ഗാസയിലെ മാധ്യമപ്രവർത്തകർ ഉപ്പ് കലക്കിയ വെള്ളം കുടിക്കുന്നു Source: X/ @iamSaharEmami
WORLD

"ഞങ്ങൾ വിശപ്പിൽ മുങ്ങുകയാണ്, ക്ഷീണത്താൽ വിറയ്ക്കുകയാണ്"; ഗാസയിലെ മാധ്യമപ്രവർത്തകരെ സംരക്ഷിക്കാൻ ആഗോളതലത്തിൽ നടപടി ആവശ്യപ്പെട്ട് അൽ ജസീറ

ഗാസയിൽ പട്ടിണിമരണങ്ങൾ വർധിക്കുന്നതിനിടെയാണ് മാധ്യമപ്രവർത്തകരേയും ഇസ്രയേൽ മനഃപൂർവം പട്ടിണിക്കിടുകയാണെന്ന വാർത്ത പുറത്തുവരുന്നത്

Author : ന്യൂസ് ഡെസ്ക്

ഗാസയിലെ മാധ്യമപ്രവർത്തകരെ ഇസ്രയേൽ മനഃപൂർവം പട്ടിണിക്കിടുന്നതായി റിപ്പോർട്ട്. മാധ്യമപ്രവത്തകർക്കെതിരായ കുറ്റകൃത്യങ്ങൾ തടയാനായി ആഗോളതലത്തിൽ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് അന്താരാഷ്ട്ര മാധ്യമമായ അൽജസീറ. പത്രപ്രവർത്തക സമൂഹവും, പത്രസ്വാതന്ത്ര്യ സംഘടനകളും, നിയമ സ്ഥാപനങ്ങളും വിഷയത്തിൽ ഇടപെടണമെന്നാണ് അൽ ജസീറയുടെ ആവശ്യം.

ഗാസയിൽ പട്ടിണിമരണങ്ങൾ വർധിക്കുന്നതിനിടെയാണ് മാധ്യമപ്രവർത്തകരേയും ഇസ്രയേൽ മനഃപൂർവം പട്ടിണിക്കിടുകയാണെന്ന വാർത്ത പുറത്തുവരുന്നത്. ഇസ്രയേൽ-ഗാസ സംഘർഷത്തിൻ്റെ കാണാപ്പുറം പുറത്തെത്തിക്കാനായി സ്വന്തം ജീവൻ പോലും പണയം വെച്ച് ജോലി ചെയ്യുകയാണ് ഗാസയിലെ മാധ്യമപ്രവർത്തകർ. എന്നാൽ ഇപ്പോൾ അവർ സ്വന്തം നിലനിൽപ്പിനായി പോരാടുകയാണെന്ന് അൽജസീറ റിപ്പോർട്ട് ചെയ്യുന്നു. "ജൂലൈ 19ന് അൽ ജസീറ പത്രപ്രവർത്തകർ സമൂഹമാധ്യമത്തിൽ ഹൃദയഭേദകമായ സന്ദേശങ്ങൾ പോസ്റ്റ് ചെയ്യാൻ തുടങ്ങി. ഗാസയിൽ അതിജീവിക്കാനുള്ള അവരുടെ കഴിവ് ക്ഷയിച്ചുവരുന്നതിൻ്റെ സൂചനയായിരുന്നു അത്,"- അൽ-ജസീറ റിപ്പോർട്ടിൽ പറയുന്നു.

“21 മാസത്തിനിടെ ഒരു നിമിഷം പോലും ഞാൻ വാർത്തകൾ നൽകുന്നത് നിർത്തിയിട്ടില്ല. എന്നാൽ പറഞ്ഞറിയിക്കാൻ കഴിയാത്ത വേദനയോടെ ഇന്ന് ഞാൻ അത് തുറന്നുപറയുന്നു. ഞാൻ വിശപ്പിൽ മുങ്ങുകയാണ്, ക്ഷീണത്താൽ വിറയ്ക്കുകയാണ്. ഓരോ നിമിഷവും എന്നെ പിന്തുടരുന്ന ബോധക്ഷയത്തെ ചെറുക്കുകയാണ്. ഗാസ മരിക്കുകയാണ്. ഒപ്പം ഞങ്ങളും,” ഗാസയിലെ അൽ ജസീറ അറബിക് ചാനൽ ലേഖകനായ അനസ് അൽ-ഷെരീഫിൻ്റെ സോഷ്യൽ മീഡിയ പോസ്റ്റ് ഇങ്ങനെയായിരുന്നു.

ഇതിനിടെ ഗാസയിലെ മാധ്യമപ്രവർത്തകർ വിശപ്പടക്കാനായി ഉപ്പ് കലക്കിയ വെള്ളം കുടിക്കുന്നതിൻ്റെ വീഡിയോ പുറത്തുവന്നിരുന്നു. ഭക്ഷണമില്ലാത്തതിനാൽ അൽ-അഖ്‌സ ആശുപത്രിയിലെ മാധ്യമപ്രവർത്തകർ വെള്ളവും ഉപ്പും കഴിക്കുന്നതിൻ്റെ വീഡിയോയാണ് പുറത്തുവന്നത്.

ഗാസയിലെ മാധ്യമപ്രവർത്തകരെ പിന്തുണക്കുന്നതിൽ പത്രപ്രവർത്തക സമൂഹത്തിനും ലോകത്തിനും വലിയ ഉത്തരവാദിത്തമുണ്ടെന്ന് അൽ ജസീറ മീഡിയ നെറ്റ്‌വർക്കിന്റെ ഡയറക്ടർ ജനറൽ മൊസ്തേഫ സൗഗ് അഭിപ്രായപ്പെട്ടു. ഇപ്പോൾ നടപടിയെടുക്കുന്നില്ലെങ്കിൽ, ഗാസയുടെ കഥകൾ പറയാനായി ഒരാൾ പോലും അവശേഷിക്കാത്ത ഒരു ഭാവിയിലേക്ക് നീങ്ങേണ്ടിവരും. നടപടിയെടുക്കാതിരുന്നാൽ അത് സഹ പത്രപ്രവർത്തകരെ സംരക്ഷിക്കുന്നതിലെ വലിയ പരാജയമായും ഓരോ പത്രപ്രവർത്തകനും ഉയർത്തിപ്പിടിക്കാൻ ശ്രമിക്കുന്ന തത്വങ്ങളോടുള്ള വഞ്ചനയായും ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2023 ഒക്ടോബർ മുതൽ അഞ്ച് അൽ-ജസീറ മാധ്യമപ്രവർത്തകരാണ് ഗാസയിലെ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. എന്നാൽ ഇസ്രയേൽ ഭീഷണികൾക്ക് വഴങ്ങാതെ ശക്തരായി പോരാട്ടം തുടരുകയാണ് തങ്ങളെന്ന് അൽജസീറ പറയുന്നു. ഗാസയിലെ സാധാരണ ജനങ്ങൾ അനുഭവിക്കുന്ന ക്രൂരത പുറത്തെത്തിക്കാൻ ആരുമില്ലാതെ പോകരുതെന്നും, മാധ്യമപ്രവർത്തകർക്കെതിരായ കുറ്റകൃത്യങ്ങൾ അവസാനിപ്പിക്കാൻ ബന്ധപ്പെട്ട അന്താരാഷ്ട്ര സംഘടനകൾ അടിയന്തര നടപടി സ്വീകരിക്കണമെന്നും അൽ ജസീറ മീഡിയ നെറ്റ്‌വർക്ക് ആവശ്യപ്പെടുന്നു.

SCROLL FOR NEXT