോഭകർക്ക് നേരെ പൊലീസ് വെടിയുതിർക്കുന്നതിൻ്റെ ദൃശ്യങ്ങളും പുറത്തു വന്നു.പ്രസിഡന്‍റ് മസൂദ് പെസെഷ്കിയാൻ പൊലീസിനെ അടക്കം ഉപയോഗിച്ച് പ്രക്ഷോഭത്തെ അമർച്ച ചെയ്യാൻ നോക്കിയെങ്കിലും പിന്നീട് നിലപാടിൽ അയവു വരുത്തി. പ്രക്ഷോഭക്കാരുടെ പ്രശ്നങ്ങൾ അവരുടെ പ്രതിനിധികളുമായി ചർച്ച ചെയ്യാനും അവ പരിഹരിക്കാൻ സാധ്യമായതെല്ലാം ചെയ്യാനും ആഭ്യന്തര മന്ത്രിയോട് നിർദേശിച്ചതായി പെസെഷ്കിയാൻ പറഞ്ഞതായി ഇറാന്‍റെ ഔദ്യോഗിക മാധ്യമം റിപ്പോർട്ട് ചെയ്തു .
അതേസമയം, പ്രക്ഷോഭം വൈദേശിക ശക്തികളുടെ സൃഷ്ടിയാണെന്ന് ഭരണാനുകൂലികൾ ആരോപിക്കുന്നു. അതേസമയം 2022 ലെ സ്ത്രീയവകാശ പ്രക്ഷോഭങ്ങൾക്ക് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ ജനകീയ സമരമാണ് ഇപ്പോൾ ഇറാനിൽ നടക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.